സ്ഥിരമായി ഇയർബഡ്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ പ്രശ്നം ചെവിക്കുമാത്രമല്ല, ചർമത്തിനും!

പാട്ടുകേൾക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. ഇയർബഡ്സ് പലരുടെയും ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. പാട്ടുകേൾക്കുന്നത് പലപ്പോഴും നമ്മുടെ പലജോലികളുടേയും പ്രയാസം കുറക്കാറുണ്ട്. ജിമ്മിൽ പോകുമ്പോഴും, യാത്ര ചെയ്യുമ്പോഴും, ജോലികൾ ചെയ്യുമ്പോഴും ഇയർപോഡ്സ് ധരിച്ച് പാട്ടുകേൾക്കുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ, നിരന്തരമായ ഇയർ പോഡ്സ് ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം.

അമിതമായ ഇയർ ബഡ്സ് ഉപയോഗം കേൾവിക്കുറവിന് വഴിയൊരുക്കുമെന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ, ഇത് പല ചർമ പ്രശ്നങ്ങൽക്കും കാരണമാകുന്നുണ്ട് എന്നാണ് സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റായ ഡോക്ടർ റിൻകി കപൂർ പറയുന്നത്. മുഖത്ത് ചൊറിച്ചിൽ, ഇൻഫക്ഷൻ, ചെറിയ പൊട്ടലുകൾവരെ ഇതു കാരണം ഉണ്ടാകാം. ഇയർബഡുകൾ ദീർഘനേരം ഉപയോഗിക്കുന്നത് മുഖത്തിനുചുറ്റും പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു.

ദീർഘനേരം ഇയർബഡുകൾ ധരിക്കുന്നത് ചർമത്തിൽ ചൂട്, വിയർപ്പ്, സമ്മർദം എന്നിവ ഉണ്ടാക്കുന്നു. ഇത് ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാനും വീക്കം ഉണ്ടാകാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് പലപ്പോഴും ആക്നെ മെക്കാനിക്ക എന്ന ചർമരോഗത്തിലേക്ക് നയിക്കുന്നു. എന്നാൽ ചില ആളുകളിൽ പ്രശ്നം മുഖക്കുരു ആയിരിക്കില്ല. ഇയർബഡ് മെറ്റീരിയലിൽ (സിലിക്കൺ അല്ലെങ്കിൽ ലോഹം പോലുള്ളവ) നിന്നുള്ള അലർജി, അല്ലെങ്കിൽ ഇയർപോഡ്സ് കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ കടന്നുകൂടുന്ന ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ചെവിയിലെ അണുബാധകൾ എന്നിവയും ആകാം.

ഇയർബഡ് ഉപയോഗത്തിൽ നിന്നുള്ള ചർമ സംബന്ധമായ പ്രശ്നങ്ങൾ വ്യത്യസ്തമാണ്. മുഖക്കുരു അടഞ്ഞ സുഷിരങ്ങളായോ മുഴകളായോ പ്രത്യക്ഷപ്പെടുന്നു. അലർജികൾ കൂടുതൽ ചുവപ്പും ചൊറിച്ചിലും ഉണ്ടാക്കുന്നു. അതേസമയം, അണുബാധകൾ മൃദുവായ കുരുക്കളായി കാണപ്പെടുന്നു -ഡോക്ടർ കപൂർ കൂട്ടിച്ചേർത്തു.

എങ്ങനെ തടയാം?

1.ആൽക്കഹോൾ വൈപ്പുകൾ ഉപയോഗിച്ച് ഇയർബഡുകൾ പതിവായി വൃത്തിയാക്കുക. അവ കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കുക.

2. നിങ്ങളുടെ ചർമത്തിന് വിശ്രമം നൽകുക. ഒന്നോ രണ്ടോ മണിക്കൂർ കൂടുമ്പോഴും ഇയർബഡ്സ് നീക്കം ചെയ്യുക.

3.ചർമത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗം കഠിനമായി ഉരക്കരുത്. നേരിയ ക്ലെൻസറോ അല്ലെങ്കിൽ നോൺ-കോമഡോജെനിക് മോയ്‌സ്ചറൈസറോ ഉപയോഗിക്കുക.

ഇൻഫക്ഷന്‍റെയോ പൊട്ടലിന്റെയോ ആദ്യ ലക്ഷണങ്ങൾ കാണുമ്പോൾ ബെൻസോയിൽ പെറോക്സൈഡ് അല്ലെങ്കിൽ അസെലൈക് ആസിഡ് പോലുള്ള ഓവർ-ദി-കൌണ്ടർ ചികിത്സകൾ ഉപയോഗിക്കാനാണ് ഡോക്ടർ കപൂർ ശിപാർശ ചെയ്യുന്നത്. മുഖക്കുരു വീണ്ടും വരികയോ കറുത്ത പാടുകൾ അവശേഷിപ്പിക്കുകയോ ചെയ്താൽ ഡെർമറ്റോളജിസ്റ്റിനെ കാണേണ്ടത് അത്യാവശ്യമാണെന്ന് ഡോ. കപൂർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Wearing earbuds all day? Dermatologist warns you could face these skin issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.