ഭബാനിപുരിലെ 'ക്ലീൻ സ്വീപ്പ്': യു.പിയിലേക്ക് കണ്ണ് നട്ട് ബി.ജെ.പി, മമതക്ക് ശേഷം അടുത്ത ലക്ഷ‍്യം അഖിലേഷ് യാദവെന്ന് സുവേന്ദു അധികാരി

ന്യൂഡൽഹി: ബി.ജെ.പിയുടെ അടുത്ത ലക്ഷ‍്യം 2027ലെ ഉത്തർപ്രദേശ് നിയമസഭ തെരെഞ്ഞെടുപ്പെന്ന് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ ഭബാനിപുരിലും നന്ദിഗ്രാമിലും കൈവരിച്ച ചരിത്ര വിജയങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "മമത ബാനർജി, തേജസ്വി യാദവ്, രാഹുൽ ഗാന്ധി എന്നിവർ പൂർത്തിയായി ഇനി അടുത്തത് അഖിലേഷ് യാദവ്" സമാജ്‌വാദി പാർട്ടി അധ്യക്ഷനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ബി.ജെ.പിയുടെ പ്രധാന വെല്ലുവിളി അഖിലേഷായിരിക്കും.

ബംഗാളിൽ രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകർക്ക് ആദരാഞ്ജലികൾ അർപ്പിക്കവെ മുഖ്യമന്ത്രി മമത ബാനർജിയുടെ പതനം അനിവാര്യമാണെന്ന് സുവേന്ദു അധികാരി അറിയിച്ചു. "അവരുടെ രാഷ്ട്രീയ വനവാസം ആരംഭിച്ചു കഴിഞ്ഞു. 2021ൽ അവർക്ക് നന്ദിഗ്രാം നഷ്ടമായി ഇത്തവണ ഭവാനിപൂരിൽ 15,000ലധികം വോട്ടുകൾക്കാണ് അവർ പരാജയപ്പെട്ടത്" അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺഗ്രസ് ആം ആദ്മി പാർട്ടിയെപോലെ വൈകാതെ ഇല്ലാതാകും. അഴിമതി നിറഞ്ഞതും പ്രത്യയശാസ്ത്രമില്ലാത്തതുമായ പാർട്ടിയാണ് ടി.എം.സിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "നന്ദിഗ്രാമിലെ ഹിന്ദുക്കൾ എന്നെ വീണ്ടും വിജയിപ്പിച്ചു. അവിടെ മുസ്ലീം വോട്ടുകൾ മുഴുവൻ ടി.എം.സിക്കാണ് ലഭിച്ചത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതവിഭാഗങ്ങൾ എനിക്ക് വോട്ട് ചെയ്തു. ഇത് ഹിന്ദുത്വത്തിന്റെയും ബംഗാളിന്റെയും പ്രധാനമന്ത്രി മോദിയുടെയും വിജയമാണ്" അദ്ദേഹം പറഞ്ഞു. അതേ സമയം നിരവധി സി.പി.എം പ്രവർത്തകരുടെ വോട്ട് തനിക്ക് ലഭിച്ചെന്നും നിരവധി ടി.എം.സി എം.പിമാരും പ്രവർത്തകരും വൈകാതെ ബി.ജെ.പിയിൽ ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ച് വർഷം മുമ്പ് നന്ദിഗ്രാമിൽ നടന്നതിന് സമാനമായ നാടകീയമായ പോരാട്ടത്തിൽ 15,105 വോട്ടുകൾക്കാണ് സുവേന്ദു അധികാരി മമത ബാനർജിയെ ഭബാനിപുരിൽ പരാജയപ്പെടുത്തിയത്. 

Tags:    
News Summary - After Bhabanipur 'Clean Sweep', BJP sets its sights on Uttar Pradesh; Suvendu Adhikari declares Akhilesh Yadav as the next target following Mamata Banerjee.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.