റാം ചരണിനും ഉപാസനക്കും ഇരട്ടക്കുട്ടികൾ; വീണ്ടും ചർച്ചയായി എഗ്ഗ് ഫ്രീസിങ്ങും ഐ.വി.എഫും

റാം ചരണും ഭാര്യ ഉപാസന കൊണിഡേലയും വീണ്ടും മാതാപിതാക്കളായ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇത്തവണ ഇരട്ടക്കുട്ടികളാണ് (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) ഇവരുടെ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത്. റാം ചരണിന്റെയും ഉപാസനയുടെയും കുടുംബത്തിലേക്ക് പുതിയ അതിഥികൾ എത്തിയതോടെ അവർക്ക് ഇപ്പോൾ മൂന്ന് കുട്ടികളാണുള്ളത്. ക്ലിൻ കാര കൊണിഡേല റാം ചരണിന്റെയും ഉപാസനയുടെയും ആദ്യ മകൾ.

റാം ചരണിനും ഉപാസനക്കും ഇരട്ടക്കുട്ടികൾ ജനിച്ച വിവരം ചിരഞ്ജീവിയാണ് ഔദ്യോഗികമായി പങ്കുവെച്ചത്. ‘അങ്ങേയറ്റം സന്തോഷത്തോടും നന്ദിയോടും കൂടി അറിയിക്കട്ടെ, റാം ചരണിനും ഉപാസനക്കും ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുന്നു. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. മുത്തശ്ശി എന്ന നിലയിലും മുത്തച്ഛൻ എന്ന നിലയിലും ഞങ്ങൾക്ക് ഇത് അനുഗ്രഹീത നിമിഷമാണ്’ -ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുട്ടികളുടെ ജനനവാർത്തക്കൊപ്പം തന്നെ ഉപാസന മുമ്പ് നൽകിയ ഒരു ഉപദേശവും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞ വർഷം ഐ.ഐ.ടി ഹൈദരാബാദിലെ വിദ്യാർഥിനികളോട് സംസാരിക്കവെ, സ്ത്രീകൾ തങ്ങളുടെ കരിയറിന് മുൻഗണന നൽകുന്നതിനായി 'എഗ്ഗ് ഫ്രീസിങ്' എന്ന സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ഉപാസന നിർദേശിച്ചിരുന്നു. ‘സ്ത്രീകൾക്ക് അവരുടെ വിവാഹവും മാതൃത്വവും എപ്പോൾ വേണമെന്ന് തീരുമാനിക്കാനുള്ള വലിയൊരു ഇൻഷുറൻസ് ആണ് എഗ്ഗ് ഫ്രീസിങ്. സാമ്പത്തികമായി സ്വതന്ത്രരായ ശേഷം സ്വന്തം ഇഷ്ടപ്രകാരം അമ്മയാകാൻ ഇത് സ്ത്രീകളെ സഹായിക്കുമെന്നും’ ഉപാസന പറഞ്ഞിരുന്നു.

അപ്പോളോ ഹോസ്പിറ്റൽസ് സ്ഥാപകൻ പ്രതാപ് സി. റെഡ്ഡിയുടെ കൊച്ചുമകളായ ഉപാസന, വന്ധ്യതാ ക്ലിനിക്കുകളുടെയും ഐ.വി.എഫ് ചികിത്സയുടെയും പ്രചാരണത്തിനായാണ് ഇത് പറയുന്നതെന്ന് അന്ന് വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുതിയ ഇന്ത്യയിലെ സ്ത്രീകൾ കരിയറിൽ കൂടുതൽ ശ്രദ്ധാലുക്കളാണെന്നും അതിനെ പിന്തുണക്കാനാണ് താൻ ആഗ്രഹിച്ചതെന്നും ഉപാസന വ്യക്തമാക്കി.

എഗ്ഗ് ഫ്രീസിങ്ങും ഐ.വി.എഫും

സ്ത്രീകളുടെ പ്രായം കൂടുംതോറും അണ്ഡങ്ങളുടെ ഗുണനിലവാരവും എണ്ണവും കുറയാൻ സാധ്യതയുണ്ട്. ഇത് ഭാവിയിൽ ഗർഭം ധരിക്കുന്നതിന് തടസ്സമായേക്കാം. അതിനാൽ, പ്രായം കുറഞ്ഞിരിക്കുമ്പോൾ തന്നെ സ്ത്രീയുടെ ശരീരത്തിൽ നിന്ന് ആരോഗ്യപ്രദമായ അണ്ഡങ്ങൾ ശേഖരിച്ച് അതിശൈത്യത്തിൽ സൂക്ഷിക്കുന്ന രീതിയാണിത്. വർഷങ്ങൾക്ക് ശേഷം എപ്പോഴാണോ കുട്ടി വേണമെന്ന് തീരുമാനിക്കുന്നത്, അപ്പോൾ ഈ അണ്ഡങ്ങൾ പുറത്തെടുത്ത് ഉപയോഗിക്കാം. ഇതൊരു ചെലവേറിയ പ്രക്രിയയാണ്. എല്ലാ അണ്ഡങ്ങളും വിജയകരമായി ഗർഭധാരണത്തിലേക്ക് നയിക്കണമെന്നില്ല. സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും ശരീരത്തിന് പുറത്ത് ലാബിൽ വെച്ച് ബീജസങ്കലനം നടത്തി, രൂപപ്പെടുന്ന ഭ്രൂണം ഗർഭാശയത്തിൽ നിക്ഷേപിക്കുന്ന അത്യാധുനിക വന്ധ്യതാ ചികിത്സാ രീതിയാണ് ഐ.വി.എഫ് (In Vitro Fertilization - IVF). 

Tags:    
News Summary - Ram Charan, wife Upasana welcome twins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.