അബൂദബി: 2019ല്‍ ഹൈവേകളില്‍ ഇലക്ട്രിക് ചുവപ്പ്, നീല, മഞ്ഞ അലര്‍ട്ട് സംവിധാനം സ്ഥാപിച്ചതുമുതല്‍ അബൂദബിയില്‍ മൂടൽമഞ്ഞ് കാരണമായുള്ള അപകടങ്ങള്‍ ഇല്ലാതായതായി അബൂദബി പൊലീസ് അറിയിച്ചു. മൂടല്‍മഞ്ഞുമൂലം ഹൈവേകളിലെ കാഴ്ച കുറഞ്ഞാല്‍ ഇക്കാര്യം പൊലീസ് ഇലക്ട്രോണിക് സെന്‍സറുകളും മുന്നറിയിപ്പ് ബോര്‍ഡുകളും മുഖേന വാഹനങ്ങളോടിക്കുന്നവരെ അറിയിക്കുകയാണ് ചെയ്യുക. വാഹനം പതിയെ ഓടിക്കണമെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള നിര്‍ദേശം രണ്ട് കി.മീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാരെയാണ് സംവിധാനത്തിലൂടെ അറിയിക്കുക.
ചുവപ്പ്, നീല നിറങ്ങള്‍ സൂചിപ്പിക്കുന്നത് മുന്നില്‍ അപകടമുണ്ടായെന്നും ജാഗ്രത പാലിക്കണമെന്നുമാണ്. മഞ്ഞ നിറം മൂടല്‍ മഞ്ഞുമൂലം ഹൈവേയില്‍ ദൃശ്യപരത കുറവാണെന്നും സൂചിപ്പിക്കും. അതിനാല്‍ നിര്‍ബന്ധമായും വേഗത കുറക്കണമെന്നുമാണ് മുന്നറിയിപ്പ്. കോവിഡ് മഹാമാരി കാലത്ത് വൈറസുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശങ്ങളും ഈ സംവിധാനത്തിലൂടെ നല്‍കിയിരുന്നതായി അബൂദബി എക്സിബിഷന് സെന്ററില്‍ നടക്കുന്ന അണ്‍മാന്‍ഡ് സിസ്റ്റംസ് എക്സിബിഷന്(യുമെക്സ്), സൈമുലേഷന് ആന്‍ഡ് ട്രെയിനിങ് എക്സിബിഷന്(സിംടെക്സ്) വേദിയില്‍ പൊലീസ് വക്താവ് പറഞ്ഞു. മുന്നറിയിപ്പുകള്‍ പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഡ്രൈവര്‍മാരെ റഡാറുകളുടെ സഹായത്തോടെയാണ് പിടികൂടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.