ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. വൻ വിജയങ്ങളും പരാജയങ്ങളും താൻ കണ്ടിട്ടുണ്ടെന്നും വിജയപരാജയങ്ങൾ മാത്രമല്ല, ആദർശങ്ങളും നയങ്ങളുമാണ് പ്രധാനമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. എല്ലാനിലക്കും തമിഴ്‌നാടിനെ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. വോട്ട് ചെയ്തവർക്കുവേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്കുംകൂടി വേണ്ടിയാണ് താൻ ഭരിച്ചതെന്നും അദ്ദേഹം കുറിച്ചു. വിജയികൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. കൊളത്തൂര്‍ മണ്ഡലത്തിൽ 9,000 വോട്ടുകൾക്കാണ് സ്റ്റാലിൻ തോറ്റത്.
പോസ്റ്റിന്‍റെ പൂർണ രൂപം: ജന വിധിയെ ഞങ്ങൾ അംഗീകരിക്കുകയും വണങ്ങുകയും ചെയ്യുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ!. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഞങ്ങൾ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുകയും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് സദ്ഭരണം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വിധത്തിലും ഞങ്ങൾ തമിഴ്‌നാടിനെ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത്, സര്‍ക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് മാത്രമാണ് ഞങ്ങൾ വോട്ട് തേടിയത്. ക്ഷേമ പദ്ധതികളുടെ തുടർച്ച് ഉറപ്പാക്കാൻ ഞങ്ങൾ പ്രചാരണം നടത്തി. ഡി.എം.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തെ പിന്തുണച്ചതും വോട്ട് ചെയ്തതുമായ തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങൾക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. വോട്ട് ചെയ്തവർക്കുവേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്കുവേണ്ടിയും ഞാൻ ഭരിച്ചു.
എല്ലാ ജനങ്ങളോടും ഞാൻ സത്യസന്ധനാണ്. എന്റെ മനസ്സാക്ഷിക്ക് അനുസൃതമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ എന്റെ ശക്തിക്കപ്പുറം അധ്വാനിച്ചു. എന്നെപ്പോലുള്ള വയലിൽ അധ്വാനിച്ച, എന്റെ ആത്മാവിൽ നിന്ന് വേർപെടുത്താനാവാത്ത നേതാവ് കരുണാനിധിയുടെ പ്രിയപ്പെട്ട സഖാക്കൾക്ക്, എന്റെ ഹൃദയത്തിൽ നിന്നുള്ള അഗാധമായ നന്ദി!
ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന സൗഹൃദ പ്രസ്ഥാനത്തിലെ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കും നന്ദി!
എന്റെ രാഷ്ട്രീയ പൊതുജീവിതത്തിൽ, ഞാൻ വലിയ വിജയങ്ങൾ കണ്ടിട്ടുണ്ട്; പരാജയങ്ങളും നേരിട്ടിട്ടുണ്ട്. അതിനാൽ, വിജയപരാജയങ്ങൾ മാത്രമല്ല, ആദർശങ്ങളും നയങ്ങളുമാണ് പ്രധാനം എന്ന ധാരണയോടെ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ, ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ രാഷ്ട്രീയ യാത്ര പതറാതെ തുടരും. ഇതുവരെ ജനങ്ങൾക്ക് മാതൃകാപരമായ ഒരു ഭരണകക്ഷിയായി പ്രവർത്തിച്ചിരുന്ന ഡി.എം.കെ ഇനി മുതൽ മാതൃകാപരമായ ഒരു പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.