പ്രതീകാത്മക ചിത്രം

അമിതമായ ചൂട്‌; ലോകത്ത് ഓരോ മിനിട്ടിലും കുറഞ്ഞത്‌ ഒരാളെങ്കിലും മരിക്കുന്നുവെന്ന് റിപ്പോർട്ട്

ഓരോ മിനിട്ടിലും ലോകത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗത്ത്‌ കുറഞ്ഞത്‌ ഒരാളെങ്കിലും അമിതമായ ചൂട്‌ മൂലം മരിച്ചു വീഴുന്നതായി ലാന്‍സെറ്റ്‌ കൗണ്ട്‌ഡൗണ്‍ ഓണ്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ ക്ലൈമറ്റ്‌ ചേഞ്ച്‌ റിപ്പോര്‍ട്ട്‌. ഫോസിൽ ഇന്ധനങ്ങളോടുള്ള ലോകത്തിന്റെ ആസക്തി വിഷലിപ്തമായ വായു മലിനീകരണത്തിനും കാട്ടുതീക്കും ഡെങ്കിപ്പനി പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും കാരണമാകുന്നു. ആഗോള താപനം തടയുന്നതിലെ പരാജയം മൂലം ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഉയരുന്ന താപനില ഓരോ വര്‍ഷവും 5,50,000 പേരുടെ മരണത്തിന്‌ കാരണമാകുന്നതായി ദ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. 1990കളില്‍ നിന്ന്‌ 2025ലേക്ക്‌ എത്തുമ്പോള്‍ ഉയരുന്ന താപനില മൂലമുള്ള മരണങ്ങളില്‍ 63 ശതമാനത്തിന്റെ കുതിപ്പുണ്ടായതായും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. 71 സ്ഥാപനങ്ങളിലെ 128 ഗവേഷകരെ ഉള്‍പ്പെടുത്തിയാണ് ഈ വിലയിരുത്തല്‍ കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ആരോഗ്യത്തിന് എത്രത്തോളം ഭീഷണിയാണെന്നതിന്‍റെ ഗുരുതരമായ ഒരു ഓർമപ്പെടുത്തലാണ് ഈ കണക്കുകൾ.

ഉയർന്ന താപനില കാരണം കാർഷിക, നിർമാണ മേഖലകളിലെ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ കഴിയാത്തത്ര ചൂടുള്ള സമയങ്ങളുടെ എണ്ണം വർധിച്ചു. ഇത് ലോകമെമ്പാടുമുള്ള തൊഴിൽ സമയത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിച്ചു. വർധിച്ച താപനിലയും വരൾച്ചയും വിളകളുടെ വിളവിനെ പ്രത്യേകിച്ച് ചോളം, നെല്ല്, ഗോതമ്പ് എന്നിവയെ ബാധിക്കുന്നു. ഇത് ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാണ്. അന്തരീക്ഷത്തിലെ താപനില ക്രമാതീതമായി ഉയരുമ്പോൾ, മനുഷ്യശരീരത്തിന് അതിന്റെ സാധാരണ താപനില നിലനിർത്താൻ കൂടുതൽ പ്രയാസമാണ്.

2024ല്‍ ഭൂമിയിലെ കരഭാഗത്തിന്റെ 61 ശതമാനം പ്രദേശത്തും കടുത്ത വരള്‍ച്ച നേരിട്ടതായും ഇത്‌ 1950കളിലെ വരളര്‍ച്ചയുടെ മൂന്നിരട്ടിയാണെന്നും പഠന റിപ്പോര്‍ട്ട്‌ പറയുന്നു. 2024ല്‍ കാട്ടു തീ പുക മൂലം മരണപ്പെട്ടത്‌ 1,54,000 പേരാണ്‌. കൂടുതല്‍ ഉഷ്‌ണമുള്ളതും നനഞ്ഞതുമായ സാഹചര്യങ്ങള്‍ മൂലം ഡെങ്കിപ്പനിയുടെ വ്യാപന സാധ്യത ഏതാണ്ട്‌ 50 ശതമാനം വര്‍ദ്ധിച്ചതായും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കടുത്ത ഉഷ്‌ണം മൂലമുള്ള തൊഴില്‍ ഉത്‌പാദന നഷ്ടം 2024ല്‍ ഒരു ട്രില്യണ്‍ ഡോളര്‍ കടന്നതായും ചൂട്‌ മൂലമുള്ള രാത്രി കാലങ്ങളിലെ ഉറക്കം 9 ശതമാനം നഷ്ടമായതായും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

ചൂട് കൂടിയാൽ

ഹീറ്റ് സ്ട്രോക്ക് : ഹീറ്റ് സ്ട്രോക്ക് എന്നത് ശരീരം അമിതമായി ചൂടാവുകയും താപനില നിയന്ത്രിക്കാനാവാതെ 40°C (104°F) അല്ലെങ്കിൽ അതിൽ കൂടുതലായി ഉയരുകയും ചെയ്യുന്ന ഒരു ജീവന് അപകടകരമായ അവസ്ഥയാണ്. തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ബോധക്ഷയം എന്നിവ ലക്ഷണങ്ങളാണ്.

ഹീറ്റ് എക്സ്ഹോഷൻ: ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ചൂട് അധികരിക്കുമ്പോൾ ഉണ്ടാകുന്ന ഈ അവസ്ഥയിൽ കഠിനമായ ക്ഷീണം, തലകറക്കം, പേശി പിടുത്തം, വിയർപ്പ്, ഓക്കാനം എന്നിവ അനുഭവപ്പെടാം. ഇത് സൂര്യാഘാതത്തിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ, വേഗത്തിൽ തണുപ്പുള്ള സ്ഥലത്തേക്ക് മാറുക, വെള്ളം കുടിക്കുക, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, വൈദ്യസഹായം തേടുക എന്നിവ പ്രധാനമാണ്.

നിർജ്ജലീകരണം: അമിതമായി വിയർക്കുന്നതുവഴി ശരീരത്തിൽ നിന്നും ജലാംശം നഷ്ടമാകുന്നു. കടുത്ത ചൂടിൽ നമ്മൾ ധാരാളമായി വിയർക്കുകയും, ഈ വിയർപ്പിലൂടെ ശരീരത്തിന് ആവശ്യമായ വെള്ളവും പ്രധാനപ്പെട്ട ഇലക്ട്രോലൈറ്റുകളും (സോഡിയം, പൊട്ടാസ്യം പോലുള്ളവ) നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ ജലാംശവും ഇലക്ട്രോലൈറ്റുകളും വേണ്ടത്ര തിരികെ ലഭിക്കാതെ വരുമ്പോഴാണ് നിർജ്ജലീകരണം സംഭവിക്കുന്നത്.

Tags:    
News Summary - Extreme heat kills at least one person every minute worldwide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.