ബോളിവുഡ് താരം ഭൂമി പെഡ്‌നേക്കറുടെ ശാരീരിക മാറ്റം പലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നത്തെ കാലത്ത് ശരീരഭാരം കുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ കുറുക്കുവഴികൾക്കും ഇഞ്ചക്ഷനുകൾക്കും വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. കഠിനാധ്വാനത്തിലൂടെ ഭാരം കുറക്കുന്നത് അസാധ്യമാണെന്നും മെഡിക്കൽ സഹായം അനിവാര്യമാണെന്നുമുള്ള തെറ്റായ ധാരണകൾ സമൂഹത്തിൽ പടരുന്നതിനെക്കുറിച്ച് നടി ഭൂമി പെഡ്‌നേക്കർ അടുത്തിടെ സംസാരിച്ചിരുന്നു. സോഹ അലി ഖാനുമായുള്ള പോഡ്‌കാസ്റ്റിലാണ് ഭൂമി മനസ്സ് തുറന്നത്.
‘ടോയ്ലെറ്റ്: ഏക് പ്രേം കഥയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അക്ഷയ് സാറിനൊപ്പം ജെന്നി എന്നൊരു ട്രെയിനർ ഉണ്ടായിരുന്നു. സാർ, ഞാൻ ജിമ്മിൽ നിന്ന് ഓടി ഒളിക്കുന്ന ആളാണ് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതുകേട്ട് അദ്ദേഹം ഞെട്ടിപ്പോയി കാണും. പിന്നീട് അദ്ദേഹത്തിന്റെ ട്രെയിനർ ജെന്നി എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോൾ എനിക്ക് വെയ്റ്റ് ലിഫ്റ്റിങ് ഇഷ്ടമാണ്. വ്യായാമവുമായി ബന്ധപ്പെട്ട് എനിക്ക് പ്രയാസങ്ങൾ നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു.
എപ്പോഴും ആപ്പിൾ വാച്ചിൽ നോക്കി എത്ര കലോറി എരിച്ചുകളഞ്ഞു എന്ന് ഞാൻ പരിശോധിച്ചുകൊണ്ടേയിരിക്കും. അതൊരു ഭ്രാന്തമായ അവസ്ഥയായിരുന്നു. ഇൻസ്റ്റഗ്രാമിൽ അത് പോസ്റ്റ് ചെയ്യുകയും മറ്റുള്ളവരുടെ അഭിനന്ദനങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുമായിരുന്നു. ഒരു സെഷനിൽ തന്നെ 1300-1400 കലോറി വരെ കളയുന്ന സാഹചര്യം ഉണ്ടായിരുന്നു. അതൊട്ടും പ്രായോഗികമല്ലാത്തതിനാൽ ഒടുവിൽ ഞാൻ രോഗബാധിതയായി. വെറും കൈയടികൾക്ക് വേണ്ടി മാത്രമാണ് ഞാനത് ചെയ്തത്. അതൊരു മണ്ടത്തരമായിരുന്നു’ ഭൂമി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി വ്യായാമത്തിലൂടെയും ശരിയായ ഭക്ഷണക്രമത്തിലൂടെയും ഞാൻ നടത്തിയ പരിശ്രമങ്ങൾ പലരും കാണുന്നില്ല. നിങ്ങൾ ഒസെമ്പിക് ഉപയോഗിച്ചിട്ടുണ്ടോ? എന്ന് ഡൽഹിയിലൊക്കെ സ്ത്രീകൾ നേരിട്ട് ചോദിക്കാറുണ്ടെന്നും ചിലർ വാരിയെല്ല് നീക്കം ചെയ്തോ എന്ന് പോലും സംശയിക്കാറുണ്ടെന്നും ഭൂമി വെളിപ്പെടുത്തി. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായ സമയത്ത് തനിക്ക് 12 കിലോ ഭാരവും പകുതിയോളം മുടിയും നഷ്ടപ്പെട്ട ആ വേദന നിറഞ്ഞ ഘട്ടത്തെക്കുറിച്ച് താരം ഓർത്തെടുത്തു. ഞാൻ ഇഞ്ചക്ഷനുകളുടെ സഹായമില്ലാതെ 40 കിലോയിലധികം ഭാരം കുറച്ച വ്യക്തിയാണെന്നും താരം വ്യക്തമാക്കി.
ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. ഈ സമയത്ത് പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ഒസെമ്പിക് സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് എത്തിച്ച് ഊർജ്ജമാക്കി മാറ്റുന്നു.
ശരീരത്തിൽ അമിതമായി പഞ്ചസാര ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഗ്ലൂക്കോണിന്റെ പ്രവർത്തനം ഇത് തടയുന്നു. ഇതുവഴി കരൾ അനാവശ്യമായി രക്തത്തിലേക്ക് പഞ്ചസാര കലർത്തുന്നത് ഒഴിവാകുന്നു.
ഒസെമ്പിക് വയറ്റിലെ ദഹനപ്രക്രിയയുടെ വേഗത കുറക്കുന്നു. ആമാശയത്തിൽ നിന്ന് ഭക്ഷണം സാവധാനം മാത്രം കുടലിലേക്ക് നീങ്ങുന്നതിനാൽ, ഭക്ഷണം കഴിച്ചു കഴിഞ്ഞാലും കുറെ നേരത്തേക്ക് വയർ നിറഞ്ഞതായി തോന്നും. ഇതാണ് ഭാരം കുറക്കാൻ പ്രധാനമായും സഹായിക്കുന്നത്.
ഈ മരുന്ന് തലച്ചോറിലെ വിശപ്പിനെ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. ഇത് വിശപ്പ് കുറക്കാനും ലഘുഭക്ഷണങ്ങളോടുള്ള താല്പര്യം ഇല്ലാതാക്കാനും സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.