മണിക്കൂറുകളോളം ഫോണിലാണോ, കുനിഞ്ഞിരുന്ന് പണിയെടുക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ ‘ടെക് നെക്’ വരാനുള്ള സാധ്യത കൂടുതലാണ്

ഇന്നത്തെ സ്‌ക്രീൻ നിറഞ്ഞ ലോകത്ത് നമ്മളിൽ മിക്കവരും മണിക്കൂറുകളോളം ലാപ്‌ടോപ്പുകളിൽ കുനിഞ്ഞിരുന്നും, ഫോണുകളിൽ സ്‌ക്രോൾ ചെയ്തും, ടാബ്‌ലെറ്റുകളിലും ഇരിക്കുന്നു. നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും തല മുന്നോട്ട് ചരിഞ്ഞ് നിൽക്കുന്നത് ശരീരത്തെ ബാധിക്കുന്നു. ഈ അവസ്ഥയാണ് ‘ടെക് നെക്ക്’. കഴുത്ത് മുന്നോട്ട് കുനിച്ച് ദീർഘനേരം ഉപകരണങ്ങളിൽ നോക്കിയിരിക്കുമ്പോൾ കഴുത്തിനും തോളുകൾക്കും നടുവിനും ഉണ്ടാകുന്ന വേദന, ബുദ്ധിമുട്ട്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയെയാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങൾ. 

സാധാരണയായി നമ്മുടെ തലക്ക് ഏകദേശം 4.5 മുതൽ 5.5 കിലോഗ്രാം (10-12 പൗണ്ട്) ഭാരമുണ്ട്. എന്നാൽ കഴുത്ത് മുന്നോട്ട് കുനിച്ച് ഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ തലയുടെ ഭാരം കഴുത്തിലെ പേശികൾക്കും നട്ടെല്ലിനും താങ്ങാവുന്നതിലും അധികമായി വർധിക്കുന്നു. ഈ അമിത ഭാരം ദീർഘനേരം കഴുത്തിലെ പേശികളിലും ലിഗമെന്റുകളിലും നട്ടെല്ലിലും സമ്മർദ്ദം ചെലുത്തുമ്പോഴാണ് ടെക് നെക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

​ടെക് നെക്കിന്റെ ലക്ഷണങ്ങൾ

​കഴുത്തിന്റെ പിൻഭാഗത്തും വശങ്ങളിലും നീണ്ടുനിൽക്കുന്ന വേദന, തോളുകളിലും തോളെല്ലിന്റെ ഭാഗത്തും വേദനയും പേശീ മുറുക്കവും, കഴുത്തിലെ പേശികളിലെ മുറുക്കം കാരണം ഉണ്ടാകുന്ന ടെൻഷൻ, തലവേദന, കഴുത്ത് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, ചിലപ്പോൾ കഴുത്തിലെ മരവിപ്പ്, കഴുത്തിലെ സമ്മർദ്ദം നട്ടെല്ലിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമ്പോഴുണ്ടാകുന്ന നടുവേദന, കഴുത്തിൽ നിന്നുള്ള ഞരമ്പുകൾക്ക് സമ്മർദ്ദം വരുമ്പോൾ കൈകളിലേക്കും വിരലുകളിലേക്കും പടരുന്ന വേദനയും മരവിപ്പുമൊക്കെ ഇതിന്‍റെ ലക്ഷണങ്ങളാണ്. അമിത ഭാരവും ടെക് നെക്കിന്റെ സാധ്യത വർധിപ്പിക്കും.

എങ്ങനെ ഒഴിവാക്കാം?

ഫോൺ, ടാബ്‌ലെറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ കഴുത്ത് നേരെയാക്കി പിടിക്കുക. കണ്ണുകൾക്ക് നേരെയായി സ്ക്രീൻ വെക്കാൻ ശ്രമിക്കുക.സ്മാർട്ട്ഫോൺ കണ്ണുകൾക്ക് നേരെ ഉയർത്തിപ്പിടിക്കുക, ലാപ്ടോപ്പ് ഉപയോഗിക്കുമ്പോൾ ഒരു സ്റ്റാൻഡ് ഉപയോഗിച്ച് സ്ക്രീൻ ഉയർത്തുക. കൂടുതൽ നേരം വായിക്കുന്നതിനോ സ്ട്രീമിങ് ചെയ്യുന്നതിനോ മുന്നോട്ട് ചാരി കഴുത്ത് താഴേക്ക് വളക്കുന്നതിന് പകരം നിങ്ങളുടെ ഉപകരണം ഒരു മേശയിൽ വെക്കുന്നതാണ് നല്ലത്.

ഐസ് പാക്കുകൾ വീക്കവും മരവിപ്പും കുറക്കുന്നു. പ്രത്യേകിച്ച് അസ്വസ്ഥത ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ 48 മണിക്കൂറിൽ. മറുവശത്ത് ഹീറ്റ് പാഡുകൾ പേശികളെ വിശ്രമിക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു. ഓരോ 20-30 മിനിറ്റിലും ചെറിയ ഇടവേളകൾ എടുത്ത് കഴുത്ത്, തോളുകൾക്ക് വ്യായാമം നൽകുക. കഴുത്ത്, തോളുകൾ, പുറം ഭാഗങ്ങളിലെ പേശികളെ ബലപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുക. കഴുത്ത് വട്ടത്തിൽ ചലിപ്പിക്കുക, തോളുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക തുടങ്ങിയ ലഘുവായ വ്യായാമങ്ങൾ ടെക് നെക്ക് ഒഴിവാക്കാൻ സഹായിക്കും. ഭാരം നിയന്ത്രിക്കേണ്ടതും അത്യാവശ്യമാണ്. ടെക് നെക്ക് സാധാരണമായ അവസ്ഥയാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

Tags:    
News Summary - How to prevent and fix ‘tech neck’ before it becomes a pain in the neck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.