‘അന്ന് മരിച്ചുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു’; പ്രശസ്തി മാനസികാരോഗ്യത്തെ തകർക്കുമ്പോൾ...

ഹോളിവുഡ് താരം എമിലിയ ക്ലാർക്ക് തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും ഭാവി കരിയറിനെക്കുറിച്ചും അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വാർത്തയായിരിക്കുകയാണ്. 'ഗെയിം ഓഫ് ത്രോൺസ്' എന്ന പരമ്പരയിലെ ഡെനീറിസ് ടാർഗേറിയൻ എന്ന കഥാപാത്രത്തിലൂടെയാണ് എമിലിയ ലോകമെമ്പാടും ശ്രദ്ധ നേടിയത്. 2019ൽ 'ഗെയിം ഓഫ് ത്രോൺസ്' അവസാനിച്ചതിന് പിന്നാലെ താൻ ഒരു വലിയ മാനസിക തകർച്ചയിലൂടെ കടന്നുപോയെന്ന് എമിലിയ വെളിപ്പെടുത്തി. ഏകദേശം പത്ത് വർഷത്തോളം നീണ്ടുനിന്ന കഠിനമായ ഷൂട്ടിങ്ങും പ്രശസ്തിയും പെട്ടെന്ന് അവസാനിച്ചപ്പോൾ ഉണ്ടായ ശൂന്യതയാണ് ഇതിന് കാരണമായത്.

‘ഏകദേശം പത്ത് വർഷത്തോളം നീണ്ടുനിന്ന കഠിനമായ ഷൂട്ടിങ്ങും പ്രശസ്തിയും പെട്ടെന്ന് അവസാനിച്ചപ്പോൾ ഉണ്ടായ ശൂന്യത വളരെ വലുതായിരുന്നു. ആ സമയത്ത് വന്ന ലോക്ക്ഡൗൺ തനിക്ക് ഒരു അനുഗ്രഹമായെന്ന് താരം പറയുന്നു. ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ചിന്തിക്കാനും ആ സമയം സഹായിച്ചു.സീരീസ് ചിത്രീകരണത്തിനിടയിൽ രണ്ട് തവണ തലച്ചോറിലെ രക്തസ്രാവത്തെ അതിജീവിച്ചു. അന്ന് മരിച്ചുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു’. ഇനി ഡ്രാഗണുകളുടെ പുറത്ത് കയറുന്ന വേഷങ്ങളോ അല്ലെങ്കിൽ ഫാൻറസി സിനിമകളോ ചെയ്യാൻ താൽപ്പര്യമില്ലെന്ന് എമിലിയ വ്യക്തമാക്കി. കരിയറിന്റെ തുടക്കത്തിൽ ലഭിച്ച വേഷങ്ങൾ തന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചുള്ളവ ആയിരുന്നില്ലെന്നും, ഒരു പീരങ്കിയിൽ നിന്ന് വെടിയുണ്ട പായുന്നത് പോലെയാണ് തന്റെ കരിയർ മുന്നോട്ട് പോയതെന്നും താരം കൂട്ടിച്ചേർത്തു. ഇനി മുതൽ സ്വന്തം ഇഷ്ടപ്രകാരമുള്ള വേഷങ്ങൾ തിരഞ്ഞെടുക്കാനാണ് അവരുടെ തീരുമാനം.

പ്രശസ്തി മാനസികാരോഗ്യത്തെ തകർക്കുമ്പോൾ

പത്ത് വർഷം എന്നത് ഒരു ചെറിയ കാലയളവല്ല. തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം എമിലിയ ചിലവഴിച്ചത് 'ഡെനേറിസ്' എന്ന കഥാപാത്രമായിട്ടാണ്. ഷൂട്ടിങ് അവസാനിക്കുമ്പോൾ, ആ കഥാപാത്രത്തിൽ നിന്ന് പുറത്തുവരുന്ന ഒരാൾക്ക് ഞാൻ യഥാർത്ഥത്തിൽ ആരാണ്?"എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വരുന്നു. ഇതിനെ പോസ്റ്റ് പ്രോജക്ട് ഡിപ്രഷൻ എന്ന് വിളിക്കുന്നു. ദിവസവും നൂറുകണക്കിന് ആളുകൾക്ക് നടുവിൽ, തിരക്കിട്ട ഷൂട്ടിങ് ഷെഡ്യൂളുകളിൽ കഴിഞ്ഞിരുന്ന ഒരാൾ പെട്ടെന്ന് ഒറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന ആഘാതം വലുതാണ്. പുറംലോകത്തിന് മുന്നിൽ എപ്പോഴും സന്തോഷവതിയായി അഭിനയിക്കേണ്ടി വരുന്നത് വലിയൊരു ബാധ്യതയാണ്. എമിലിയ തന്നെ പറഞ്ഞിട്ടുണ്ട്, തന്റെ രോഗാവസ്ഥ പുറംലോകം അറിഞ്ഞാൽ തന്നെ ജോലിയിൽ നിന്ന് മാറ്റുമോ എന്ന ഭയം അവരെ വേട്ടയാടിയിരുന്നെന്ന്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

അഡ്രിനാലിൻ ക്രാഷ് : വർഷങ്ങളോളം ഉയർന്ന സമ്മർദത്തിലും ആവേശത്തിലും പണിയെടുക്കുന്ന തലച്ചോർ, പെട്ടെന്ന് വിശ്രമത്തിലേക്ക് മാറുമ്പോൾ ഒരുതരം ക്രാഷ് അനുഭവിക്കുന്നു. ഇത് കടുത്ത നിരാശയിലേക്കും ശൂന്യതയിലേക്കും നയിക്കാം.

സാമൂഹികമായ വേർതിരിവ്: പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ സാധാരണ ജീവിതം നയിക്കാൻ കഴിയില്ല. ഷൂട്ടിങ് കഴിഞ്ഞു സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ പഴയ സൗഹൃദങ്ങളോ സാഹചര്യങ്ങളോ അവിടെ ഉണ്ടാകണമെന്നില്ല.

അടുത്തത് എന്ത്?: ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു വലിയ കാര്യം ചെയ്തു കഴിഞ്ഞാൽ ഇനി ഇതിനേക്കാൾ വലുത് എന്ത് എന്ന ചിന്ത ഒരു വ്യക്തിയെ തളർത്തും.

Tags:    
News Summary - When fame destroys mental health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.