ന്യുഡൽഹി: എഗ്ഗോസ് (Eggoz) ബ്രാൻഡിന്റെ മുട്ടയിൽ നിരോധിത ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം സംശയിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി മുട്ട പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകി. രാജ്യത്തെങ്ങുമുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റീജണൽ ഓഫിസുകളോട് മുട്ടകൾ പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
നൈട്രോഫുറാൻസ് എന്ന നിരോധിത ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം മുട്ടയിൽ സംശയിച്ചതിനെത്തുടർന്നാണ് പരിശോധന. ബ്രാൻഡഡും അല്ലാത്തതുമായ എല്ലാ മുട്ട സാമ്പിളുകളും പരിശോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പത്ത് ലബോറട്ടറികളിൽ എത്തിച്ച് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം.
നൈട്രോഫുറാൻസ് എന്നത് ഒരു കൂട്ടം ആന്റി ബയോട്ടിക്കുകളാണ്. ഇത് കോഴിക്ക് കൊടുത്താൽ ഇതിന്റെ അംശം മുട്ടയിലും എത്തും. എന്നാൽ ശരീരത്തിന് ഹാനികരമായതിനാൽ ഗവൺമെന്റ് നിരോധിച്ചിട്ടുള്ള ആന്റിബയോട്ടിക്കാണ് ഇത്.
മുട്ടയിൽ ആന്റിബയോട്ടിക് അടങ്ങിയിട്ടുണ്ടെന്ന ഒരു ഓൺലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് ഉത്തരവിട്ടത്. എന്നാൽ ഈ റിപ്പോർട്ട് വന്നതിനെത്തുടർന്ന് കമ്പനി തങ്ങളുടെ മുട്ട ശുദ്ധമാണെന്ന്കാട്ടി വാർത്താകുറിപ്പിറക്കി. തങ്ങളുടെ വെബ്സൈറ്റിൽ ഏറ്റവും പുതിയ ലാബ് റിപ്പോർട്ട് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
അതേസമയം കോഴി ഫാമുകളിൽ വ്യാപകമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തെങ്ങും നിരോധിച്ചവയാണ് നൈട്രോഫുറാൻസ് എന്നും മുട്ട പാകം ചെയ്ത ശേഷവും ഇവയുടെ സാന്നിധ്യം ഉണ്ടാകുമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.