സൂര്യപ്രകാശം ഏറ്റില്ലെങ്കിൽ ഉത്കണ്ഠയുണ്ടാകുമോ? വിദഗ്ധർ പറയുന്നത്...

ആകാംക്ഷയും ഉത്കണ്ഠയും സാധാരണയായി മാനസികമായ കാരണങ്ങൾ കൊണ്ടാണെന്നാണ് നമ്മൾ കരുതുന്നത്. എന്നാൽ വിറ്റാമിൻ ഡിയുടെ കുറവ് പോലുള്ള ശാരീരിക കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്നത്തെ കാലത്ത് കൂടുതൽ സമയവും വീടിനുള്ളിൽ ചെലവഴിക്കുന്നതും സൂര്യപ്രകാശം ഏൽക്കാത്തതും വിറ്റാമിൻ ഡി കുറയാൻ കാരണമാകുന്നു.

വിറ്റാമിൻ ഡിയും ഉത്കണ്ഠയും തമ്മിലുള്ള ബന്ധം

മുംബൈ വോക്കാർഡ് ഹോസ്പിറ്റലിലെ ഡോ. റിതുജ ഉഗൽമുഗ്ലെയുടെ അഭിപ്രായത്തിൽ വിറ്റാമിൻ ഡിയുടെ കുറവ് നേരിട്ട് ഉത്കണ്ഠ ഉണ്ടാക്കില്ലെങ്കിലും, സമ്മർദങ്ങളെ പ്രതിരോധിക്കാനുള്ള മനസ്സിന്റെ കഴിവിനെ ഇത് ദുർബലപ്പെടുത്തും. വിറ്റാമിൻ ഡി ശരീരത്തിൽ കുറയുമ്പോൾ ആളുകൾക്ക് കൂടുതൽ പിരിമുറുക്കം, ക്ഷീണം, വൈകാരികമായ അസന്തുലിതാവസ്ഥ എന്നിവ അനുഭവപ്പെടാം. മനഃശാസ്ത്രജ്ഞയായ പ്രിയങ്ക ഭോസാലെ പറയുന്നത് വിറ്റാമിൻ ഡിയുടെ കുറവ് ഒരു ആംപ്ലിഫയർ പോലെ പ്രവർത്തിക്കുന്നു എന്നാണ്. അതായത് ഒരാൾക്ക് നേരത്തെ തന്നെ ഉത്കണ്ഠ ഉണ്ടെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവ് അത് വർധിപ്പിക്കുകയും സാഹചര്യങ്ങളെ നേരിടാനുള്ള കഴിവിനെ കുറക്കുകയും ചെയ്യും.

വിറ്റാമിൻ ഡി എന്തുകൊണ്ട് പ്രധാനം?

മനസ്സിന്റെ സന്തോഷവും മൂഡും നിയന്ത്രിക്കുന്ന സെറോടോണിൻ ഹോർമോണിന്റെ ഉത്പാദനത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. നാഡീവ്യൂഹങ്ങളെ സംരക്ഷിക്കാനും വീക്കം കുറക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ സമ്മർദ ഹോർമോണുകളെ നിയന്ത്രിക്കാൻ വിറ്റാമിൻ ഡി പങ്കുവഹിക്കുന്നു. ശരീരത്തിലെ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് ക്രമീകരിക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ ഡി കുറയുമ്പോൾ കോർട്ടിസോൾ അളവ് വർധിക്കുകയും ഇത് അമിതമായ ഉത്കണ്ഠക്കും ഉറക്കമില്ലായ്മക്കും കാരണമാവുകയും ചെയ്യും. അഡ്രിനാലിൻ പോലുള്ള ഹോർമോണുകളെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിലൂടെ മാനസിക സമ്മർദം കുറക്കാൻ ഇതിന് സാധിക്കുന്നു.

വിറ്റാമിൻ ഡി കുറവാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

അമിതമായ ക്ഷീണം, പേശിവേദന, അടിക്കടിയുണ്ടാകുന്ന അണുബാധകൾ, കാരണമില്ലാത്ത അസ്വസ്ഥതയും തളർച്ചയും, കൂടുതൽ സമയം വീടിനുള്ളിൽ ഇരുന്നതിന് ശേഷമോ തണുപ്പുകാലത്തോ ഉത്കണ്ഠ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിറ്റാമിൻ ഡിയുടെ കുറവായിരിക്കും.

ആർക്കൊക്കെയാണ് കൂടുതൽ സാധ്യത?

സ്ത്രീകൾ (ഹോർമോൺ വ്യതിയാനങ്ങൾ കാരണം), ഓഫീസുകൾക്കുള്ളിൽ ജോലി ചെയ്യുന്നവർ (IT പ്രൊഫഷണലുകൾ, വിദ്യാർഥികൾ),അമിതവണ്ണമുള്ളവർ, സാംസ്കാരികമോ മതപരമോ ആയ കാരണങ്ങളാൽ ശരീരം പൂർണ്ണമായി മറക്കുന്നവർ, ഇരുണ്ട ചർമമുള്ളവർ ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് വിറ്റാമിൻ ഡി കുറയാനും അതുവഴി മാനസികമായ പ്രയാസങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

പരിഹാരങ്ങൾ

സാധാരണഗതിയിൽ ഒരു മുതിർന്ന വ്യക്തിക്ക് പ്രതിദിനം 600-800 IU (അന്താരാഷ്ട്ര യൂണിറ്റുകൾ) വിറ്റാമിൻ ഡി ആവശ്യമാണ്. കുറവ് കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കുന്നത് മൂഡ്, ഉറക്കം, ഊർജ്ജസ്വലത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. വിറ്റാമിൻ ഡി അളവ് ശരിയാകുന്നത് ഉത്കണ്ഠ പൂർണ്ണമായും മാറ്റില്ലെങ്കിലും, മനസ്സിനെ കൂടുതൽ ശാന്തവും സന്തുലിതവുമായിരിക്കാൻ സഹായിക്കും. സാധാരണയായി രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്തെ വെയിൽ ഏൽക്കുന്നതാണ് വിറ്റാമിൻ ഡി ഉത്പാദനത്തിന് ഏറ്റവും ഫലപ്രദം.

Tags:    
News Summary - Can lack of sunlight trigger anxiety?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.