ഹെർപ്പിസ് (Herpes) എന്നത് ഒരു വൈറൽ ഇൻഫെക്ഷനാണ്. മുഖത്ത് കുരുക്കൾ ഉണ്ടാകുമ്പോൾ അത് സാധാരണ കുരുവാണോ അതോ ഹെർപ്പിസ് ആണോ എന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ഹെർപ്പിസ് ആണെങ്കിൽ സാധാരണ വീട്ടുവൈദ്യങ്ങൾ മാത്രം പോരാതെ വരും. ഹെർപ്പിസ് വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വൈറസാണ്. ഇത് ചർമത്തിലാണ് പ്രകടമാകുന്നതെങ്കിലും വൈറസ് സ്ഥിരമായി തങ്ങുന്നത് നാഡീകോശങ്ങളിലാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോഴോ, അമിതമായ മാനസിക സമ്മർദമോ പനിയോ ഉണ്ടാകുമ്പോഴോ, നാഡികളിൽ ഉറങ്ങിക്കിടക്കുന്ന ഈ വൈറസ് ഉണരുകയും നാഡീതന്തുക്കളിലൂടെ തിരികെ ചർമത്തിലെത്തി കുമിളകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഹെർപ്പിസ് വ്രണങ്ങൾ വരുന്നതിന് മുമ്പ് ആ ഭാഗത്ത് തരിപ്പും നീറ്റലും അനുഭവപ്പെടുന്നത്.
ഹെർപ്പിസ് വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ എല്ലാവരിലും ഒരേപോലെ ലക്ഷണങ്ങൾ കണ്ടെന്നു വരില്ല. ചിലരിൽ ലക്ഷണങ്ങൾ വളരെ കുറവാണെങ്കിൽ മറ്റു ചിലരിൽ ഇത് അല്പം പ്രകടമായിരിക്കും. സാധാരണ കുരുക്കളിൽ നിന്ന് വ്യത്യസ്തമായി ഹെർപ്പിസ് കുരുക്കൾ വരുന്നതിന് മുമ്പ് ആ ഭാഗത്ത് ചൊറിച്ചിലോ നീറ്റലോ അനുഭവപ്പെടും. ചെറിയ വെള്ളം നിറഞ്ഞ പോളകൾ കൂട്ടമായി വരുന്നു. ഇത് പൊട്ടുകയും പിന്നീട് അവിടെ ഒരു ആവരണം രൂപപ്പെടുകയും ചെയ്യും. ചുണ്ടിന് ചുറ്റുമോ മൂക്കിന് താഴെയോ ആണ് ഇത് സാധാരണയായി കാണാറുള്ളത്. ആദ്യമായി ഹെർപ്പിസ് വരുമ്പോൾ പെട്ടെന്നുണ്ടാകുന്ന പനിയും തളർച്ചയും, പേശികളിലും സന്ധികളിലും വേദന, കഴുത്തിലെയോ കക്ഷത്തിലെയോ വരിപ്പിലെയോ ലിംഫ് നോഡുകൾ വീർക്കുക, നനേന്ദ്രിയത്തിലാണ് ഹെർപ്പിസ് എങ്കിൽ മൂത്രമൊഴിക്കുമ്പോൾ കടുത്ത എരിച്ചിൽ അനുഭവപ്പെടാം.
ഹെർപ്പിസ് വൈറസ് പ്രധാനമായും നേരിട്ടുള്ള ശാരീരിക സമ്പർക്കത്തിലൂടെയാണ് പകരുന്നത്. വൈറസ് ബാധയുള്ള ഒരാളുടെ ചർമം മറ്റൊരു വ്യക്തിയുടെ ചർമവുമായി തട്ടുമ്പോൾ വൈറസ് പകരാം. വൈറസ് ബാധിച്ച വ്യക്തിയുടെ ഉമിനീര്, കുമിളകളിൽ നിന്നുള്ള ദ്രാവകം എന്നിവയുമായുള്ള സമ്പർക്കം വഴി ഇത് പകരാം. രോഗബാധയുള്ളവർ ഉപയോഗിച്ച ബാം, ടവ്വലുകൾ, അല്ലെങ്കിൽ ഒരേ പാത്രത്തിൽ നിന്നുള്ള ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് വഴി വായയിലെ ഹെർപ്പിസ് പകരാൻ നേരിയ സാധ്യതയുണ്ട്. ഒരാളുടെ ശരീരത്തിൽ കുമിളകളോ മുറിവുകളോ പുറമെ കാണുന്നില്ലെങ്കിൽ പോലും അവരുടെ ശരീരത്തിൽ നിന്ന് വൈറസ് പുറത്തുവരാം. അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത വ്യക്തിയിൽ നിന്നും അണുബാധ ഏൽക്കാം.
നാഡികളെ ബാധിക്കുന്ന മറ്റൊരു പ്രധാന തരം ഹെർപ്പിസ് ആണ് ഷിംഗിൾസ്. ഇത് ചിക്കൻപോക്സിന് കാരണമാകുന്ന വെരിസെല്ല സോസ്റ്റർ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഇത് നാഡികളെ നേരിട്ട് ബാധിക്കുന്നതിനാൽ കഠിനമായ വേദന ഉണ്ടാക്കുന്നു. ഇത് സാധാരണയായി ശരീരത്തിന്റെ ഒരു വശത്തെ മാത്രമാണ് ബാധിക്കുന്നത്. നാഡികളിലെ ഈ അണുബാധ കാരണം വ്രണങ്ങൾ മാറിയാലും മാസങ്ങളോളം ആ ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടാം. ഇതിനെ പോസ്റ്റ് ഹെർപെറ്റിക് ന്യൂറൽജിയ (Postherpetic Neuralgia) എന്ന് വിളിക്കുന്നു. ചിക്കൻപോക്സും ഹെർപ്പിസും ഒരേ കുടുംബത്തിൽപ്പെട്ട വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്, പക്ഷേ ഇവ രണ്ടും ഒന്നല്ല. ചിക്കൻപോക്സ് ഉണ്ടാക്കുന്നത് വെരിസെല്ല സോസ്റ്റർ (Varicella-zoster) എന്ന വൈറസാണ്. ഹെർപ്പിസ് ഉണ്ടാക്കുന്നത് ഹെർപ്പിസ് സിംപ്ലക്സ് (HSV-1 അല്ലെങ്കിൽ HSV-2) എന്ന വൈറസാണ്.
വ്യക്തിശുചിത്വം: കുമിളകളിലോ മുറിവുകളിലോ അനാവശ്യമായി സ്പർശിക്കരുത്. ഇത് അണുബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് (പ്രത്യേകിച്ച് കണ്ണുകളിലേക്ക്) പടരാൻ കാരണമാകും. മുറിവിൽ തൊടുകയോ മരുന്ന് പുരട്ടുകയോ ചെയ്ത ശേഷം കൈകൾ സോപ്പിട്ട് നന്നായി കഴുകുക. ഹെർപ്പിസ് ബാധിച്ച ഭാഗം എപ്പോഴും വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുക. ഈർപ്പം ബാക്ടീരിയൽ അണുബാധക്ക് കാരണമാകും.
സമ്പർക്കം ഒഴിവാക്കുക: വായക്ക് ചുറ്റും ലക്ഷണങ്ങൾ ഉള്ളപ്പോൾ ചുംബിക്കുന്നത് ഒഴിവാക്കണം. ലക്ഷണങ്ങൾ കാണപ്പെടുന്ന സമയത്ത് ലൈംഗിക ബന്ധത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുക. ടവ്വൽ, സോപ്പ്, ലിപ്സ്റ്റിക്, ബ്ലേഡ്, സ്പൂൺ, ഗ്ലാസ് എന്നിവ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഒഴിവാക്കുക.
ആഹാരവും ജീവിതശൈലിയും: വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ (നാരങ്ങ, ഓറഞ്ച്), പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഹെർപ്പിസ് വീണ്ടും വരുന്നത് തടയാൻ രോഗപ്രതിരോധശേഷി പ്രധാനമാണ്.
സമ്മർദം കുറക്കുക: അമിതമായ മാനസിക സമ്മർദം വൈറസ് വീണ്ടും സജീവമാകാൻ കാരണമാകും. ആവശ്യത്തിന് ഉറക്കവും വിശ്രമവും ഉറപ്പാക്കുക.
അമിതമായ വെയിൽ ഒഴിവാക്കുക: വായയിലെ ഹെർപ്പിസ് ഉള്ളവർ നേരിട്ട് കഠിനമായ വെയിൽ ഏൽക്കുന്നത് കുറക്കുക, കാരണം സൂര്യപ്രകാശം ലക്ഷണങ്ങൾ കൂടാൻ കാരണമാകാറുണ്ട്.
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക: ജനനേന്ദ്രിയ ഹെർപ്പിസ് ഉള്ളവർ കോട്ടൺ വസ്ത്രങ്ങളും അയഞ്ഞ അടിവസ്ത്രങ്ങളും ധരിക്കുന്നത് വേദനയും അസ്വസ്ഥതയും കുറക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.