ചിലരെ സംബന്ധിച്ചിടത്തോളം വീട്ടിലിരിക്കുന്നത് വിരസമായ കാര്യമല്ല. അത് വളരെ സംതൃപ്തി നൽകുന്ന ഒന്നാണ്. വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്നവരെ പലപ്പോഴും സമൂഹം മടിയന്മാരെന്നോ സാമൂഹിക ബന്ധങ്ങളിൽ താൽപര്യമില്ലാത്തവരെന്നോ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ മനഃശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത് വീട്ടിൽ സമയം ചെലവഴിക്കാനിഷ്ടപ്പെടുന്നത് ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട സ്വാഭാവികമായൊരു പ്രവണതയാണെന്നതാണ്.
മനഃശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത്തരക്കാർക്ക് സമ്പന്നമായ ആന്തരിക ലോകമാണുള്ളത്. അവരുടെ മനസ്സ് സജീവവും സർഗാത്മകവും സ്വയം വിനോദം നൽകുന്നതുമാണ്. സ്വന്തം ചിന്തകളിലും ആശയങ്ങളിലും മുഴുകി സമയം ചെലവഴിക്കാനാകുന്നതിനാൽ പുറംലോകത്തിലെ അമിത ഉത്തേജനങ്ങൾ ഇവർക്കാവശ്യമായി വരാറില്ല.
നിശബ്ദതയും ഏകാന്തതയും ഇവരെ അസ്വസ്ഥരാക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വികാരങ്ങളെ സ്വയം നിയന്ത്രിക്കാനുള്ള കഴിവ് കൂടുതലായതിനാൽ മാനസിക സമത്വം നിലനിർത്താൻ ഇവർക്കാകുന്നു.
സാമൂഹിക ബന്ധങ്ങളെ പൂർണമായി ഒഴിവാക്കുന്നവരല്ല ഇവർ. പക്ഷേ അനവധി ബന്ധങ്ങൾക്കുപകരം അർഥവത്തായ കുറച്ച് ബന്ധങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
സ്വയം ശ്രദ്ധാകേന്ദ്രമാകുകയോ പ്രകടനം കാഴ്ചവെക്കുകയോ ചെയ്യുന്നതിനേക്കാൾ ജീവിതത്തെ നിരീക്ഷിക്കുകയും ആലോചിക്കുകയും ചെയ്യാനാണ് ഇവർ കൂടുതൽ താൽപര്യം കാണിക്കുന്നത്.
വീട്ടിലിരിക്കുക ഇവർക്കൊരു ഒറ്റപ്പെടലല്ല, മറിച്ച് സ്വാതന്ത്ര്യമാണ് എന്നാണ് മനഃശാസ്ത്ര വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത് . ഒറ്റയ്ക്കുള്ള സമയം ഇവരുടെ ആത്മബോധം വർധിപ്പിക്കുകയും സ്വയം മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ലളിതമായ കാര്യങ്ങളിലും ചെറിയ സന്തോഷങ്ങളിലും തൃപ്തി കണ്ടെത്താൻ ഇവർക്കാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.