അബൂദബി കണ്ടല്‍ക്കാട് പദ്ധതിയില്‍ ‘താഖ’ ഔദ്യോഗിക പങ്കാളി
അബൂദബി: കണ്ടല്‍ക്കാട് പദ്ധതിയില്‍ അബൂദബി നാഷനല്‍ എനര്‍ജി കമ്പനി(താഖ)യെ ഔദ്യോഗിക പങ്കാളിയായി പ്രഖ്യാപിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി. അടുത്ത രണ്ടുവര്‍ഷത്തേക്ക് ‘താഖ’യാവും പദ്ധതിയുടെ മുഖ്യ പ്രായോജകരെന്ന് പരിസ്ഥിതി ഏജന്‍സി അറിയിച്ചു. പരിസ്ഥിതി ഏജന്‍സിയാരംഭിച്ച കണ്ടല്‍ക്കാട് ജൈവവൈവിധ്യ സ്വയം നിരീക്ഷണ പദ്ധതിയുടെ നടപ്പാക്കലിനാണ് ‘താഖ’ പിന്തുണ നല്‍കുക.
പ്രകൃതിദത്തമായ കണ്ടല്‍ ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കാന്‍ നിര്‍മിത ബുദ്ധി, സാങ്കേതികവിദ്യ, നൂതന പാരിസ്ഥിതിക നിരീക്ഷണം എന്നിവ പ്രയോജനപ്പെടുത്തുന്നതും അറേബ്യന്‍ ഗള്‍ഫിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയുമായ കണ്ടല്‍ പ്രകൃതി ട്രാക്കിങ് അസിസ്റ്റന്റ് (മന്‍ത) വികസിപ്പിക്കലിനെയും താഖ പിന്തുണക്കും.
കണ്ടല്‍ക്കാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യത്തെ പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെയും സ്ഥിരതയുടെയും പ്രധാന സൂചകങ്ങളായി വര്‍ത്തിക്കുന്ന മത്സ്യം, ഞണ്ട് തുടങ്ങിയ പ്രധാന ഇനങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാവും പഠനം. ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപന ശ്രമങ്ങളുടെ വിജയം അളക്കാന്‍ ഇത് സഹായിക്കുന്നു.
അബൂദബി പരിസ്ഥിതി ഏജന്‍സി സംഘടിപ്പിച്ച മറൈന്‍ ടര്‍ട്ടിള്‍ ഫെസ്റ്റിവല്‍ 2025ന്റെ സ്‌പോണ്‍സര്‍ഷിപ്പ് ‘താഖ’യായിരുന്നു വഹിച്ചത്. കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥയെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് അബൂദബി പരിസ്ഥിതി ഏജന്‍സിയും താഖയും തമ്മിലുള്ള ഈ പങ്കാളിത്തം അടയാളപ്പെടുത്തുന്നതെന്ന് പരിസ്ഥിതി ഏജന്‍സിക്കു കീഴിലെ സമുദ്ര ജൈവവൈവിധ്യ വകുപ്പ് ഡയറക്ടര്‍ മൈത മുഹമ്മദ് അല്‍ ഹമീലി പറഞ്ഞു. സുസ്ഥിരതക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി അബൂദബി കണ്ടല്‍ക്കാടുകളുടെ സംരംഭത്തെ പിന്തുണക്കുന്നതില്‍ ‘താഖ’ അഭിമാനിക്കുന്നുവെന്ന് ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ഓഫിസര്‍ നോയല്‍ ഔണ്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.