പ്രതീകാത്മക ചിത്രം
രാവിലെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു, വിശപ്പില്ലാത്തതുകൊണ്ട് ഉച്ചഭക്ഷണം വേണ്ടെന്നു വെക്കുന്നു, രാത്രിയിൽ പേരിന് മാത്രം എന്തെങ്കിലും കഴിക്കുന്നു. ഇത് പലരുടെയും ശീലമായി മാറിയിട്ടുണ്ട്. കുറച്ചു കഴിക്കുന്നത് നല്ലതാണെന്ന തെറ്റായ ധാരണ പലരിലുമുണ്ടെങ്കിലും, വിശപ്പ് കുറയുന്നത് ശരീരത്തിന്റെ ഗൗരവകരമായ ചില സൂചനകളാവാം.
വിശപ്പ് കുറയുന്നതിന് പിന്നിൽ ശാരീരികവും മാനസികവുമായ പല കാരണങ്ങളുണ്ടാകാം. പ്രായമാകുമ്പോൾ മെറ്റബോളിസം കുറയുന്നതും ഹോർമോൺ വ്യതിയാനങ്ങളും വിശപ്പ് കുറക്കാം. ഉത്കണ്ഠ, വിഷാദം, മാനസിക പിരിമുറുക്കം എന്നിവ തലച്ചോറിലെ വിശപ്പിന്റെ സിഗ്നലുകളെ തടയുന്നു. ദഹനപ്രശ്നങ്ങൾ, അണുബാധകൾ, ലിവർ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം തുടങ്ങിയവ വിശപ്പിനെ ബാധിക്കാം. കൃത്യമല്ലാത്ത ഭക്ഷണസമയം, ഉറക്കമില്ലായ്മ, അമിതമായ ഫോൺ ഉപയോഗം എന്നിവ ശരീരത്തിന്റെ സ്വാഭാവിക താളത്തെ തെറ്റിക്കുന്നു.
വിശപ്പില്ലാത്തതിനാൽ ഭക്ഷണം ഒഴിവാക്കുന്നത് തുടർന്നാൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. വിറ്റാമിനുകളുടെയും മിനറലുകളുടെയും കുറവ് മൂലം പെട്ടെന്ന് തളർച്ച അനുഭവപ്പെടും. രോഗങ്ങളെ തടയാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാകുന്നു. അമിതമായി ഭാരം കുറയുന്നതിനൊപ്പം പേശികളുടെ ബലം കുറയുകയും നടത്തത്തിനും മറ്റും പ്രയാസം നേരിടുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാതെ വരുമ്പോൾ, നിലവിലുള്ള ഊർജ്ജം സംരക്ഷിക്കാനായി ശരീരം മെറ്റബോളിസം പതുക്കെയാക്കുന്നു. ഇത് പിന്നീട് സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ ദഹനം മന്ദഗതിയിലാകാനും ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകും.
നിർബന്ധിച്ച് ഭക്ഷണം കഴിക്കുന്നതിന് പകരം ആരോഗ്യകരമായ ശീലങ്ങളിലൂടെ വിശപ്പ് തിരികെ കൊണ്ടുവരാം. ഒന്നിച്ച് വലിയ അളവിൽ കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പലതവണയായി കഴിക്കുക. പരിപ്പുവർഗ്ഗങ്ങൾ, മുട്ട, പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ലഘുവായ നടത്തമോ വ്യായാമമോ വിശപ്പ് ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇഞ്ചി, പുതിന തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാക്കും.
തുടർച്ചയായി ഒരാഴ്ചയിൽ കൂടുതൽ വിശപ്പില്ലായ്മ അനുഭവപ്പെടുക, കാരണമില്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുക, അമിതമായ തളർച്ച, ഛർദ്ദി, ഭക്ഷണം ഇറക്കാൻ പ്രയാസം എന്നിവ അനുഭവപ്പെടുക, വയറുവേദനയോടൊപ്പം വിശപ്പില്ലായ്മ എന്നിവ വന്നാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കേണ്ടതാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിലനിർത്താൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.