അഗളി: അട്ടപ്പാടിയിൽ യുവതി പ്രസവിച്ചയുടനെ കുഞ്ഞ് മരിച്ചു. ഷോളയൂർ സ്വർണപ്പിരിവ് ഉന്നതിയിലെ സുമിത്ര വെള്ളിങ്കിരിയുടെ കുഞ്ഞാണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. തൈറോയ്ഡ് രോഗിയായ യുവതിയുടെ ആറാമത്തെ ഗർഭധാരണമായിരുന്നു ഇത്. അഞ്ചു തവണ ഗർഭം അലസിയതിനാൽ ഇവരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. അഗളിയിലെ സ്വകാര്യ ആശുപത്രിയെയാണ് ഇവർ ഗർഭകാലത്തെ പരിചരണത്തിന് സമീപിച്ചിരുന്നത്.
പുലർച്ച അഞ്ചോടെ പ്രസവവേദന അനുഭവപ്പെട്ട യുവതി വീട്ടിൽതന്നെ പ്രസവിക്കുകയായിരുന്നു. കുഞ്ഞിന് 25 ആഴ്ചയും അഞ്ചു ദിവസവും മാത്രമേ വളർച്ചയെത്തിയിരുന്നുള്ളൂ. 750 ഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ആദ്യം അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് കോട്ടത്തറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അഗളി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂവെന്ന് ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. തുടർചികിത്സക്കായി യുവതി കോട്ടത്തറ താലൂക്ക് ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.