ഫ്രോസൺ ഷോൾഡർ (Frozen Shoulder) അഥവാ അഡെസീവ് കാപ്സുലൈറ്റിസ് എന്നത് തോളിലെ സന്ധിയിൽ വേദനയും മുറുക്കവും ചലനക്കുറവും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. തോളിന്റെ സന്ധികൾക്ക് ചുറ്റുമുള്ള കോശങ്ങൾ കട്ടിയാവുകയും അവിടെ വീക്കം സംഭവിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. കൈമുട്ട് അല്ലെങ്കിൽ തോളെല്ല് ചലിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവും. പ്രമേഹമുള്ളവരിലും 40-60 വയസ്സിനിടയിലുള്ളവരിലുമാണ് ഇതി കൂടുതലായി കാണപ്പെടുന്നത്.
ഫ്രീസിങ് സ്റ്റേജ്: വേദന സാവധാനം കൂടുകയും തോളിന്റെ ചലനം കുറയുകയും ചെയ്യുന്നു. (6 മുതൽ 9 മാസം വരെ)
ഫ്രോസൺ സ്റ്റേജ്: വേദന കുറഞ്ഞേക്കാം, പക്ഷേ തോളിലെ മരവിപ്പ് ശക്തമായിരിക്കും. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രയാസപ്പെടും. (4 മുതൽ 12 മാസം വരെ)
തോയിങ് സ്റ്റേജ്: സന്ധികളുടെ ചലനശേഷി സാവധാനം തിരികെ ലഭിക്കുന്ന ഘട്ടം. (6 മാസം മുതൽ 2 വർഷം വരെ)
പ്രമേഹരോഗികളിൽ ഈ അവസ്ഥ വരാനുള്ള സാധ്യത കൂടുതലാണ്. കൈക്കോ തോളിനോ പരിക്കേറ്റ് ദീർഘകാലം അനക്കാതിരുന്നവർക്കും ഇതിനുള്ള സാധ്യത കൂടുതലാണ്. ഹൃദയശസ്ത്രക്രിയയോ സ്ട്രോക്കോ കഴിഞ്ഞ് വിശ്രമിക്കുന്നവർക്കും ഫ്രോസൺ ഷോൾഡർ വരാം. സാധാരണയായി 40 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഇത് കണ്ടുവരുന്നത്. ഫ്രോസൺ ഷോൾഡർ പൂർണ്ണമായും ഭേദമാകാൻ സാധാരണയായി 6 മാസം മുതൽ 2 വർഷം വരെ സമയമെടുക്കാറുണ്ട്. ഇത് ഓരോ വ്യക്തിയുടെയും ആരോഗ്യസ്ഥിതിയും നൽകുന്ന ചികിത്സയും അനുസരിച്ച് വ്യത്യാസപ്പെടും.
ഫിസിയോതെറാപ്പി: കൃത്യമായ വ്യായാമങ്ങൾ ചെയ്താൽ തോളിലെ മരവിപ്പ് വേഗത്തിൽ മാറ്റാം. ഇത് മാറ്റാൻ ഏറ്റവും പ്രധാനപ്പെട്ട വഴിയും ഇതാണ്.
പ്രമേഹം നിയന്ത്രിക്കുക: പ്രമേഹം ഉണ്ടെങ്കിൽ അത് നിയന്ത്രണവിധേയമാക്കുന്നത് രോഗം വേഗത്തിൽ മാറാൻ സഹായിക്കും.
ചൂടുപിടിക്കുക: ദിവസവും പത്ത് മിനിറ്റെങ്കിലും ചൂടുപിടിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും മുറുക്കം കുറക്കാനും സഹായിക്കും.
ഡോക്ടറുടെ നിർദേശം: വേദന കഠിനമാണെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന വേദനസംഹാരികളോ ഇഞ്ചക്ഷനുകളോ സ്വീകരിക്കാം. മിക്കവരിലും ഫ്രോസൺ ഷോൾഡർ തനിയെ ഭേദമാകാറുണ്ട്. പക്ഷേ വ്യായാമങ്ങൾ ചെയ്തില്ലെങ്കിൽ തോളിന്റെ ചലനശേഷി പൂർണ്ണമായും പഴയതുപോലെയാകാൻ കൂടുതൽ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.