ആമിർ ഖാന്റെ മകൾ എന്നതിലുപരി, സ്വന്തം വ്യക്തിത്വം കൊണ്ടും നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് ഇറ ഖാൻ. സോഷ്യൽ മീഡിയയുടെ അതിപ്രസരമില്ലാത്ത ഒരു കാലഘട്ടത്തിൽ വളർന്നുവന്ന ഇറ, തന്റെ ജീവിതശൈലിയെക്കുറിച്ചും മാനസികാരോഗ്യ പോരാട്ടങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. മറ്റുള്ളവർക്ക് ഒരുപക്ഷേ വിരസമെന്ന് തോന്നിയേക്കാമെങ്കിലും, രാത്രി നേരത്തെ ഉറങ്ങാൻ പോകുന്ന ആ ബോറിങ് വ്യക്തിയായിരിക്കാനാണ് തനിക്കിഷ്ടമെന്ന് ഇറ പറയുന്നു. ആഡംബരങ്ങളിലല്ല, മറിച്ച് പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ, കൃത്യമായ ഭക്ഷണശീലം, ചിട്ടയായ വ്യായാമം, ചെറിയ കാര്യങ്ങളിലെ ആനന്ദം എന്നിവയിലാണ് താൻ സന്തോഷം കണ്ടെത്തുന്നതെന്ന് ഇറ പറയുന്നു.
മാനസികാരോഗ്യ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാനായി ഇറ സ്ഥാപിച്ചതാണ് 'അഗത്സു ഫൗണ്ടേഷൻ'. സോഷ്യൽ മീഡിയ സ്വാധീനമില്ലാതെ വളർന്നത് തന്റെ ചിന്താഗതികളെ എങ്ങനെ പോസിറ്റീവായി സ്വാധീനിച്ചു എന്നും, സ്വയം പരിപാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അടുത്തിടെ നടന്ന അഭിമുഖത്തിൽ ഇറ വ്യക്തമാക്കി.
‘കഴിഞ്ഞ മൂന്ന് വർഷമായി ഓരോ വർഷവും ഇന്ത്യയിൽ പതിനെട്ട് വയസ്സിൽ താഴെയുള്ള 10,000ൽ അധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്നു. ഇത് ഗൗരവമായ കാര്യമാണെങ്കിലും, ഒരു പ്രശ്നം ഉണ്ടാകുമ്പോൾ മാത്രമാണ് നമ്മൾ പ്രതികരിക്കുന്നത്. പിന്നീട് എല്ലാവരും ഇത് മറന്നുപോകുന്നു. എട്ടു വർഷത്തെ കഠിനാധ്വാനത്തിലൂടെയും തെറാപ്പിയിലൂടെയും സ്വന്തം കാര്യം നോക്കാനും തന്നെത്തന്നെ വിശ്വസിക്കാനും പഠിച്ചതാണ് 2025ൽ ഞാൻ പഠിച്ച കാര്യങ്ങളിൽ പ്രധാനം. നല്ല ഫിറ്റ്നസ് നേടിയെടുക്കുക, ആരോഗ്യം ശ്രദ്ധിക്കുക, നല്ല ഫിറ്റ്നസ് നേടിയെടുക്കുക, അഗത്സു ഫൗണ്ടേഷന് വേണ്ടി പണം സമാഹരിക്കുക, ജീവിതത്തിൽ കുറച്ചുകൂടി സന്തോഷവും തമാശകളും കണ്ടെത്തുക എന്നിവയാണ് 2026ലെ എന്‍റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ’ -ഇറ പറയുന്നു.
‘വിഷാദരോഗത്തിലൂടെയുള്ള എന്റെ സ്വന്തം അനുഭവങ്ങൾക്കും അതിനോടനുബന്ധിച്ചുണ്ടായ സാഹചര്യങ്ങൾക്കും ശേഷം, ഈ മേഖലയിൽ എനിക്ക് കഴിയുന്നതെല്ലാം ചെയ്യണമെന്ന് തോന്നി. ഭയം, തിരിച്ചറിവ്, പ്രതീക്ഷ എന്നിവയിൽ നിന്നാണ് ഞാൻ ഇതിനായി പ്രവർത്തിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് തിരിച്ചറിവും പ്രതീക്ഷയുമാണ്. മാനസികാരോഗ്യ കാര്യങ്ങളിൽ കുടുംബത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ അവരെ ബുദ്ധിമുട്ടിലാക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. പലപ്പോഴും എനിക്ക് പറയാനുള്ളത് വ്യക്തമായി വിശദീകരിക്കാനും കഴിഞ്ഞിരുന്നില്ല. പക്ഷേ അത് അവരെ സമീപിക്കാൻ എനിക്ക് മടിയുള്ളതുകൊണ്ടോ പിന്തുണ ലഭിക്കില്ലെന്ന് തോന്നിയതുകൊണ്ടോ ആയിരുന്നില്ല.
എനിക്കും ജുനൈദിനും 15 വയസ്സുവരെ ഫോൺ ഉപയോഗിക്കാൻ അമ്മ അനുവാദം നൽകിയിരുന്നില്ല. അത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് വളരെ വൈകിയാണ് ഞാൻ ഇൻസ്റ്റാഗ്രാമിൽ സജീവമായത്. ഞാൻ റീൽസുകൾ കാണാറില്ല, എക്സ്പ്ലോർ പേജ് നോക്കാറില്ല, കമന്റ് സെക്ഷനുകളുടെ അടുത്തേക്ക് പോകാറുകൂടിയില്ല. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഞാൻ ഫോൺ മാറ്റിവെക്കാറുണ്ട്. കാരണം ഇമെയിലുകൾ നോക്കി സമയം പോകുന്നത് ഒഴിവാക്കാൻ വേണ്ടിയാണിത്.
എന്റെ ഡിജിറ്റൽ ശുചിത്വം അത്ര മോശമല്ല. വിഡിയോ ഗെയിമുകൾ കളിക്കുന്നത് നിർത്തി ഫോണിലെ ഗെയിമുകളിലേക്ക് മാറിയതിൽ എനിക്ക് പണ്ട് ദേഷ്യം തോന്നുമായിരുന്നു. എല്ലാവരും ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു ശീലം ഞാൻ എന്തിനാണ് മനപ്പൂർവ്വം വളർത്തിയെടുക്കുന്നത് എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ഷോകൾ കാണുന്ന കാര്യത്തിൽ എനിക്ക് അനാരോഗ്യകരമായ ഒരു ശീലം വരാറുണ്ട്. മാനസികമായി അത്ര സുഖകരമല്ലാത്ത അവസ്ഥയിലാണെങ്കിൽ, വിഡിയോകൾ കാണുന്നത് ഞാൻ വാരാന്ത്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തും. അതും മനസ്സിന് സന്തോഷം നൽകുന്ന ലളിതമായ കാര്യങ്ങൾ മാത്രമേ കാണാറുള്ളൂ’ ഇറ പറയുന്നു.
‘കഴിഞ്ഞ എട്ട് വർഷമായി ഞാൻ പടിപടിയായി രൂപപ്പെടുത്തിയെടുത്ത മികച്ചൊരു രീതിയുണ്ട്. ഇത് മാറ്റങ്ങൾക്ക് വിധേയമാക്കാവുന്നതും എന്നാൽ കൃത്യമായ ഒരു ചട്ടക്കൂടുള്ളതുമാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എനിക്ക് എന്താണോ ആവശ്യമായത് അത് ചെയ്യാൻ ഈ രീതി എന്നെ സഹായിക്കുന്നു. രാത്രിയിൽ ആവശ്യത്തിന് ഉറങ്ങുക എന്നത് എനിക്ക് വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. നേരത്തെ ഉറങ്ങാൻ പോകുന്ന 'ബോറൻ' വ്യക്തി എന്ന് വിളിക്കപ്പെടാൻ എനിക്ക് സന്തോഷമേയുള്ളൂ. നന്നായി ഉറങ്ങി എഴുന്നേൽക്കുമ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നാറുണ്ട്. അത് ആ ദിവസം മുഴുവൻ ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാൻ എന്നെ സഹായിക്കുന്നു.
ജീവിതത്തിന്റെ ഭാഗമായി എപ്പോഴും ചെയ്യേണ്ട കാര്യങ്ങളും, മാനസികാവസ്ഥ മോശമാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളും എന്നിങ്ങനെ സ്വയംപരിചരണത്തെ ഞാൻ രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. മാനസികമായ തളർച്ചയിൽ നിന്ന് പുറത്തുകടക്കാൻ കുളിക്കുന്നത് എന്നെ സഹായിക്കാറുണ്ട്. സമ്മർദവും ഉത്കണ്ഠയും ഒഴിവാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾക്കും വ്യക്തികൾക്കുമായി സമയം മാറ്റിവെക്കാനും ഞാൻ ശ്രദ്ധിക്കുന്നു. ഭക്ഷണം കഴിക്കുക, ഉറങ്ങുക, വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, ആളുകളുമായി സംവദിക്കുക ഇവയെല്ലാം ശ്രദ്ധയോടെ ചെയ്യാൻ പഠിച്ചാൽ, എങ്ങനെ, എത്രത്തോളം, എപ്പോൾ, ആരുടെ കൂടെ വേണം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് തനിയെ ബോധ്യമുണ്ടാകും.
ഞാൻ ആദ്യമായി പോപ്പായെ പരിചയപ്പെടുന്നത് ഒരു ഫിറ്റ്‌നസ് ട്രെയിനർ എന്ന നിലയിലാണ്. കോളേജ് പഠനത്തിന് ശേഷം ഞാൻ ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമാണ് ഞങ്ങളുടെ ബന്ധം പ്രണയമായി മാറിയത്. അതുകൊണ്ട് തന്നെ, ഓട്ടം ഒഴികെയുള്ള എന്റെ എല്ലാ ഫിറ്റ്‌നസ് ലക്ഷ്യങ്ങളിലും അദ്ദേഹം തീർച്ചയായും എനിക്കൊരു പ്രചോദനമാണ്. ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോൾ മുതൽ അദ്ദേഹം ചെയ്യിപ്പിക്കുന്ന വർക്കൗട്ടുകളിൽ ഓട്ടം ഉൾപ്പെടുത്തിയാൽ ഞാൻ പരാതിപ്പെടുമായിരുന്നു. അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തിയിരുന്ന സമയത്തായിരുന്നു ഞാൻ ഏറ്റവും ഫിറ്റ് ആയിരുന്നത്. എന്നാൽ താമസിയാതെ ഞാൻ യൂണിവേഴ്സിറ്റി പഠനത്തിനായി പോയി. അവിടെ വെച്ച് എനിക്ക് സ്ലിപ്പ്ഡ് ഡിസ്ക് ബാധിച്ചു. അതോടൊപ്പം ശരീരപ്രകൃതിയെക്കുറിച്ചുള്ള ആശങ്കകളും ആത്മവിശ്വാസക്കുറവും കാരണം വ്യായാമം ചെയ്യുന്നതിനോട് എനിക്ക് വലിയ പേടിയായി.
എങ്കിലും അദ്ദേഹം ഇപ്പോഴും എനിക്കൊരു പ്രചോദനമാണ്, എന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. അദ്ദേഹത്തോടൊപ്പം വീണ്ടും വർക്കൗട്ട് തുടങ്ങാനായി ഞാൻ എന്നെത്തന്നെ പാകപ്പെടുത്തിയെടുക്കുകയാണ്. ഒരു ക്ലയന്റ് എന്ന നിലയിലല്ല, അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തും എന്ന നിലയിൽ. എന്റെ ഏറ്റവും മികച്ച ഫിറ്റ്‌നസ് നിലവാരത്തിൽ എത്തുന്നതിലുപരി, അദ്ദേഹത്തോടൊപ്പം വർക്കൗട്ട് ചെയ്യുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന കാര്യമെന്നും’ ഇറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.