ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സർക്കാർ സംഗമങ്ങളിലൊന്നായ ആഗോള സർക്കാർ ഉച്ചകോടിക്ക് തിങ്കളാഴ്ച ദുബൈയിൽ തുടക്കമാകും. ‘ഭാവിസർക്കാറിനെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ ദുബൈ മദീനത്ത് ജുമൈറയിലെ വിവിധ ഹാളുകളിലാണ് പരിപാടി നടക്കുക. 15ന് സമാപിക്കും.
ആദ്യ ദിനമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് പ്ലീനറി ഹാളിലാണ് പരിപാടി തുടങ്ങുന്നത്. ഉച്ചകോടിയുടെ ചെയർമാനും കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അൽ ഗർഗാവി ആദ്യ സെഷനിൽ സംസാരിക്കും. ആദ്യ ദിനം ലോക സാമ്പത്തിക ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ എൻഗോസി ഐവീല, ജോർജിയ പ്രധാനമന്ത്രി ഇറക്ലി ഗരീബഷ്വിലി, റുവാണ്ട പ്രധാനമന്ത്രി എഡ്വേഡ് എൻഗിറന്റെ, ഈജിപ്ത് പരിസ്ഥിതി മന്ത്രി ഡോ. യാസ്മിൻ ഫുവാദ്, ആർ.ടി.എ എക്സിക്യൂട്ടിവ് ബോർഡ് ഡയറക്ടർ മത്താർ അൽതായർ, യു.എ.ഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സെയ്ഫ് ആൽ നഹ്യാൻ തുടങ്ങിയവർ സംവദിക്കും. വരുംദിനങ്ങളിലായി ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്, ഇംഗ്ലീഷ് നടൻ ഇദ്രിസ് എൽബ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും പട്ടികയിലുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അദ്ദേഹം എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കും. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പങ്കെടുക്കും. സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും ഉച്ചകോടിയിൽ പ്രഖ്യാപിക്കും. കാലാവസ്ഥ വ്യതിയാനം, ഭാവി തൊഴിൽ സാധ്യതകൾ, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയായിരിക്കും പ്രധാന ചർച്ചാവിഷയം. എഫ്.വൈ.ഐ സി.ഇ.ഒയും സംഗീതജ്ഞനും നിർമാതാവുമായ വിൽ അയാം, മെറ്റ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലഗ്, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയെവ്, സെനഗാൾ പ്രസിഡന്റ് മാക്കി സാൽ, പരഗ്വേ പ്രസിഡന്റ് മാരിയോ അബ്ദോ ബെനിറ്റെസ്, തുനീഷ്യ പ്രധാനമന്ത്രി നജ്ല ബൗദൻ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ എൻഗോസി ഒകോഞ്ഞോ, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ഐ.എം.എഫ് എം.ഡി ക്രിസ്റ്റലീന ജോർജീവ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നോം ഗബ്രേയസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സംസാരിക്കും.
ദുബൈ: ലോക സാമ്പത്തിക മേഖലക്ക് ഈ വർഷം നിർണായകമാണെന്ന് ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. ദുബൈയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ലോക സർക്കാർ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
സാമ്പത്തിക വളർച്ച വർധിക്കുകയും പണപ്പെരുപ്പം കുറയുന്നതുമാണ് ഇപ്പോൾ കാണുന്നത്. ഈ വർഷവും സാമ്പത്തിക വളർച്ചയുണ്ടായില്ലെങ്കിൽ അവസ്ഥ കൂടുതൽ ദുർബലമാകും. സാവധാനത്തിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, 2024ൽ പോലും ആവശ്യമായ വളർച്ചയിലേക്ക് എത്തില്ല. പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിനാണ് ഈ വർഷം മുഖ്യപരിഗണന. കഴിഞ്ഞ വർഷം 8.8 ശതമാനമായിരുന്ന പണപ്പെരുപ്പം ഈ വർഷം 6.6 ശതമാനവും അടുത്ത വർഷം 4.3 ശതമാനവുമായി മാറും. ഇത് പോസിറ്റിവ് സൂചനയാണ്. ദുരിത കാലഘട്ടങ്ങളിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള ഗൾഫ് രാജ്യങ്ങളുടെ മനസ്സ് അഭിനന്ദനീയമാണെന്നും ഐ.എം.എഫ് മേധാവി പറഞ്ഞു.
ലോക സർക്കാർ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന പരിപാടിയിൽ ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.