ഹൃദയാഘാതം ഒറ്റദിവസം കൊണ്ടുണ്ടാകുന്നതല്ല. രോഗലക്ഷണങ്ങൾ സസൂക്ഷ്മം വിലയിരുത്തി അപായഘടകങ്ങൾ മനസിലാക്കി കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയാൽ ജീവൻ രക്ഷിക്കാം. ഹൃദയത്തെ വരിഞ്ഞു മുറുക്കുന്ന അവസ്ഥയെ ഹൃദയാഘാതം അഥവാ ഹാർട്ടറ്റാക്ക് എന്ന് ഏറ്റവും ലളിതമായി പറയാം. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയാഘാതം മരണത്തിലേക്ക് നയിക്കാം. അമിതരക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവയെല്ലാം രോഗസാധ്യത കൂട്ടും. ഈ ഘടകങ്ങളെ നേരത്തെ കണ്ടെത്തി നിയന്ത്രിച്ചാൽ ഒരു പരിധി വരെ രോഗത്തെ തടയാൻ സാധിക്കും.ആദ്യമായി ഹൃദ്രോഗം വരുന്നവരിൽ പത്തിൽ ഏഴു പേർക്കും പക്ഷാഘാതം വന്നവരിൽ പത്തിൽ എട്ടു പേർക്കും അമിതരക്തസമ്മർദം ഉള്ളതായി പഠനങ്ങളിലുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിച്ചു നിറുത്തിയാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടഞ്ഞുനിറുത്താം. സ്ഥിരമായി ബിപി 140/ 90നു മുകളിൽ ആണെങ്കിൽ ചികിത്സ അത്യാവശ്യമാണ്.
കൊളസ്‌ട്രോളിന്റെ വിവിധ ഘടകങ്ങളിൽ ഏറ്റവും അപകടകാരി എൽ.ഡി.എൽ (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ) അഥവാ ചീത്ത കൊളസ്‌ട്രോൾ ആണ്. എൽ.ഡി.എല്ലിന്റെ അത്ര അപകടകാരി അല്ലെങ്കിലും ട്രൈഗ്ലിസറൈഡുകളും ഹൃദയാഘാത സാധ്യത കൂട്ടും. എന്നാൽ എച്ച്.ഡി.എൽ (ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്‌ട്രോൾ ഹൃദയാഘാത സംരക്ഷകൻ ആണ്. രക്തത്തിലെ എൽ.ഡി.എൽ കൊളസ്‌ട്രോൾ അളവ് 100-130 mg/dl ൽ താഴെയാവണം. ഹൃദ്രോഗം വന്നിട്ടുള്ളവരും പ്രമേഹം ഉള്ളവരും എൽ.ഡി.എൽ കൊളസ്‌ട്രോൾ 70 ൽ താഴെ നിലനിറുത്തണം. (50 ൽ താഴെ നിറുത്തിയാൽ കൂടുതൽ നല്ലത്).
അധ്വാനിക്കുമ്പോഴുള്ള നെഞ്ചുവേദന പേടിക്കണോ എന്ന് ചിലർ ചോദിക്കും. നടക്കുമ്പോഴോ (പ്രത്യേകിച്ചു കയറ്റമോ പടികളോ കയറുമ്പോൾ) അല്ലെങ്കിൽ ശാരീരിക അധ്വാനം വേണ്ടി വരുമ്പോഴോ നെഞ്ചിൽ അസ്വസ്ഥത തോന്നിയാലും സൂക്ഷിക്കണം- അത് എഫർട്ട് ആൻജൈന (Effort Angina) ആകാം. ഹൃദയാഘാതം വരുന്നവരിൽ കൂടുതൽ പേർക്കും നേരത്തെ എഫർട്ട് ആൻജൈന വന്നിട്ടുള്ളതായി കണ്ടുവരാറുണ്ട്. പലപ്പോഴും രോഗമുന്നറിയിപ്പാണിത്. അപായഘടകങ്ങളിൽ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതും ഇല്ലാത്തവയുമുണ്ട്.
1. പ്രായം: പുരുഷന്മാരിൽ 45 വയസ്സിനു മുകളിൽ, സ്ത്രീകളിൽ 55 വയസ്സിനു മുകളിൽ ഹൃദ്രോഗസാധ്യത കൂടുതലാണ്.
2. ലിംഗഭേദം: 55 വയസ്സിനു താഴെ പുരുഷന്മാർക്കു സ്ത്രീകളേക്കാൾ രോഗസാധ്യതയുണ്ട്. 55 വയസ്സിനു ശേഷം പുരുഷനും സ്ത്രീക്കും ഹൃദയാഘാത സാധ്യത ഒരേപോലെയാണ്.
3. പാരമ്പര്യം: അടുത്ത രക്തബന്ധമുള്ളവരിൽ ഹൃദയാഘാതം ചെറുപ്രായത്തിൽ വന്നെങ്കിൽ (പുരുഷന്മാരിൽ 55 വയസ്സിനു താഴെ, സ്ത്രീകളിൽ 65 വയസ്സിനു താഴെ) ആ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കു ഹൃദയാഘാത സാധ്യത കൂടുതലാണ്.
പുകവലി, ഉയർന്നരക്തസമ്മർദം, പ്രമേഹം,എൽ.ഡി.എൽ കൊളസ്‌ട്രോൾ- ഹൃദയാഘാതത്തിൽ നിന്നും സംരക്ഷണം നൽകുന്ന എച്ച്.ഡി.എൽ കൊളസ്‌ട്രോളും തമ്മിലുള്ള അനുപാതം, കുടവയർ (അബ്‌ഡൊമിനൽ ഒബിസിറ്റി /ഇടുപ്പ് വണ്ണക്കൂടുതൽ), വ്യായാമമില്ലായ്മ
ഹൃദ്രോഗ്ര ലക്ഷണങ്ങളുമായെത്തിയാൽ ആദ്യം ഇ.സി.ജി (ECG ഇലക്ട്രോ കാർഡിയോഗ്രാം) നോക്കും. ഹൃദയാഘാതം അറിയാനുള്ള പരിശോധനകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇസിജി തന്നെ. എന്നാൽ ഒളിഞ്ഞിരിക്കുന്ന ഹൃദ്രോഗം ഇതുവഴി അറിയാൻ സാധിക്കില്ല.
(Echocardiogram): ഹൃദയത്തിന്റെ പ്രവർത്തനം നേരിൽ കാണാൻ സഹായിക്കുന്ന സ്‌കാൻ ആണ് എക്കോകാർഡിയോഗ്രാം. ഹൃദയപേശികളുടെ പ്രവർത്തനത്തിലെ വ്യത്യാസം കൊണ്ട് നേരത്തെ വന്നിരുന്നോ എന്നറിയാൻ എക്കോ കാർഡിയോഗ്രാം സഹായിക്കും. എല്ലാ ബ്ലോക്കുകളും ഈ പരിശോധനയിൽ അറിയാൻ സാധിക്കില്ല.
എഫർട്ട് ആൻജൈനയും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒളിച്ചിരിക്കുന്ന ഹൃദ്രോഗവും കണ്ടുപിടിക്കാനുള്ള ചില പരിശോധനകൾ ഇവയാണ്.
വളരെ ലളിതമായി പറഞ്ഞാൽ, നടന്നു കൊണ്ട് എടുക്കുന്ന ഇ.സി.ജി ആണ് ട്രെഡ്മിൽ ടെസ്റ്റ്. നടക്കുമ്പോൾ ഉണ്ടാകുന്ന ആൻജൈന തിരിച്ചറിയാൻ ഏറ്റവും ഉചിതം നടന്നുള്ള ഇ.സി.ജി ആണ്. ടി.എം.ടി പരിശോധനയ്ക്ക് ചെലവ് കുറവാണ്.
ഹൃദയത്തിന്റെ കൊറോണറി ധമനികളുടെ ഭിത്തിയിൽ കാൽസ്യം അടിഞ്ഞിട്ടുണ്ടോ എന്ന് സിടി സ്‌കാൻ വഴി കണ്ടെത്താം. കാൽസ്യം ഉണ്ടെങ്കിൽ ബ്ലോക്കുകളുണ്ടാവാനും ഭാവിയിൽ ഉണ്ടാകാനുമുള്ള സാധ്യത കൂട്ടും. കാൽസ്യം സ്‌കോർ കൂടുതൽ ആണെങ്കിൽ ഹൃദ്രോഗം തടയാൻ സഹായിക്കുന്ന മരുന്നുകളുടെ ശരിയായ ഡോസിലുള്ള ഉപയോഗം പ്രയോജനപ്പെടും.
കയ്യിലെ ഞരമ്പിൽ കോൺട്രാസ്റ്റ് മീഡിയം അഥവാ ഡൈ കുത്തിവച്ച്, രക്തധമനികളിലെ ബ്ലോക്കുകൾ കാണാൻ സഹായിക്കുന്ന പരിശോധന ആണിത്. കൊറോണറി ആൻജിയോഗ്രാം പരിശോധനയേക്കാളും ലളിതമാണെങ്കിലും ഇതിൽ കണ്ടെത്തുന്ന ബ്ലോക്കുകളുടെ കാഠിന്യവും തുടർചികിത്സയും നിശ്ചയിക്കാൻ കൊറോണറി ആൻജിയോഗ്രാം വേണം.
കയ്യിലെയോ കാലിലെയോ ശുദ്ധ രക്തധമനികളിലുടെ ചെറിയ ഒരു ട്യൂബ് (Catheter) കടത്തി ഹൃദയപേശികൾക്കു രക്തം എത്തിക്കുന്ന കൊറോണറി രക്തധമനികളിൽ നേരത്തെ സൂചിപ്പിച്ച കോൺട്രാസ്റ്റ് കടത്തിവിട്ട് ഈ ധമനികളിലെ ബ്ലോക്കുകൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്ന പരിശോധനയാണ് ആൻജിയോഗ്രാം. ഹൃദ്രോഗം കണ്ടെത്താൻ ഏറ്റവും ആധികാരികമായ പരിശോധനയും ഇതു തന്നെ.
ഹൃദയാഘാതവുമായി ഒരാൾ വരുമ്പോൾ ഇ.സിജി, എക്കോ എന്നീ പരിശോധനകൾക്കു ശേഷം, ആൻജിയോ ഗ്രാം ചെയ്യുകയാണ് പതിവ്. എഫർട്ട് ആൻജൈന ആണെന്നു മനസിലായാലും ആൻജിയോഗ്രാം പരിശോധന നിർദേശിക്കും. കൊറോണറി ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവയാണ് ഹൃദയാഘാതം വന്നാലുള്ള പ്രധാന ചികിത്സകൾ. രോഗതീവ്രത അനുസരിച്ച് ചികിത്സ തീരുമാനിക്കും. ചികിത്സ കഴിഞ്ഞാലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം.
ഹൃദയാഘാതം തടയാൻ ജീവിത ശൈലി മാറ്റണം. അതിൽ ഏറ്റവും പ്രധാനമാണ് പുകവലി ശീലം ഉപേക്ഷിക്കുക എന്നത്. പുകയിലയിലെ നിക്കോട്ടിൻ രക്ത സമ്മർദം കൂട്ടും. ഹൃദയാഘാതത്തിന്റെ പ്രധാന ആപത് ഘടകമാണ് അമിത രക്തസമ്മർദം. ഇവ ഹൃദയരക്തധമനികളിൽ രക്തക്കട്ടകളുണ്ടാക്കാനുള്ള സാഹചര്യമുണ്ടാക്കും. നേരിട്ടല്ലാത്ത പുകവലിയും അപകടമാണ്. മദ്യപാനവും ഒഴിവാക്കണം. ചുവന്ന മാംസം, മധുര പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, ബേക്കറി, എണ്ണ പലഹാരങ്ങൾ, പൂരിത കൊഴുപ്പ് അടങ്ങിയ വിഭവങ്ങൾ, മൈദ എന്നിവയെല്ലാം നിയന്ത്രിക്കണം. ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട കഴിക്കാം. പാചകത്തിന് എണ്ണയുടെ ഉപയോഗം നിയന്ത്രിക്കണം. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. നടത്തം, ജോഗിങ്, ഓട്ടം പോലെയുള്ള എയ്റോബിക് വ്യായാമങ്ങൾ പരിശീലിക്കാം. തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ ഇടയ്ക്കു ബ്രേക്ക് എടുക്കണം. മാനസികസമ്മർദവും ഒരു കാരണമായി വിലയിരുത്തുന്നതിനാൽ പിരിമുറുക്കമുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് പല കാരണങ്ങളുണ്ട്. തലച്ചോറിലെ രക്തധമനികളിൽ നിന്നും രക്തസ്രാവം ഉണ്ടാകുക, അല്ലെങ്കിൽ രക്തം കട്ടപിടിക്കുക, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രക്തധമനിയായ അയോർട്ടയിൽ ഉണ്ടാകുന്ന അസുഖങ്ങൾ എന്നിവ കൊണ്ട് ഇത്തരം മരണങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഹൃദയസ്തംഭനം അഥവാ കാർഡിയാക് അറസ്റ്റ് ആണ് ഇത്തരം മരണങ്ങളിൽ ഏറ്റവും സാധാരണയായി കാണുന്ന വില്ലൻ. പ്രത്യേകിച്ചും പ്രായം കൂടുതൽ ഉള്ളവരിൽ.
എന്നാൽ ചെറുപ്പക്കാരിൽ ഹൃദയസ്തംഭനം സാധാരണയായി ഉണ്ടാകുന്നത് ഹൃദയത്തിന്റെ താളം അപകടകരമായി തെറ്റുന്ന കാർഡിയാക് അരിത്മിയ കാരണമാണ്. ഹൃദയത്തിലെ പേശികളുടെ കട്ടി കൂട്ടുന്ന ഹൈപ്പർട്രോഫിക് കാർഡിയോ മയോപതി പോലെയുള്ള അസുഖങ്ങൾ കാരണമോ ഹൃദയമിടിപ്പു നിയന്ത്രിക്കുന്ന ജനിതക ഘടനയിലെ വ്യത്യാസങ്ങൾ കൊണ്ടോ ഇതുണ്ടാകാം. ശാരീരികാധ്വാനം ചെയ്യുമ്പോൾ മാത്രമല്ല ചിലപ്പോൾ ഉറക്കത്തിൽ പോലും അപകടമുണ്ടാകാം.
തയ്യാറാക്കിയത്: ഡോ . ടെൻസി ജോഷു തോമസ് , അസ്സോസിയേറ്റ് കൺസൾട്ടന്റ്, ഇന്റർവെൻഷണൽ കാർഡിയോളജി, ആസ്റ്റർ മെഡ്സിറ്റി , കൊച്ചി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.