നാളെ മുതൽ ഉറപ്പായും വ്യായാമം തുടങ്ങും നമ്മളിൽ പലരും പലതവണ സ്വയം നൽകിയ വാഗ്ദാനമാണിത്. എന്നാൽ പുലർച്ചെയുള്ള ആ അലാറം അടിക്കുമ്പോൾ അത് ഓഫ് ചെയ്ത് വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടാനാണ് ഭൂരിഭാഗം പേർക്കും ഇഷ്ടം. ജിമ്മിലെ കഠിനമായ വർക്കൗട്ടുകളും മണിക്കൂറുകൾ നീളുന്ന ഓട്ടവും ഓർക്കുമ്പോൾ തന്നെ പലർക്കും മടി തോന്നും. വ്യായാമം എന്നത് വിയർപ്പൊഴുക്കേണ്ട വലിയൊരു കടമ്പയാണെന്ന ധാരണയാണ് പലരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.
എന്നാൽ, ആരോഗ്യകരമായ ജീവിതത്തിന് മണിക്കൂറുകളോളം ജിമ്മിൽ ചിലവഴിക്കണമെന്ന് നിർബന്ധമില്ലെങ്കിലോ? വ്യായാമത്തെ ഭയക്കുന്നവർക്കും മടിയുള്ളവർക്കും ഒരുപോലെ പരീക്ഷിക്കാവുന്ന ലളിതമായ വഴികൾ ഇന്ന് നമ്മുടെ മുന്നിലുണ്ട്. വലിയ മാറ്റങ്ങളല്ല, മറിച്ച് നമ്മുടെ ദിനചര്യയിലെ ചെറിയ ചില ക്രമീകരണങ്ങളാണ് യഥാർത്ഥത്തിൽ ആരോഗ്യത്തിലേക്കുള്ള എളുപ്പവഴികൾ. വ്യായാമം ചെയ്യാൻ പ്രത്യേകം സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്കായി ആധുനിക ഫിറ്റ്‌നസ് ലോകം മുന്നോട്ടുവെക്കുന്ന ഏറ്റവും ഫലപ്രദമായ ഒരു രീതിയാണ് 'എക്സർസൈസ് സ്നാക്കിങ്' (Exercise Snacking).
പേര് സൂചിപ്പിക്കുന്നത് പോലെ, ലഘുഭക്ഷണം കഴിക്കുന്ന അത്രയും കുറഞ്ഞ സമയം കൊണ്ട് ഇടക്കിടെ വ്യായാമം ചെയ്യുന്ന രീതിയാണിത്. മണിക്കൂറുകളോളം ജിമ്മിലോ ഗ്രൗണ്ടിലോ ചിലവഴിക്കുന്നതിന് പകരം, ദിവസം മുഴുവനായി ചിതറിക്കിടക്കുന്ന രീതിയിൽ ഒരു മുതൽ 10 മിനിറ്റ് വരെ മാത്രം നീണ്ടുനിൽക്കുന്ന ചെറിയ തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്യുന്നതിനെയാണ് എക്സർസൈസ് സ്നാക്കിങ് എന്ന് പറയുന്നത്. ഉദാഹരണത്തിന്, ഓഫീസിലെ ജോലിക്ക് ഇടയിൽ രണ്ട് മിനിറ്റ് പടികൾ വേഗത്തിൽ കയറുന്നത് ഒരു 'എക്സർസൈസ് സ്നാക്ക്' ആണ്.
പടികൾ കയറുക: ലിഫ്റ്റിന് പകരം ഒന്നോ രണ്ടോ നിലകൾ വേഗത്തിൽ കയറുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
കസേര വ്യായാമം (Chair Squats): ജോലിത്തിരക്കിനിടയിൽ കസേരയിൽ നിന്ന് 15-20 തവണ എഴുന്നേൽക്കുകയും ഇരിക്കുകയും ചെയ്യുക.
വേഗത്തിലുള്ള നടത്തം: ഫോൺ വിളിക്കുമ്പോഴോ ചായ കുടിക്കാൻ പോകുമ്പോഴോ രണ്ട് മിനിറ്റ് സാധാരണയിലും വേഗത്തിൽ നടക്കുക.
പുഷ്-അപ്പുകൾ: തറയിലോ അല്ലെങ്കിൽ ഉറപ്പുള്ള ഒരു മേശയിലോ കൈകൾ ഊന്നി 10 തവണ പുഷ്-അപ്പുകൾ ചെയ്യുക.
ജമ്പിങ് ജാക്സ് (Jumping Jacks): മുറിയിൽ ഒരേ നിൽപിൽ നിന്നുകൊണ്ട് ഒന്നോ രണ്ടോ മിനിറ്റ് കൈകാലുകൾ വിടർത്തി ചാടുക.
ഹൃദയാരോഗ്യം: ഇടക്കിടെയുള്ള ഇത്തരം ചലനങ്ങൾ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
പ്രമേഹ നിയന്ത്രണം: ഭക്ഷണത്തിന് ശേഷം ചെയ്യുന്ന ചെറിയ നടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കും.
മാനസികോന്മേഷം: ദീർഘനേരം ഇരുന്നു ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന മടുപ്പ് മാറ്റാനും ഏകാഗ്രത വർധിപ്പിക്കാനും ഇത് സഹായിക്കുന്നു.
സമയ ലാഭം: സമയം കിട്ടുന്നില്ല എന്ന പരാതിക്ക് ഇതൊരു മികച്ച പരിഹാരമാണ്.
സ്ഥിരത: ദിവസത്തിൽ ഒരു തവണ വലിയ വ്യായാമം ചെയ്യുന്നതിനേക്കാൾ ഗുണം, ദിവസം മുഴുവൻ ആക്ടീവായി ഇരിക്കുന്നതാണ്.
ഇടവേളകൾ: ഓരോ ഒരു മണിക്കൂർ ഇരിക്കുമ്പോഴും ചുരുങ്ങിയത് രണ്ട് മിനിറ്റ് എങ്കിലും എഴുന്നേറ്റ് എന്തെങ്കിലും മൂവ്‌മെന്റ് നടത്താൻ ശ്രദ്ധിക്കുക.
ലളിതമായി തുടങ്ങുക: ആദ്യം വളരെ ലളിതമായ വ്യായാമങ്ങൾ കൊണ്ട് തുടങ്ങുക, പിന്നീട് വേഗത വർധിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.