ജീവിതത്തിൽ പലതരം മനുഷ്യരുമായി നമുക്ക് ഇടപെടേണ്ടിവരും. ചിലരുമായി ഇടപഴകാൻ എളുപ്പമാകും. അൽപം ബുദ്ധിമുട്ടുള്ളവരെയും കാണേണ്ടിവരും. തങ്ങളുടെ അഭിപ്രായവും താൽപര്യവും മറ്റുള്ളവരിൽ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന സഹപ്രവർത്തകർമുതൽ, മുൻവിധിയോടെ കാണുന്ന ബന്ധുക്കൾ വരെയുണ്ടാകാം ഇങ്ങനെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളവരിൽ. അത്തരക്കാരെ ഡീൽ ചെയ്യുമ്പോൾ നമ്മുടെ മനസ്സമാധാനം നഷ്ടമാകാതെ നോക്കേണ്ടത് പ്രധാനമാണ്. അതിനുള്ള ചില മനഃശാസ്ത്ര വഴികളാണ് ഇനി പറയുന്നത്:
സുരക്ഷിതമായവരുമായി മനസ്സ് തുറക്കാം
നിങ്ങളുടെ വിഷമങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യാനാണെങ്കിൽ, അവയെ വിലമതിക്കുന്നവരുമായി മാത്രം സംസാരിക്കുക. തൊട്ടടുത്തുള്ള ഒരാളെ കിട്ടി എന്നു കരുതി ഇത്തരം സങ്കീർണവിഷയങ്ങൾ ചർച്ച ചെയ്യാൻ നിൽക്കരുത്. പ്രശ്നങ്ങൾക്ക് മറ്റൊരു വശവും അതിനെ മറ്റൊരു കാഴ്ചപ്പാടിൽ നോക്കിക്കാണുന്നവരും സർവോപരി നിങ്ങളുടെ ഗുണകാംക്ഷിയുമാണെങ്കിൽ മാത്രം മനസ്സു തുറക്കാം.
മാനസികമായി തയാറെടുക്കാം
ഭൂരിഭാഗം വ്യക്തികളുടെയും പ്രതികരണം നമുക്ക് നേരത്തേ മുൻകൂട്ടി കാണാൻ കഴിയും. അതിന് അനുസരിച്ച് മനസ്സ് ഉറപ്പിച്ചുനിർത്തിയാൽ, പെട്ടെന്നുണ്ടാകുന്ന ക്ഷോഭവും വിചാരിക്കാത്ത പ്രതികരണവും ഒഴിവാക്കാൻ സാധിക്കും.
അവരുടെ ബഹളങ്ങൾക്ക് നിന്നുകൊടുക്കാതിരിക്കാം
മാനേജ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവരുടെ ക്ഷോഭങ്ങൾക്കും ബഹളങ്ങൾക്കും അതുപോലെ പ്രതികരിച്ചാൽ മാത്രമേ അവർക്ക് നിങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയൂ. അതുകൊണ്ട്, ബഹളക്കാർ ബഹളം വെക്കട്ടെ, നിങ്ങൾ സൂപ്പർ പവറായി, ശാന്തമായി നിലകൊള്ളുക.
ഉടനടി പ്രതികരിക്കാതെ, ഒന്നു ചിന്തിച്ചശേഷം മറുപടിയാകാം
അധിക്ഷേപമോ പരിഹാസമോ നിങ്ങൾക്കുനേരെ വന്നുവെന്നിരിക്കട്ടെ, അതേ നാണയത്തിൽ പ്രതികരിക്കാൻ പറ്റിയ വാചകം നിങ്ങൾക്കും കിട്ടിയെന്നിരിക്കട്ടെ... എങ്കിലും പ്രതികരിക്കരുത്. അൽപം ചിന്തിക്കുക. പെട്ടെന്നുള്ളത് റിയാക്ഷനും ചിന്തിച്ച് പറയുന്നത് മറുപടിയുമായിരിക്കുമെന്നതിനാൽ, നിങ്ങൾക്ക് മേധാവിത്വം കിട്ടും. ശാന്തമായ മറുപടിയിലൂടെ നിങ്ങൾക്കാണ് കരുത്തു നൽകുക. അതോടെ ആ സാഹചര്യം മാറിമറിയുകയും ചെയ്യും.
കാര്യമാത്രപ്രസക്തമാണ് കാര്യം
ബുദ്ധിമുട്ടേറിയവരുമായി സംസാരിക്കുമ്പോൾ കാര്യത്തിൽ മാത്രം ഊന്നുക. അതും സ്ഥിരതയോടെ വേണം അവതരിപ്പിക്കാൻ. പഴയ വാഗ്വാദം ഓർമിപ്പിക്കാനൊന്നും നിൽക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.