ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ഇമാറാത്തി പൈതൃകവും മൂല്യങ്ങളും സംസ്കാരവും ആഘോഷമാക്കുന്നതിന് ‘വുൽഫ സീസൺ’ എന്ന പേരിൽ പുതിയ പരിപാടി പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പരിചയം, അടുപ്പം എന്നല്ലൊം അർഥമുള്ള പ്രാദേശിക ഭാഷാ പ്രയോഗമാണ് ‘വുൽഫ’. ദുബൈ കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നയിക്കുന്ന പരിപാടി റമദാൻ, ഹഖ് അൽ ലൈല, ഈദ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചാണ് സംഘടിപ്പിക്കുന്നത്.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, പ്രാദേശിക സമൂഹങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ 30 സ്ഥലങ്ങളിലായി 50ലധികം സംരംഭങ്ങൾ പരിപാടിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കും. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും ആകർഷിക്കുന്ന തരത്തിലാണ് പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നത്. പ്രാദേശിക ആചാരങ്ങൾ, ആതിഥ്യം, സമൂഹ ഒത്തുചേരലുകൾ എന്നിവയിലൂടെ പ്രകടിപ്പിക്കുന്ന ഇമാറാത്തി മൂല്യങ്ങളെയാണ് വുൽഫ സീസണിലൂടെ ഉയർത്തിക്കാണിക്കാൻ ലക്ഷ്യമിടുന്നത്. സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക, പാരമ്പര്യം സംരക്ഷിക്കുക, ദുബൈയിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങൾക്കിടയിൽ ഒത്തൊരുമയുടെ ബോധം വളർത്തുക എന്നിവയാണ് സംരംഭത്തിന്റെ ലക്ഷ്യം. ജനങ്ങളെ അവരുടെ സാംസ്കാരിക സ്വത്വവുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഐക്യം വളർത്തിയെടുക്കുകയുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
പൈതൃകത്തെയും സർഗാത്മകതയെയും സമന്വയിപ്പിക്കുകയും മാനുഷിക മൂല്യങ്ങൾ, സമൂഹ ബന്ധങ്ങൾ, ഒന്നിച്ചുള്ള ആഘോഷങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് വുൽഫ സീസണെന്ന് ശൈഖ ലത്തീഫ പറഞ്ഞു. പരിപാടി റമദാന് തൊട്ടുമുമ്പുള്ള ശഅബാൻ 15നാണ് ആരംഭിക്കുക. ഹഖ് അൽ ലൈല പരമ്പരാഗത അറബ് ആഘോഷം നടക്കുന്ന ദിവസമാണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.