അബൂദബി: മേനക്കുത്ത് മൊയ്തുവിന്റെ മകൻ ഇബ്രാഹിം മുസ്ലിയാർ അബൂദബിയിൽ എത്തുമ്പോൾ പ്രായം 21 ആയിരുന്നു. 54ാം വയസ്സിൽ തിരിച്ചു പോകുമ്പോൾ തന്റെ സ്വപ്നങ്ങളധികവും സാക്ഷാത്കരിച്ച സന്തോഷത്തിലാണ്. 1995ൽ പ്രവാസത്തിലേക്ക് വിമാനം കയറിയ അദ്ദേഹം അബൂദബിയിലെ സ്വദേശി വീടുകളിലാണ് ജോലി ചെയ്തത്. 21 വർഷക്കാലം ഒരേ വീട്ടിൽ ജോലി ചെയ്തു. പിന്നീട് 10 വർഷം മറ്റൊരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്.
പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ ഇബ്രാഹിം മുസ്ലിയാർ സ്കൂൾ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കി ദർസ് പഠനത്തിലേക്ക് നീങ്ങി. പിന്നീട് നാട്ടിൽ പള്ളിയും മദ്രസയിലുമായി ജോലി ചെയ്തു. ഇതിനിടെയാണ് ജീവിത പ്രയാസങ്ങൾ മറികടക്കാൻ ഗൾഫിലേക്ക് പുറപ്പെട്ടത്. വിവാഹം കഴിഞ്ഞ് മകൻ ജനിച്ച ശേഷമാണ് അബൂദബിയിൽ എത്തിയത്. പ്രവാസ ജോലി കൊണ്ടാണ് എല്ലാം നേടാൻ സാധിച്ചതെന്ന് അദ്ദേഹം പറയുന്നു. മക്കളുടെ വിദ്യാഭ്യാസവും വീട് നിർമാണവും ഹജ്ജും നിരവധിതവണ ഉംറ നിർവഹിക്കാൻ സാധിച്ചതുമെല്ലാം പ്രവാസ ലോകത്തുനിന്ന് കിട്ടിയ നിധിയായി അദ്ദേഹം കാണുന്നു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണുള്ളത്. മൂത്ത മകൻ അബൂദബി മുസഫയിൽ ജോലി ചെയ്യുന്നുണ്ട്. നാട്ടിലെത്തിയാൽ എന്ത് എന്ന ചോദ്യത്തിന് ഇത്ര മാത്രമേ പറയാനുള്ളൂ, ‘പ്രത്യേകമായി ലക്ഷ്യങ്ങൾ ഒന്നുമില്ല. കിട്ടുന്ന ജോലി ചെയ്തു കുടുംബം പോറ്റണം’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.