പ്രതീകാത്മക ചിത്രം

കടകളിൽ നിന്ന് വാങ്ങുന്ന ദോശ മാവുകൾ സുരക്ഷിതമാണോ? ഭക്ഷ്യവിഷബാധയുടെ അപകടസാധ്യതകൾ ഇങ്ങനെ.....

കടകളിൽ നിന്ന് വാങ്ങുന്ന ദോശമാവ് ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെത്തുടർന്ന് അഹമ്മദാബാദിൽ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മരിക്കുകയും മാതാപിതാക്കൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. നഗരപ്രദേശങ്ങളിൽ ഇന്ന് സർവ്വസാധാരണമായ പാക്കറ്റ് ദോശമാവുകൾ പലപ്പോഴും ഭക്ഷ്യസുരക്ഷാ ഭീഷണികൾ ഉയർത്തുന്നുണ്ട്.

പാക്കറ്റുകളിലെ മാവ് നേരത്തെ തന്നെ പുളിപ്പിച്ചതായിരിക്കും. ഇത് കൂടുതൽ നേരം പുറത്തുവെക്കുകയോ വായുസമ്പർക്കം ഉണ്ടാവുകയോ ചെയ്താൽ പെട്ടെന്ന് ചീത്തയാകുകയും കഠിനമായ ഭക്ഷ്യവിഷബാധക്ക് കാരണമാവുകയും ചെയ്യും. മാവിലെ അന്നജവും ഈർപ്പവും ബാസില്ലസ് സിറിയസ് പോലുള്ള രോഗാണുക്കൾ വളരാൻ അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്. ഇത് ഗുരുതരമായ വയറുവേദനക്കും അണുബാധക്കും കാരണമായേക്കാം.

മാവ് കേടുകൂടാതെ ഇരിക്കാൻ പ്രിസർവേറ്റീവുകളും അസിഡിറ്റി റെഗുലേറ്ററുകളും ഇതിൽ ചേർക്കുന്നുണ്ട്. ഇത് ദഹനപ്രശ്നങ്ങൾക്കും അലർജിക്കും കാരണമായേക്കാം. കൂടാതെ ഇതിൽ ഉപ്പിന്റെ അളവ് കൂടുതലായതുക്കൊണ്ട് രക്തസമ്മർദ്ദമോ വൃക്കരോഗമോ ഉള്ളവർക്ക് ഹാനികരമാണ്. വീടുകളിൽ ഉണ്ടാക്കുന്ന മാവിൽ പ്രോബയോട്ടിക്സുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം ഗുണങ്ങൾ കടകളിൻ നിന്ന് വാങ്ങുന്ന മാവിൽ കുറവായിരിക്കും.

പുളിപ്പിച്ച മാവ് താപനിലയിലെ മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കും. ഇത്തരം സന്ദർഭങ്ങളിൽ നിർമ്മാണ ശാലകളിൽ നിന്ന് കടകളിലേക്ക് എത്തുമ്പോഴോ കടകളിൽ സൂക്ഷിക്കുമ്പോഴോ ഉള്ള താപനിലയിലെ വ്യതിയാനം മാവ് വിഷാംശമുള്ളതാക്കാൻ കാരണമാകും. ഇന്ത്യയിലെ ശീതീകരണ സംവിധാനങ്ങളിലെ (കോൾഡ് ചെയ്ൻ) പോരായ്മകൾ റെഡി-ടു-കുക്ക് ഭക്ഷണങ്ങളുടെ കാര്യത്തിൽ വലിയ വെല്ലുവിളിയാണ്.

പാക്കറ്റ് ദോശമാവ് പൂർണ്ണമായും സുരക്ഷിതമല്ല എന്ന് പറയാനാകില്ല. എങ്കിലും ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. മാവ് വാങ്ങിയ ഉടൻ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും കൂടുതൽ നേരം പുറത്തുവെക്കുകയും അരുത്. മാവ് നിറച്ച പാക്കറ്റ് അമിതമായി വീർത്തിരിക്കുകയോ, മാവിന് കഠിനമായ പുളിച്ച മണമോ കുമിളകളോ ഉണ്ടാവുകയോ ചെയ്താൽ അത് ഉപയോഗിക്കരുത്. വാങ്ങിച്ച മാവ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിച്ച് തീർക്കുകയും ദോശയോ ഇഡ്ഡലിയോ നന്നായി വെന്തെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം കഴിക്കുകയും ചെയ്യുക. പാക്കറ്റിലെ ചേരുവകളും നിർമ്മാണ തീയതിയും കൃത്യമായി പരിശോധിക്കുന്നത് ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Tags:    
News Summary - Is store-bought dosa flour safe? Here are the risks of food poisoning.....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.