മുംബൈ: ആരോഗ്യ അവബോധം വർധിച്ചതോടെ രാജ്യത്തെ ഉപഭോക്താക്കൾ കുടിക്കാൻ തിരഞ്ഞെടുക്കുന്നത് പഞ്ചസാര അടങ്ങാത്ത പാനീയം. ഇക്കാരണത്താൽ പഞ്ചസാര രഹിത പാനീയങ്ങളുടെ വിൽപന കുതിച്ചുയർന്നു. ഷുഗർ ഫ്രീ പാനീയങ്ങളുടെ വിൽപന അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. 2020ൽ ശരാശരി അഞ്ച് ശതമാനമുണ്ടായിരുന്ന വിൽപ കഴിഞ്ഞ വർഷം 30 ശതമാനമായി ഉയർന്നു. കഴിഞ്ഞ 12 മാസത്തിനിടെയാണ് ഏറ്റവും വർധനവ് രേഖപ്പെടുത്തിയത്. ഒരു കാലത്ത് നഗരവാസികളുടെ മാത്രം ഫാഷനായി തള്ളപ്പെട്ടിരുന്ന പാനീയങ്ങൾ രാജ്യത്ത് ട്രെൻഡാവുന്നുവെന്നാണ് സൂചന. ആരോഗ്യ അവബോധം വർധിച്ചതും ജെൻ സി ഉപഭോക്താക്കളും പുതുവത്സര പ്രതിജ്ഞകളും അടക്കം നിരവധി ഘടകങ്ങളാണ് ഈ ട്രെൻഡിനുള്ള കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്തെ 60,000 കോടി രൂപയിൽ കൂടുതൽ മൂല്യമുള്ള സോഫ്റ്റ് ഡ്രിങ്ക് വിപണിയിൽ ലീഡറായ കൊക്കക്കോളയുടെ പഞ്ചസാര രഹിത പാനീയങ്ങളുടെ വിൽപന കഴിഞ്ഞ വർഷം എക്കാലത്തെയും ഉയർന്ന നിരക്കായ 30 ശതമാനമെത്തി. ഡയറ്റ് കോക്ക്, കോക്ക് സീറോ, നോഷുഗർ തംസ് അപ് എക്സ്ഫോഴ്സ്, സ്പ്രൈറ്റ് സീറോ, കിൻലി വെള്ളം, ജ്യൂസ്, എനർജി പാനീയങ്ങൾ എന്നിവയാണ് ഉപഭോക്താക്കൾ ഏറ്റവും വാങ്ങിയത്. പഞ്ചസാര രഹിത വിഭാഗത്തിൽ മുന്നിൽ നിൽക്കുന്ന ഡയറ്റ് കോക്കിന്റെ വിൽപന ഇരട്ടിയായി.
പെപ്‌സികോയുടെ പഞ്ചസാര രഹിത, കുറഞ്ഞ അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ വിൽപന വിൽപന 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ 53 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 59 ശതമാനമായി ഉയർന്നു. പെപ്സികോയുടെ വാർഷിക വിൽപനയിലുണ്ടായ ഏറ്റവും വലിയ വർധനവാണിതെന്ന് ഇന്ത്യയിൽ അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്ന വരുൺ ബിവറേജസ് അറിയിച്ചു. പെപ്സികോയുടെ എനർജി ഡ്രിങ്കായ സ്റ്റിംഗ്, പെപ്‌സി ബ്ലാക്ക്, സെവൻ അപ് സീറോ ഷുഗർ, ട്രോപ്പിക്കാനയുടെ പഞ്ചസാര രഹിത പാനീയങ്ങൾ, എവർവെസ് സോഡ, അക്വാഫിന വാട്ടർ എന്നിവയുടെ വിൽപനയാണ് ഉയർന്നത്. ആരോഗ്യകരമായ പാനീയങ്ങളുടെ വിൽപനയിൽ കമ്പനി നിരന്തരമായി ശ്രദ്ധയൂന്നിയതിന്റെ പ്രതിഫലനമാണ് വിൽപനയിലുണ്ടായ വർധനവെന്ന് വരുൺ ബിവറേജസ് പ്രസിഡന്റ് രാജ് ഗാന്ധി പറഞ്ഞു.
അതേസമയം, കാപ്പി, സ്മൂതി, ജൂസ് എന്നിവ കുടിക്കുന്നവരും പഞ്ചാസാര ഒഴിവാക്കുകയാണെന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ കോഫി സ്റ്റോറുകളുടെ ഉടമയായ സ്റ്റാർ ബക്സ് പറയുന്നത്. ഉപഭോക്താക്കളുടെ താൽപര്യം വർധിച്ചതോടെ ജനുവരിയിൽ 500ലധികം സ്റ്റാർബക്സ് സ്റ്റോറുകളിൽ പഞ്ചസാര രഹിത ഫ്ലേവറുകൾ തുടങ്ങി. വർഷത്തിന്റെ തുടക്കത്തിൽ ഈ ട്രെൻഡ് വ്യക്തമായി ദൃശ്യമാകാറുണ്ടെന്നാണ് സ്റ്റാർ ബക്സിന്റെ വിശദീകരണം. പുതുവത്സര പ്രതിജ്ഞകളെടുക്കുന്നതോടെ ഉപഭോക്താക്കളുടെ ദിനചര്യകളും താൽപര്യവും മാറുകയാണെന്നും അവർ പറഞ്ഞു.
പഞ്ചാസര അടങ്ങാത്ത പാനീയങ്ങൾ ജീവിതശൈലി ഉത്പന്നങ്ങളായി മാറിയതായി രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ കമ്പനികളിലൊന്നിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. അഞ്ച് വർഷം മുമ്പ് ആരോഗ്യത്തെ കുറിച്ച് സംസാരിക്കുകയും അനാരോഗ്യകരമായ ജീവിതശൈലി തുടരുകയും ചെയ്തിരുന്ന ഇന്ത്യക്കാർ ഇപ്പോൾ രുചിയും ആഡംബരവും ഉപേക്ഷിക്കാതെ പഞ്ചസാര ഒഴിവാക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.