കുടലിന്‍റെ ആരോഗ്യം കേവലം ദഹനത്തെ മാത്രമല്ല ബാധിക്കുന്നത്. ദഹനവ്യവസ്ഥ ഭക്ഷണം വിഘടിപ്പിക്കുന്നതിലും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിലും മാത്രമല്ല പങ്ക് വഹിക്കുന്നത്. ഹോർമോണുകൾ, പ്രതിരോധശേഷി, മാനസികാവസ്ഥ എന്നിവയെ സന്തുലിതമാക്കുന്നതിലും ഇത് നിർണായകമാണ്.
ക്രമരഹിതമായ ഭക്ഷണസമയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, വിട്ടുമാറാത്ത സമ്മർദം, ഉറക്കക്കുറവ് എന്നിവയെല്ലാം ഇന്ന് മിക്കവരിലും സാധാരണമായിരിക്കുന്നു. വയറ് വീർക്കൽ, അസിഡിറ്റി, മലബന്ധം എന്നീ ലക്ഷണങ്ങൾ മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ജോലിസ്ഥലത്തെ ഏകാഗ്രതയില്ലായ്മ, മോശം ഉറക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലർക്കും അറിയാത്ത സത്യാവസ്ഥയാണ്.
കുടലും തലച്ചോറും തമ്മിലുള്ള ബന്ധം നിലനിർത്തുന്നത് ശരീരത്തിൽ നിരന്തരം വിവരങ്ങൾ കൈമാറുന്ന സങ്കീർണ്ണമായ ഒരു ജൈവ ശൃംഖലയാണ്. വൈകാരിക പ്രതിപ്രവർത്തനം, വൈജ്ഞാനിക പ്രവർത്തനം, സർക്കാഡിയൻ റിഥം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഹോർമോണുകൾ സന്തുലിതമായിരിക്കുമ്പോൾ ദഹന പ്രവർത്തനം ശരിയായി നടക്കുന്നു. അതിനാൽ ശരീരം ഊർജ്ജസ്വലമായി അനുഭവപ്പെടുന്നു. എന്നാൽ കുടലിലെ നീണ്ടുനിൽക്കുന്ന അസന്തുലിതാവസ്ഥ ഈ സംവിധാനങ്ങളെ തടസ്സപ്പെടുത്തും. ഇത് ക്ഷീണം, മന്ദിപ്പ് എന്നിവയിലേക്ക് നയിച്ചേക്കാം.
ദഹനവ്യവസ്ഥയും തലച്ചോറും തമ്മിലുള്ള ഈ ബന്ധം കാരണം കുടലിനെ പലപ്പോഴും രണ്ടാം തലച്ചോറ് എന്ന് വിളിക്കുന്നുവെന്ന് ഡൽഹിയിലെ സി.കെ ബിർള ഹോസ്പിറ്റലിലെ ബാരിയാട്രിക് സർജറി ഡയറക്ടർ ഡോ. സുഖ്‌വീന്ദർ സിംഗ് സഗ്ഗു പറയുന്നു.
ശരീരത്തിലെ സന്തോഷ ഹോർമോണായ സെറോണിന്‍റെ 90ശതമാനവും ഉത്പാദിപ്പിക്കുന്നത് കുടലിൽ നിന്നാണ്. ദഹന പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ ഈ ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെയും ബാധിക്കും. ഇത് അസ്വസ്ഥത, ഉത്കണ്ഠ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥ എന്നിവക്ക് കാരണമാകും.
വയറ് വീർക്കൽ, അസിഡിറ്റി, മലബന്ധം, ഇടക്കിടെ ഉണ്ടാകുന്ന ദഹനക്കേട് എന്നിവയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കും. കാലക്രമേണ ഇത് വൈകാരിക സമ്മർദത്തിനും ദൈനംദിന കാര്യങ്ങൾ പോലും കൈകാര്യം ചെയ്യാൻ തോന്നാത്ത അവസ്ഥയിലേക്ക് നയിക്കും. ഏകാഗ്രത നഷ്ടപ്പെടുന്നതും, ഊർജക്കുറവും ജോലിയെയും ബാധിച്ചു തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.