ദലിത് സ്ത്രീ തയാറാക്കുന്ന ഭക്ഷണം കുട്ടികൾക്ക് വേണ്ട; ദലിത് ആയയെ നിയമിച്ചതോടെ കുട്ടികളെ അംഗൻവാടിയിൽ അയക്കാതെ രക്ഷിതാക്കൾ

കേന്ദ്രപാദ: ദലിത് ആയയെ നിയമിച്ചതോടെ കുട്ടികളെ അംഗൻവാടിയിലേക്ക് വിടാതെ രക്ഷിതാക്കൾ. ഒഡീഷയിലെ കേന്ദ്രപാദ ജില്ലയിലാണ് സംഭവം. നവംബർ 20 ന് നുവാഗോൺ ഗ്രാമത്തിലെ അംഗൻവാടി കേന്ദ്രത്തിൽ 21 വയസ്സുള്ള ശർമിഷ്ട സേഥിക്ക് സഹായിയായി നിയമനം ലഭിച്ചത്. ഇതോടെ, ഗ്രാമവാസികൾ കുട്ടികളെ അംഗൻവാടിയിലേക്ക് അയക്കുന്നത് നിർത്തുകയായിരുന്നു.

ബിരുദധാരിയായ ശർമിഷ്ട മാത്രമാണ് ഗ്രാമത്തിൽ നിന്ന് ഈ ജോലിക്ക് അപേക്ഷിച്ചത്. പ്രതിമാസം 5,000 രൂപയാണ് ശമ്പളം. കുട്ടികൾക്ക് പാചകം ചെയ്യരുതെന്ന് ചില ഉയർന്ന ജാതിക്കാരായ ഗ്രാമവാസികൾ തന്നെ താക്കീത് ചെയ്തെന്നും അനുസരിക്കാൻ വിസമ്മതിച്ചപ്പോൾ അവർ കുട്ടികളെ അയക്കുന്നത് നിർത്തിയെന്നും ശർമിഷ്ട പറയുന്നു. ഗ്രാമത്തിലെ പലരും ശർമിഷ്ടയുടെ നിയമനത്തിൽ അസ്വസ്ഥരാണെന്നാണ് മറ്റൊരു അംഗൻവാടി ജീവനക്കാരിയായ ലിസാരാണി പാണ്ഡവ് പറഞ്ഞത്.

'പല കുട്ടികളും വരുന്നില്ല, രണ്ട് മാതാപിതാക്കൾ മാത്രമാണ് വീട്ടിലേക്ക് റേഷൻ കൊണ്ടുപോകുന്നത്. മുലയൂട്ടുന്ന അമ്മമാർ പോലും റേഷൻ വാങ്ങുന്നത് നിർത്തി' -ലിസാരാണി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. താനും ശർമിഷ്ടയും മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ലിസാരാണി പറഞ്ഞു. ഒടുവിൽ ഉന്നത അധികാരികൾക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു.

ഏഴ് ദലിത് കുടുംബങ്ങൾ ഉൾപ്പെടെ ഏകദേശം 45 കുടുംബങ്ങൾ ഗ്രാമത്തിൽ താമസിക്കുന്നു. ലിസാരാണി പാണ്ഡവ് ഉയർന്ന ജാതിയിൽപ്പെട്ട ജീവനക്കാരിയാണ്. ഒരു ദലിത് സ്ത്രീ തയാറാക്കുന്ന ഭക്ഷണം തങ്ങളുടെ കുട്ടികൾക്ക് വേണ്ടെന്ന് പല മാതാപിതാക്കളും പറഞ്ഞു. ദലിത് കുടുംബങ്ങൾ ഉൾപ്പെടെയുള്ള കുടുംബങ്ങളോട് കുട്ടികളെ കേന്ദ്രത്തിലേക്ക് അയക്കരുതെന്ന് ഗ്രാമ കമ്മിറ്റി തലവൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്.

ഉദ്യോഗസ്ഥർ ഗ്രാമവാസികളുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചതായി കേന്ദ്രപാദ ശിശു വികസന പദ്ധതി ഓഫിസർ (സി.ഡി.പി.ഒ) ദീപാലി മിശ്ര പറഞ്ഞു. ചില മാതാപിതാക്കൾ കുട്ടികളെ അയക്കാൻ സമ്മതിച്ചിട്ടുണ്ടെന്നും മറ്റുള്ളവർ തീരുമാനമെടുക്കാൻ മൂന്ന് ദിവസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു.  

Tags:    
News Summary - Anganwadi in Odisha hired a Dalit cook. Then came boycott from parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.