കളമശ്ശേരി: ആമാശയത്തിലെ ബാക്ടീരിയകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ ഓർമശക്തിയെയും പഠനശേഷിയെയും ബാധിക്കുന്നത് എങ്ങനെ എന്നതിന്റെ വ്യക്തമായ ജൈവശാസ്ത്ര കാരണം കണ്ടെത്തി ഇൻഡോ-ജർമൻ ഗവേഷകസംഘം. ആമാശയത്തിലെ ആരോഗ്യവും തലച്ചോറിന്റെ പ്രവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ദീർഘകാല സംശയങ്ങളെ ശരിവെക്കുന്നതാണ് ഈ കണ്ടെത്തൽ.
ദീർഘകാല ആന്റിബയോട്ടിക് ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവ എങ്ങനെയാണ് കുടലിലെ സൂക്ഷ്മാണുക്കളുടെ (ഗട്ട് മൈക്രോബയോം) അസന്തുലിതാവസ്ഥക്ക് കാരണമാവുന്നതെന്നും ആ മാറ്റങ്ങൾ ശരീരത്തിൽ എങ്ങനെയാണ് വീക്കം സൃഷ്ടിക്കുന്നതെന്നും ബി.എം.സി ബയോളജിയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഈ വീക്കം തലച്ചോറിലെ ഓർമകൾ രൂപപ്പെടുത്താൻ സഹായിക്കുന്ന നാഡീവ്യൂഹങ്ങളെ ബാധിക്കുന്നു എന്നതാണ് സുപ്രധാന കണ്ടെത്തൽ.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവിസിന്റെയും സഹകരണത്തോടെയാണ് ഗവേഷണം നടന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസ്, സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോ ഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് എന്നിവയുടെ മേധാവി ഡോ. പി.എസ്. ബേബി ചക്രപാണി, ജർമനിയിലെ ടെക്നിക്കൽ യൂനിവേഴ്സിറ്റി ഓഫ് ബ്രൗൺഷ്വൈഗിലെയും ഹെൽമ്ഹോൾട്സ് സെന്റർ ഫോർ ഇൻഫെക്ഷൻ റിസർച്ചിലെയും പ്രഫ. മാർട്ടിൻ കോർട്ടെ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.