കടുത്ത വേനൽച്ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും കാരണം കനത്ത ചൂടിലൂടെയാണ് നാം കടന്നുപോകുന്നത്. ചൂടിൽനിന്ന് താൽക്കാലിക ആശ്വാസം നേടാൻ പലരും തണുത്ത ഭക്ഷണ പദാർഥങ്ങളെ ആശ്രയിക്കുന്നു. ഐസ്‌ക്രീമുകൾ, തണുത്ത പാനീയങ്ങൾ, പാക്കറ്റ് ജ്യൂസുകൾ എന്നിവയാണ് പലരും കനത്ത ചൂടിൽനിന്ന് ശരീരത്തെ തണുപ്പിക്കാൻ കഴിക്കുന്നത്. എന്നാൽ, ഇത്തരം ഭക്ഷണങ്ങളും പാനീയങ്ങളും ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് പ്രശസ്ത ലൈഫ്സ്റ്റൈൽ വിദഗ്ധൻ ലൂക്ക് കുടീഞ്ഞോ പറയുന്നു.
ഇവ വായ്ക്കുള്ളിൽ മാത്രമാണ് താൽകാലികമായി തണുപ്പ് നൽകുന്നത്, ശരീരത്തിനല്ല. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടാകുകയും, ലവണങ്ങളുടെ അളവ് കൃത്യമായി നിലനിൽക്കുകയും, ദഹനം സുഗമമാകുകയും ചെയ്യുമ്പോൾ മാത്രമേ ശരീരം പ്രകൃതിദത്തമായി തണുക്കുകയുള്ളൂ. ഇതിനായി കൃത്യമായ ഉറക്കവും വിശ്രമവും ആവശ്യമാണ്. ഒപ്പം അമിതമായി മധുരമടങ്ങിയതും കൃത്രിമവുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.
വേനൽക്കാലത്തെ അമിതമായ ചൂട് നമ്മുടെ ശരീരത്തെ പല രീതിയിലാണ് ബാധിക്കുന്നത്. ദഹനക്കുറവ്, ഉറക്കമില്ലായ്മ, ചർമത്തിലുണ്ടാകുന്ന അലർജികൾ, തലവേദന, അമിതമായ ക്ഷീണം, ദേഷ്യം, നിർജ്ജലീകരണം, വിശപ്പില്ലായ്മ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ, ഇതിനെ പ്രതിരോധിക്കാൻ ശരീരം സ്വയം നടത്തുന്ന പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് പകരം, കൃത്രിമ മാർഗങ്ങളെ മാത്രം ആശ്രയിക്കുന്നതാണ് നമ്മൾ വരുത്തുന്ന ഏറ്റവും വലിയ തെറ്റെന്ന് ലൂക്ക് കുട്ടീഞ്ഞോ വ്യക്തമാക്കുന്നു.
വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന നമ്മുടെത്തന്നെ അടുക്കളയിൽ സുലഭമായ അഞ്ച് നാടൻ ഭക്ഷണ പദാർഥങ്ങളേയും അദ്ദേഹം നിർദേശിക്കുന്നു..
ധാരാളം ജലാംശം അടങ്ങിയ വെള്ളരിക്ക വേനൽക്കാലത്ത് കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്. 95 ശതമാനത്തോളം വെള്ളം അടങ്ങിയിട്ടുള്ള വെള്ളരിക്ക ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
പ്രകൃതിദത്ത ഇലക്‌ട്രോലൈറ്റുൾ അഥവാ ലവണങ്ങളാൽ സമ്പന്നമാണ് കരിക്കിൻ വെള്ളം. ഇത് നിർജ്ജലീകരണം തടയുകയും ശരീരത്തിന് പെട്ടെന്നുതന്നെ ഉന്മേഷവും തണുപ്പും പകരുകയും ചെയ്യുന്നു.
ഏതാണ്ട് 90 ശതമാനവും ജലാംശം മാത്രമുള്ള തണ്ണിമത്തൻ ശരീരത്തെ തണുപ്പിച്ചുനിർത്താൻ ഏറെ നല്ലതാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം വേനൽക്കാലത്ത് ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും.
മലയാളികളുടെ ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ദഹനപ്രക്രിയ സുഗമമാക്കാനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്.
പ്രകൃതിദത്തമായ തണുപ്പ് നൽകുന്ന ഔഷധഗുണമുള്ള ഒന്നാണ് പുതിനയില. ചൂട് കാരണമുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും പുതിന ഉപയോഗിക്കുന്നതുവഴി സാധ്യമാകും.
കൃത്രിമമായ തണുപ്പിൽനിന്ന് മാറി, പ്രകൃതിദത്തമായ ഇത്തരം ഭക്ഷണരീതികൾ ശീലമാക്കുന്നത് വഴി കനത്ത ചൂടിനെ ആരോഗ്യത്തോടെ മറികടക്കാൻ നമുക്ക് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.