അബൂദബി: ചരക്കുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റമെന്ന് വിശേഷിപ്പിക്കുന്ന ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ട് അബൂദബി. അബൂദബി സംയോജിത ഗതാഗത കേന്ദ്രമാണ് (ഐ.ടി.സി) പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ്.
ഡ്രൈവറില്ലാ വാഹന സംവിധാനങ്ങൾ വികസിപ്പിക്കുന്ന ആഗോള കമ്പനിയായ ഓട്ടോടെക്, എ.ഡി പോർട്സ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് അബൂദബി ഇകണോമിക് മേഖലയിലാണ് കഴിഞ്ഞ ദിവസം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. എമിറേറ്റിലെ വിവിധ ഗതാഗത മാർഗങ്ങളിൽ സ്വയം നിയന്ത്രണ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്ന നയത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം.
വ്യവസായ, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വയം നിയന്ത്രിത ട്രക്കുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിലാണ് പരീക്ഷണ ഓട്ടം ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ഐ.ടി.സി വ്യക്തമാക്കി. അംഗീകൃത നിയന്ത്രണ ചട്ടക്കൂടുകൾക്കും പ്രവർത്തന മാനദണ്ഡങ്ങൾക്കും അനുസരിച്ച് കിങ് ഖലീഫ ഇകണോമിക് മേഖലയിലെ പ്രത്യേക റൂട്ടുകളിലൂടെയാണ് ട്രക്കുകൾ ഡ്രൈവറില്ലാതെ ഓടിയത്. 2025 മുതൽ ഐ.ടി.സിയുടെ മേൽനോട്ടത്തിൽ ഓട്ടോടെക് കമ്പനി നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത സ്വയം നിയന്ത്രിത ഡ്രൈവിങ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളും പ്രവർത്തന കാര്യക്ഷമതയും ഉറപ്പുവരുത്തി പ്രാദേശിക, ചരക്ക് ഗതാഗത ആവശ്യങ്ങൾക്ക് സ്വയം നിയന്ത്രണ ഗതാഗത സംവിധാനങ്ങൾ എത്രത്തോളം പ്രായോഗികമാണെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പരീക്ഷണ ഓട്ടത്തിന് കഴിഞ്ഞ ദിവസം കമ്പനി തുടക്കമിട്ടിരിക്കുന്നത്.
എമിറേറ്റിലെ സ്മാർട്ട് ഗതാഗത രംഗത്തെ മുന്നോട്ടുനയിക്കുന്നതിൽ ഈ പദ്ധതി സുപ്രധാനമായ നാഴികല്ലാണെന്ന് ഐ.ടി.സി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ഹമദ് അൽഗഫേലി പറഞ്ഞു. യാത്ര ഗതാഗത സംവിധാനങ്ങൾക്കൊപ്പം ചരക്ക് ഗതാഗത മേഖലയിലും സ്വയം നിയന്ത്രണ സംവിധാനങ്ങൾ വ്യാപിപ്പിക്കാനുള്ള തീരുമാനമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് 2031ന് അനുസൃതമായി സ്മാർട്ട് ഗതാഗത മാർഗങ്ങളും സ്വയം നിയന്ത്രണ സംവിധാനങ്ങളും സ്വീകരിക്കുന്നതിൽ മുൻനിര പ്രാദേശിക കേന്ദ്രമായി അബൂദബിയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.