പ്രതീകാത്മക ചിത്രം
ജനീവ: ലോകമെമ്പാടും പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്ന സുരക്ഷിതമല്ലാത്ത ഭക്ഷണത്തെക്കുറിച്ച് അതീവ ഗൗരവകരമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 2000 മുതൽ 2021 വരെയുള്ള 21 വർഷത്തെ 194 രാജ്യങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് യു.എൻ ആരോഗ്യ ഏജൻസി ഈ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് പ്രതിവർഷം 88.6 കോടി ആളുകൾ വിവിധ രോഗങ്ങൾക്ക് അടിമയാകുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. മറ്റ് പ്രായത്തിലുള്ളവരെ അപേക്ഷിച്ച് ഈ കുരുന്നുകൾക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണ്.
‘ഭക്ഷ്യസുരക്ഷ എന്നത് കേവലം ഒരു സാങ്കേതിക വിഷയമല്ല, അത് ഓരോ ദിവസവും നമ്മുടെ കുടുംബത്തെയും നമ്മൾ കഴിക്കുന്ന ഭക്ഷണത്തെയും നേരിട്ട് ബാധിക്കുന്ന കാര്യമാണ്’ എന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 2000ത്തിന് ശേഷം ഇത്തരം രോഗങ്ങൾ മൊത്തത്തിൽ കുറഞ്ഞിട്ടുണ്ടെങ്കിലും, പ്രാദേശികമായി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള ഭക്ഷണജന്യ രോഗങ്ങളിൽ നാലിൽ മൂന്ന് ഭാഗവും മരണങ്ങളിൽ 60 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലുമാണ്. ബാക്ടീരിയകളും വൈറസുകളും പോലുള്ള ജൈവിക ഘടകങ്ങളാണ് ഭൂരിഭാഗം രോഗങ്ങൾക്കും കാരണമെങ്കിലും, രാസവസ്തുക്കൾ കലർന്ന ഭക്ഷണം വലിയ മരണനിരക്കിന് കാരണമാകുന്നു. ഇതിൽ ആഴ്സനിക്, ലെഡ് വിഷബാധയാണ് പ്രധാന വില്ലന്മാർ.
ഭക്ഷ്യജന്യ രോഗങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ സാങ്കേതിക ഓഫീസർ യുകി മിനാറ്റോ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മലിനീകരണ സാധ്യത വർധിപ്പിക്കുന്നു, കൂടാതെ ആന്റിമൈക്രോബയൽ പ്രതിരോധം മൂലം ഈ രോഗങ്ങൾ ചികിത്സിക്കാൻ കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറിയിരിക്കുന്നു. ആരോഗ്യപരമായ പ്രത്യാഘാതങ്ങൾക്ക് പുറമെ, ഉൽപ്പാദനക്ഷമതയിലുണ്ടാകുന്ന കുറവ് മൂലം 2021ൽ മാത്രം 647 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ആഗോള സമ്പദ്‌വ്യവസ്ഥക്കുണ്ടായതെന്ന് പഠനം പറയുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നത് ലോകരാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.