ഒറ്റക്കാലിൽ ശരീരത്തെ ബാലൻസ് ചെയ്ത് നിർത്താൻ പറ്റാറുണ്ടോ? കുട്ടികൾക്കും യുവാക്കൾക്കും ഇതൊരു പക്ഷെ അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കില്ല. എന്നാൽ പ്രായം കൂടി വരുന്തോറും ഇത് ബുദ്ധിമുട്ടേറിയതാകുന്നു. അമ്പതുകൾ കഴിഞ്ഞവർക്ക് ഒറ്റക്കാലിൽ കുറച്ച് സെക്കന്‍റുകളെങ്കിലും നിൽക്കാൻ ബുദ്ധിമുട്ടായിരിക്കും.
എന്നാൽ അൽപം പ്രയാസപ്പെട്ടാണെങ്കിലും ഈയൊരു വ്യായാമം ശീലിക്കുന്നത് ശരീരത്തിനും തലച്ചോറിനും ഒരുപാട് ഗുണങ്ങൾ നൽകും. ഒറ്റക്കാലിൽ നിൽക്കുന്നത് ശാരീരിക ശക്തിയും ഓർമ ശക്തിയും വർധിക്കാൻ സഹായിക്കും. ചുരുക്കി പറഞ്ഞാൽ പ്രായം കൂടുന്തോറും ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ മറികടക്കാൻ ഈയൊരു ലളിത വ്യായാമത്തിന് കഴിയും.
ആരോഗ്യത്തിന്റെ അളവുകോലായി ഡോക്ടർമാർ ഒറ്റക്കാലിൽ നിൽക്കുന്നത് കണക്കാക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പ്രായമാകുന്നതോടെ സംഭവിക്കുന്ന പേശികോശങ്ങളുടെ ക്രമാനുഗതമായ നഷ്ടമാണ്. പ്രായത്തിനനുസരിച്ച് പേശികളുടെ അളവും ശക്തിയും കുറയുന്ന അവസ്ഥയാണ് സാർകോപീനിയ.
ഒരു വ്യക്തിക്ക് 30 വയസാകുമ്പോൾ മുതൽ പിന്നീടുള്ള ഓരോ ദശകത്തിലും എട്ട് ശതമാനം വരെ പേശി നഷ്ടം സംഭവിക്കുന്നു. 80 വയസിലെത്തുന്ന 50 ശതമാനം ആളുകൾക്കും ക്ലിനിക്കൽ സർകോപീനിയ ഉണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കുറയുന്നത് മുതൽ രോഗങ്ങൾക്കെതിരായ പ്രതിരോധശേഷി കുറയുന്നത് വരെയുള്ള എല്ലാ കാര്യങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
വിവിധ പേശി കലകളുടെ ശക്തിയെയും ബാധിക്കുന്നതിനാൽ ഒരു കാലിൽ സന്തുലിതാവസ്ഥ നിലനിർത്താനുള്ള നിങ്ങളുടെ കഴിവിലൂടെയും രോഗാവസ്ഥ മനസിലാക്കാൻ കഴിയും. അതേസമയം, ഒരു കാലിൽ പരിശീലനം നടത്തുന്ന ആളുകൾക്ക് പിന്നീടുള്ള ദശകങ്ങളിൽ സാർകോപീനിയ ബാധിക്കാനുള്ള സാധ്യത കുറവാണ്. കാരണം ഈ വ്യായാമം കാലിന്‍റെയും ഇടുപ്പിന്‍റെയും പേശികളെ കരുത്തുറ്റതാക്കാൻ സഹായിക്കുന്നു.
ഒറ്റക്കാലിൽ നിൽക്കാൻ പേശികളുടെ ശക്തിയും വഴക്കവും മാത്രം പോര. കണ്ണുകളിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിക്കാനുള്ള നിങ്ങളുടെ തലച്ചോറിന്‍റെ കഴിവും ആവശ്യമാണ്. ശരീരത്തിന്‍റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് ചെവിക്കുള്ളിലെ വെസ്റ്റിബുലാർ സിസ്റ്റവും സങ്കീർണ്ണ നാഡി ശൃംഖലയായ സോമാറ്റോസെൻസറി സിസ്റ്റവുമാണ്. ഈ സിസ്റ്റങ്ങളെല്ലാം പ്രായത്തിനനുസരിച്ച് വ്യത്യസ്ത നിരക്കിൽ ക്ഷയിക്കുന്നുവെന്ന് മയോ ക്ലിനിക്കിലെ മോഷൻ അനാലിസിസ് ലബോറട്ടറി ഡയറക്ടറായ കെന്‍റൺ കോഫ്മാൻ പറയുന്നു.
ഒറ്റക്കാലിൽ നിൽക്കാനുള്ള നിങ്ങളുടെ കഴിവിന് തലച്ചോറിന്‍റെ പ്രധാന മേഖലകളുടെ അവസ്ഥയെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയുമെന്നാണ് ഇതിനർത്ഥം. നിങ്ങളുടെ പ്രതികരണ വേഗത, ദൈനംദിന ജോലികൾ ചെയ്യാനുള്ള കഴിവ്, ഇന്ദ്രിയങ്ങളിൽ നിന്നുള്ള വിവരങ്ങൾ എത്ര വേഗത്തിൽ സംയോജിപ്പിക്കാൻ കഴിയും എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രായത്തിനനുസരിച്ച് ഒരു പരിധിവരെ നമ്മുടെ തലച്ചോറും ക്ഷീണിക്കുന്നുണ്ട്. പക്ഷേ ഇത് വളരെ വേഗത്തിൽ സംഭവിക്കാൻ തുടങ്ങുന്നത് ശാരീരികമായി സജീവമായി തുടരാനും നിങ്ങളുടെ അവസാന വർഷങ്ങളിൽ സ്വതന്ത്രമായി ജീവിക്കാനുമുള്ള കഴിവിനെ തടസ്സപ്പെടുത്തും.
ഒറ്റക്കാലിൽ നിൽക്കുന്നത് സജീവമായി പരിശീലിക്കുന്നതിലൂടെ പ്രായവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങളുടെ അപകടസാധ്യതകൾ കുറക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. സിംഗിൾ ലെഗ് എക്സസൈസ് എന്ന് ശാസ്ത്രജ്ഞർ വിളിക്കുന്ന ഇത്തരം വ്യായാമങ്ങൾ നിങ്ങളുടെ പേശികളെ മാത്രമല്ല തലച്ചോറിന്‍റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും.
ഒരു കാലിൽ ബാലൻസ് ചെയ്യുന്നത് തലച്ചോറിന്റെ പ്രീ-ഫ്രണ്ടൽ കോർട്ടെക്സിനെ സജീവമാക്കും. ഇത് നമ്മുടെ വൈജ്ഞാനിക മേഖലയെയും ഉത്തേജിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.