ദുബൈ: വ്യാജ കമ്പനികൾ നിർമിച്ച് കോടികളുടെ വിസ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ 161 പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച് ദുബൈ കോടതി. സംഭവത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ കോടതി പ്രതികൾക്കെതിരെ 15.2 കോടി ദിർഹം പിഴ ചുമത്തുകയും ചെയ്തു. മുഴുവൻ പ്രതികളും ചേർന്നാണ് പിഴ അടക്കേണ്ടത്.
പിഴ ഈടാക്കിയശേഷം മുഴുവൻ പ്രതികളെയും നാടുകടത്താനും കോടതി നിർദേശിച്ചു. കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം ദുബൈ സിറ്റിസൺഷിപ് ആൻഡ് റസിഡൻസി കോടതിയാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. വ്യാജ മേൽവിലാസം ഉപയോഗിച്ച് നിർമിച്ച കടലാസ് കമ്പനികളുടെ മറവിലാണ് പ്രതികൾ പല രാജ്യങ്ങളിൽ നിന്നായി തൊഴിലാളികളെ എത്തിച്ചിരുന്നത്.
എന്നാൽ, ഇവരുടെ വിസ നിയമവിധേയമാക്കാതെ പ്രതികൾ കമ്പനികൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുകയായിരുന്നു. വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും മറവിൽ നേടിയ എൻട്രി പെർമിറ്റുകൾ പ്രതികൾ ചൂഷണം ചെയ്തതായും കോടതി കണ്ടെത്തിയിരുന്നു. താമസ, തൊഴിൽ നിയമ ലംഘനങ്ങളോട് യു.എ.ഇ ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ലെന്നതിന്‍റെ തെളിവാണ് ചരിത്ര വിധി പ്രസ്താവമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
അതേസമയം, സമാനമായ മറ്റൊരു കേസിൽ 21 പ്രതികൾക്ക് കോടതി അടുത്തിടെ ശിക്ഷ വിധിച്ചിരുന്നു. വ്യാജ മേൽവിലാസത്തിൽ നിർമിച്ച കമ്പനികൾ ഉപയോഗിച്ച് 385 വിസകളാണ് പ്രതികൾ നേടിയെടുത്തിരുന്നത്. ഇത് വൻതുകക്ക് തൊഴിലാളികൾ വിൽക്കുകയായിരുന്നു. കേസിൽ 21 പ്രതികൾക്കുമായി 25.2 ദശലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.