കർണാടകയിൽ മയിലുകൾ ചത്ത സംഭവം; പക്ഷിപ്പനി സ്ഥിരീകരിച്ചു, അതീവ ജാഗ്രത

തുമകുരു: കർണാടകയിലെ തുമകുരു ജില്ലയിൽ ദേശീയ പക്ഷിയായ മയിലുകളിൽ എച്ച്5എൻ1 (H5N1) പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏപ്രിൽ 16നും 21നും ഇടയിലായി ജില്ലയിലെ വയലുകളിലും വനാതിർത്തികളിലുമായി 44ലധികം മയിലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഭോപ്പാലിലെ ഐ.സി.എ.ആർ-എൻ.ഐ.എച്ച്.എസ്.എഡി (ICAR-NIHSAD) ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് മയിലുകൾക്ക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തുമകുരു ജില്ലയെ പ്രത്യേക നിരീക്ഷണ മേഖലയാക്കി മാറ്റി. വൈറസ് ബാധ കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമുള്ള മൂന്ന് കിലോമീറ്റർ പ്രദേശം 'ഇൻഫെക്റ്റഡ് സോൺ' ആയും പത്ത് കിലോമീറ്റർ വരെ ദൂരം 'സർവൈലൻസ് സോൺ' ആയും പ്രഖ്യാപിച്ചു. ഇതിന്റെ പരിധിയിൽ വരുന്ന 38 ഗ്രാമങ്ങളിലെ ഇരുപതിനായിരത്തോളം താമസക്കാരെ ആരോഗ്യപ്രവർത്തകർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.

പനി, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താനായി പ്രത്യേക മെഡിക്കൽ ടീമുകൾ രൂപീകരിച്ചു. കൊക്കരെബെല്ലൂർ കമ്മ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള പക്ഷിസങ്കേതങ്ങളിലും വനമേഖലകളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരിലേക്ക് പകരുമോ?

സാധാരണഗതിയിൽ മനുഷ്യരിൽ പക്ഷിപ്പനി ബാധിക്കുന്നത് അപൂർവ്വമാണെങ്കിലും, രോഗബാധയേറ്റാൽ അത് അതീവ ഗുരുതരമാകാൻ സാധ്യതയുണ്ട്. പനി, ചുമ, തൊണ്ടവേദന, ദേഹവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിലേക്കും ന്യൂമോണിയയിലേക്കും ഇത് വേഗത്തിൽ മാറിയേക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ നേരിട്ട് സമ്പർക്കം പുലർത്തുന്നവർക്കാണ് രോഗസാധ്യത കൂടുതൽ.

പൊതുജനങ്ങൾ ശ്രദ്ധിക്കാൻ

രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ തൊടരുത്. പക്ഷികളുടെ അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കുക. പൗൾട്രി ഉൽപ്പന്നങ്ങളും മുട്ടയും നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകി ശുചിത്വം പാലിക്കുക. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വന്യജീവികളുടെ ആരോഗ്യം മനുഷ്യരുടെ സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ സംഭവം.

Tags:    
News Summary - H5N1 bird flu detected in Karnataka: What the Peacock deaths mean for human health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.