ചെറുപാർട്ടികളുടെ പിന്തുണയോടെ തമിഴകത്ത് സർക്കാർ രൂപീകരിക്കാൻ വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 107 സീറ്റുമായി സൂപ്പർഹിറ്റ് അരങ്ങേറ്റം കുറിച്ച വിജയ് സർക്കാർ രൂപീകരിക്കാൻ ചെറുകക്ഷികളുടെ പിന്തുണ തേടുന്നു. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റ് ലഭിക്കണം. നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും വിജയിയുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടി.വി.കെ) ഭൂരിപക്ഷത്തിന് 11 പേരുടെ പിന്തുണ കൂടി ലഭിക്കണം. ഈ സാഹചര്യത്തിലാണ് ചെറുകക്ഷികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ വിജയ് ശ്രമിക്കുന്നത്.

ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ടിവികെയെ ക്ഷണിക്കാൻ സാധ്യതയുണ്ട്. ഭരണത്തിലിരുന്ന സ്റ്റാലിന്റെ ഡി.എം.കെയെ വിജയ് നേരത്തെ തന്നെ എതിരാളിയായി പ്രഖ്യാപിച്ചതാണ്. തന്റെ പ്രത്യയശാസ്ത്ര എതിരാളിയായി വിശേഷിപ്പിച്ച ബി.ജെ.പിയുമായി സഖ്യത്തിലുള്ള എ.ഐ.എ.ഡി.എം.കെയുമായും സഖ്യത്തിന് സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ചെറുകക്ഷികളുടെ പിന്തുണ തേടുന്നത്. സർക്കാർ രൂപീകരിക്കാൻ പുറത്തുനിന്നുള്ള പിന്തുണ ലഭിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ ആത്മവിശ്വാസം. ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡി.എം.കെ) സഖ്യത്തിലിരിക്കുന്ന പാർട്ടികളിൽ നിന്നുള്ള പിന്തുണ തേടാനാണ് ആദ്യ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ.

കോൺഗ്രസിന്റെ പിന്തുണ വിജയ് പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ്, തിരഞ്ഞെടുപ്പിന് മുമ്പ് ടി.വി.കെയുമായി സഖ്യ സാധ്യത അന്വേഷിച്ചിരുന്നു. ഡി.എം.കെയിൽ നിന്ന് കൂടുതൽ സീറ്റ് വിഹിതം നേടുന്നതിന് അത് ഉപയോഗപ്പെടുത്തുകയും ചെയ്തു. ഡി.എം.കെയുടെ കൂടെ നിന്ന ഈ കക്ഷികൾ അടക്കമുള്ളവരെ അടർത്തിമാറ്റാനാണ് ടി.വി.കെയുടെ നീക്കം. അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ്, രണ്ട് സീറ്റുകൾ വീതം ലഭിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സി.പി.എം), വിടുതലൈ ചിരുതൈഗൽ കച്ചി (വി.സി.കെ) തുടങ്ങിയവരുടെ പിന്തുണ ലഭിച്ചാൽ ടി.വി.കെക്ക് സർക്കാർ രൂപീകരിക്കാം.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ഇടത് നേതാക്കളെ വിജയ് പുകഴ്ത്തി സംസാരിച്ചിരുന്നു. ഈ നീക്കമൊന്നും വിജയിച്ചില്ലെങ്കിൽ മാത്രമാകും എ.ഐ.എ.ഡി.എം.കെയുമായി കൈകോർക്കാൻ ടി.വി.കെ തയാറാകുക. വിജയ്‌യുടെ മുന്നേറ്റം തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനയാണ്.2006-ൽ ഡി.എം.കെ പുറത്തുനിന്നുള്ള പിന്തുണയോടെയായിരുന്നു സർക്കാർ രൂപീകരിച്ചിരുന്നത്. അഞ്ച് സീറ്റുകൾ കൈവശം വച്ചിരിക്കുന്ന പട്ടാലി മക്കൾ കച്ചി (പി.എം.കെ) യുടെ പിന്തുണയാണ് ടി.വി.കെക്കുള്ള മറ്റൊരു സാധ്യത.

Tags:    
News Summary - vijay-makes-superhit-debut-but-can-tvk-stitch-numbers-to-form-government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.