ഫീഡിങ് സ്റ്റേഷൻ
ദുബൈ: എമിറേറ്റിലുടനീളുമുള്ള അലഞ്ഞുതിരിയുന്ന തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ നിർമിത ബുദ്ധി പിന്തുണയോടെ പ്രവർത്തിക്കുന്ന ഫീഡിങ് സ്റ്റേഷൻ അവതരിപ്പിച്ച് ദുബൈ മുനിസിപ്പാലിറ്റി. ‘ഇഹ്സാൻ സ്റ്റേഷൻ’ എന്ന പേരിലാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. എമിറേറ്റിലുടനീളം പ്രധാനപ്പെട്ട 12 സ്ഥലങ്ങളിൽ ‘ഇഹ്സാൻ സ്റ്റേഷനുകൾ’ സ്ഥാപിക്കാനാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ തീരുമാനം. നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റേഷനിലൂടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തിരിച്ചറിയാനും അവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും അതനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാനും കഴിയും.
നഗരത്തിലെ 10 പൊതു പാർക്കുകളിലും ദുബൈ ഹോൾഡിങ്ങിന്‍റെ രണ്ട് സ്ഥാപനങ്ങൾക്ക് സമീപത്തും ഇഹ്സാൻ സ്റ്റേഷനുകൾ സ്ഥാപിക്കും. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് സുരക്ഷിതമായി ഭക്ഷണമെത്തിക്കുന്ന പദ്ധതി മേഖലയിൽ ആദ്യമായാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നതിനായി നൂതന സാങ്കേതികവിദ്യയെ വിവിധ പങ്കാളികളുമായി സംയോജിപ്പിക്കും. നഗരത്തിന്‍റെ രൂപഭംഗിയേയും പൊതു ഇടങ്ങളേയും മോശമായി ബാധിക്കുന്ന രീതിയിൽ തെരുവ് മൃഗങ്ങൾക്ക് ക്രമരഹിതമായി തീറ്റ നൽകുന്നത് കുറക്കാൻ പുതിയ സംരംഭം സഹായകമാവും. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് കൂടുതൽ സംഘടിതവും സുസ്ഥിരവുമായ സമീപനം സ്വീകരിക്കുന്നതിലൂടെ ക്രമരഹിതമായ തീറ്റ നൽകുന്ന പ്രവണത കുറച്ച് മൃഗങ്ങളുടെ സംരക്ഷണ തത്വങ്ങൾ ഉയർത്തിപ്പിടികുകയാണ് ലക്ഷ്യം. പൂച്ചകൾ ഉൾപ്പെടെയുള്ള തെരുവ് മൃഗങ്ങൾക്ക് തീറ്റ നൽകാനുള്ള ‘ഇഹ്സാൻ സ്റ്റേഷനുകൾ’ അവതരിപ്പിക്കുന്നതിലൂടെ മാനുഷിക, പരിഷ്കൃത മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നതെന്ന് പരിസ്ഥിതി, ആരോഗ്യ, സുരക്ഷ ഏജൻസി ആക്ടിങ് സി.ഇ.ഒ ഡോ. നസീം മുഹമ്മദ് റാഫി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ആകർഷകവും പുരോഗമനപരവും ജീവിക്കാൻ കഴിയുന്നതുമായ നഗരങ്ങളിലൊന്നായി ദുബൈയിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും സുസ്ഥിരമായ രീതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ശ്രമങ്ങളെ ഈ സംരംഭം പിന്തുണക്കും. പദ്ധതി വിലയിരുത്തിയ ശേഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.