ദുബൈ വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ടിൽ പുതുതായി തുറന്ന പാലം
ദുബൈ: നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ വേൾഡ് ട്രേഡ് സെന്‍റർ മേഖലയിൽ ഇനി യാത്ര എളുപ്പമാകും. ശൈഖ് സായിദ് റോഡിനെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന 1,000 മീറ്റർ നീളമുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്നതായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു.
വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായാണ് പാലം തുറന്നത്. രണ്ടു ലെയിനുകളുള്ള ഈ പാലത്തിന് മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങൾ കടന്നുപോകാനുള്ള ശേഷിയുണ്ട്. ഇതോടെ ശൈഖ് സായിദ് റോഡിൽ നിന്ന് അൽ കറാമ, ദേര ഭാഗങ്ങളിലേക്കുള്ള യാത്രാസമയം 6 മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയും. റൗണ്ട്എബൗട്ടിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍റർസെക്ഷൻ നവീകരണങ്ങളിലൊന്നാണ് പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് അഞ്ച് പ്രധാന റോഡുകളായ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാശിദ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയുടെ സംഗമസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്.
അതിനാൽ എമിറേറ്റിന്‍റെ മൊത്തത്തിലുള്ള ഗതാഗത ശൃംഖലയിലെ നിർണായക സ്ഥാനമാണിത്. വികസന പദ്ധതിയുടെ ആകെ പുരോഗതി 60 ശതമാനത്തിലധികം പൂർത്തിയായിട്ടുണ്ടെന്നും മൂന്ന് പാലങ്ങൾ ഇതിനകം ഗതാഗതത്തിന് തുറന്നതായും അൽ തായർ പറഞ്ഞു. ശേഷിക്കുന്ന രണ്ട് പാലങ്ങൾ ഒക്ടോബറിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയിൽ ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങൾ ഉൾപ്പെടുന്നത്. കൂടാതെ നിലവിലുള്ള റൗണ്ടബൗട്ട് സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനാക്കി മാറ്റും. പദ്ധതി പൂർണമായും പൂർത്തിയാകുമ്പോൾ ജംഗ്ഷനിലെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി കുറയും.
വികസന പദ്ധതി ദുബൈ വേൾഡ് ട്രേഡ് സെന്‍റർ, ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ എന്നിവയുൾപ്പെടെ പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾക്കും സഅബീൽ, അൽ സത്വ, അൽ കറാമ, അൽ ജഫിലിയ്യ, അൽ മൻകൂൽ പ്രദേശങ്ങളിലെ അരലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും ഉപകാരപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.