ഈ വർഷത്തെ നിങ്ങളുടെ പുതുവർഷ പ്രതിജ്ഞ എന്തൊക്കെയായിരുന്നു -പ്രഭാത നടത്തം, യോഗ, വ്യായാമം, ഷുഗർലെസ് ചായ? പൊതുവിൽ ഇങ്ങനെയൊക്കെയാണ് നമ്മുടെ റെസല്യൂഷൻസ്. എല്ലാം ഒരർഥത്തിൽ ‘ശാരീരിക’മാണ്. അതോടൊപ്പം, മാനസിക ഉല്ലാസത്തിനും വഴിവെക്കും. ഇത്തരം റെസല്യൂഷനുകളിൽ കലയും ക്രിയേറ്റിവിറ്റിയുമെല്ലാം ഉൾപ്പെടുത്തിയാൽ എങ്ങനെയിരിക്കും? നേട്ടം ഇരട്ടിയായിരിക്കുമെന്നാണ് വിവിധ മേഖലകളിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
മനുഷ്യന്റെ മനസ്സിനെ കൂടുതൽ ശാന്തമാക്കുന്നതിൽ കലയ്ക്കും ക്രിയേറ്റിവിറ്റിക്കും വലിയ പങ്കുണ്ടെന്നതിന് ഒട്ടേറെ പഠനങ്ങൾ ലഭ്യമാണിന്ന്. പാട്ട്, നൃത്തം, വായന, ക്രാഫ്റ്റിങ് തുടങ്ങിയ ശീലങ്ങൾ മാനസിക പിരിമുറുക്കങ്ങളെ ലഘൂകരിക്കും. മനോസമ്മർദംകുറയ്ക്കാൻ മ്യൂസിക് തെറപ്പി നല്ലതാണെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്യാട്രിയിൽ വന്ന ഒരു പഠനം വ്യക്തമാക്കുന്നു.
സ്ഥിരമായി സിനിമ കാണുക, മ്യൂസിക് ഷോകൾക്ക് പോവുക, മ്യൂസിയങ്ങളും ആർട്ട് ഗാലറികളും സന്ദർശിക്കുക തുടങ്ങിയ ശീലങ്ങളുള്ളവർക്ക് മാനസിക പിരിമുറുക്കങ്ങൾക്കുള്ള സാധ്യത പകുതിയാണെന്നും ഇതേ പഠനത്തിൽ വായിക്കാം. ന്യൂറോ സയൻസ് ഗവേഷണങ്ങളും മനഃശാസ്ത്ര പരീക്ഷണങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്, നമ്മൾ കലകളിൽ ഏർപ്പെടുമ്പോൾ, നമ്മുടെ തലച്ചോറിന് സന്തോഷം നൽകാൻ ആഗ്രഹിക്കുന്നത് നമ്മൾ നൽകുന്നു എന്നാണ് - ഭക്ഷണം, ലൈംഗികത, മരുന്നുകൾ എന്നിവയാൽ സജീവമാകുന്ന അതേ ആനന്ദ-പ്രതിഫലന ശൃംഖലകളെയാണ് നമ്മൾ തലച്ചോറിൽ സജീവമാക്കുന്നത്. കൂടാതെ, നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഡോപാമൈൻ പോലുള്ള ഹോർമോണുകളുടെ ഗുണങ്ങൾ നാം അനുഭവിക്കുകയും ചെയ്യുന്നു.
പ്രഭാതത്തിൽ അൽപം വായിക്കുന്നത് നല്ലതാണ്. അതല്ലെങ്കിൽ കുറച്ചുനേരം സംഗീതം ശ്രവിക്കാം. നിശ്ചിത ദിവസം കണക്കാക്കി ഒരു ക്രാഫ്റ്റിങ് പഠിക്കാം. ദിവസവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഴുകുന്നതോടെ വലിയ അളവിൽ സ്ട്രെസ് ഒഴിവാക്കാം. ഒരു ക്രിയേറ്റീവ് വർക്ക് പഠിക്കുകയും ചെയ്യാം.
നമ്മുടെ അടുത്ത പ്രദേശങ്ങളിലുള്ള മ്യൂസിയങ്ങൾ, ആർട്ട് ഗാലറികൾ തുടങ്ങിയവ സന്ദർശിക്കുന്നതും നല്ലതാണ്. ഇതിനെ ഒരു റെസല്യൂഷനാക്കി മാറ്റുകയും ചെയ്യാം. അതായത്, ‘ഇനി എന്റെ നാട്ടിൽ നടക്കുന്ന മുഴുവൻ എക്സിബിഷനുകളും ഞാൻ സന്ദർശിക്കുമെ’ന്ന പ്രതിജ്ഞ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.