നാട്ടിൽ ആരോഗ്യ ഇൻഷൂറൻസ് എടുക്കുന്ന പ്രവാസികളുടെ എണ്ണം കുതിച്ചുയരുന്നു

മുംബൈ: ആരോഗ്യ ഇൻഷൂറൻസ് പോളിസികളിൽ ഗൾഫ് പ്രവാസികളുടെ താൽപര്യം കുതിച്ചുയർന്നതായി റിപ്പോർട്ട്. കുടുംബത്തിനും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസി വിൽപനയിലാണ് അഭൂതപൂർവമായ കുതിപ്പാണുണ്ടായതെന്നും ഓൺലൈൻ ഇൻഷൂറൻസ് കമ്പനിയായ പോളിസിബസാർ തയാറാക്കിയ റിപ്പോർട്ട് പറയുന്നു. 2025 ജനുവരിയെ അപേക്ഷിച്ച് വിൽപനയിൽ ഈ വർഷം ജനുവരിയോടെ 126 ശതമാനത്തിന്റെ വളർച്ചയുണ്ടായി. കുടുംബത്തിനുള്ള ഇൻഷൂറൻസ് പോളിസി വിൽപന 20 ശതമാനത്തിൽനിന്ന് 70 ശതമാനത്തിലേക്കും രക്ഷിതാക്കൾക്കുള്ള പോളിസി വിൽപന 32 ശതമാനത്തിൽനിന്ന് 60 ശതമാനത്തിലേക്കും ഉയർന്നു. അതേസമയം, ഇതേകാലയളവിൽ ​വ്യക്തിഗത ആരോഗ്യ ഇൻഷൂറൻസ് പോളിസി വിൽപനയിൽ ആറ് ശതമാനത്തിന്റെ ഇടിവുണ്ടാകുകയും ചെയ്തു.

വ്യക്തിഗത പോളിസികൾ ഇൻഷൂർ ചെയ്ത ആൾക്ക് വേണ്ടി മാത്രമുള്ളതാണ്. എന്നാൽ, ഫാമിലി ഇൻഷൂറൻസ് പ്ലാനുകളിലൂടെ കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് വരെ ഇൻഷൂറൻസ് കവറേജ് ലഭിക്കും. രക്ഷിതാക്കൾക്കോ ​​മുതിർന്ന പൗരന്മാർക്കോ വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ് പാരന്റൽ ഇൻഷൂറൻസ് പ്ലാനുകൾ.

ഗൾഫ് മേഖലയിലെ പ്രവാസികളിൽനിന്നാണ് ആരോഗ്യ ഇൻഷൂറൻസ് പോളിസിക്ക് ഗണ്യമായ ഡിമാന്റുണ്ടായത്. മൊത്തം എൻ.ആർ.ഐ ആരോഗ്യ ഇൻഷൂറൻസ് പോളിസികളിൽ 50 ശതമാനവും വാങ്ങിയത് യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ്. നാട്ടിലുള്ളപ്പോൾ ഇൻഷൂറൻസ് പോളിസി വാങ്ങാൻ പ്രവാസികൾക്ക് 120 മുതൽ 300 ഡോളർ വരെ ചെലവ് വരും. അതായത് 10,000 രൂപ മുതൽ 27,000 രൂപ വരെ. അതേസമയം, ഗൾഫിൽനിന്ന് പോളിസി വാങ്ങുകയാണെങ്കിൽ 2,000 മുതൽ 3000 ഡോളർ വരെ നൽകണം. ​​കുറഞ്ഞ സമയം കൊണ്ട് നാട്ടിലെത്താമെന്നതാണ് ഗൾഫിലെ പ്രവാസികളെ ഇന്ത്യയിലെ ആരോഗ്യ സേവനങ്ങൾ വളരെ ​ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കാൻ സഹായിക്കുന്നത്.

മൊത്തം എൻ.ആർ.ഐ ആരോഗ്യ ഇൻഷൂറൻസ് പോളിസികളിൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ പങ്ക് 25 ശതമാനവും യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പങ്ക് 17 ശതമാനവുമാണ്. ന്യൂസിലാൻഡിൽനിന്നും ആഫ്രിക്കയിൽനിന്നുമുള്ള എൻ.ആർ.ഐ ആരോഗ്യ ഇൻഷൂറൻസ് പോളിസികളുടെ പങ്ക് എട്ട് ശതമാനം മാത്രമാണ്.

പ്രവാസി ഇന്ത്യക്കാർ ആരോഗ്യ ഇൻഷുറൻസിനെ സമീപിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് പോളിസിബസാറിലെ ആരോഗ്യ ഇൻഷുറൻസ് ബിസിനസ് മേധാവി സിദ്ധാർത്ഥ് സിംഗാൾ പറഞ്ഞു. ഇപ്പോൾ ഗുരുതരമായ മെഡിക്കൽ എമർജൻസികൾക്ക് വേണ്ടി മാത്രമല്ല പ്രവാസി ഇന്ത്യക്കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ ചികിത്സ ചെലവുകൾ കുതിച്ചുയരുമ്പോൾ ഇന്ത്യയിൽ 40 ശതമാനം കുറഞ്ഞ ചെലവിൽ ലോകോത്ത നിലവാരമുള്ള ചികിത്സയാണ് പ്രവാസികൾക്ക് ലഭിക്കുക. പതിവ് ആരോഗ്യ പരിശോധനകൾക്കും ചെറിയ ചികിത്സക്കും സർജറികൾക്കും വയോധികരായ രക്ഷിതാക്കളുടെ ചികിത്സക്കുമാണ് പ്രവാസികൾ ഇൻഷൂറൻസ് പോളിസി വാങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിമാന്റ് ഉയർന്ന സാഹചര്യത്തിൽ കുടുംബത്തിനുള്ള ആരോഗ്യ ഇൻഷൂറൻസ് പോളിസി വാങ്ങാൻ പ്രവാസികൾക്ക് മിക്ക കമ്പനികളും വൻ ഇളവുകളാണ് നൽകുന്നത്. പല കമ്പനികളും 40 ശതമാനം വരെ ഇളവ് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - demand for health insurance from NRIs in gulf surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.