ദുബൈ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഹമാസ് നടത്തിയ നടപടികളെ സ്വാഗതം ചെയ്ത് യു.എ.ഇ അടക്കമുള്ള അറബ്, മുസ്ലിം രാജ്യങ്ങൾ. യു.എ.ഇ കൂടാതെ ജോർഡൻ, ഇന്തോനേഷ്യ, പാക്സിതാൻ, തുർക്കിയ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇത് സംബന്ധിച്ച സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
ഗസ്സയിൽ ബോംബിങ് അടിയന്തരമായി അവസാനിപ്പിക്കാനും തടവുകാരെ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കാനുമുള്ള ട്രംപിന്‍റെ ആഹ്വാനത്തെയും പ്രസ്താവന സ്വാഗതം ചെയ്തിട്ടുണ്ട്. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള യു.എസ് പ്രസിഡന്‍റിന്‍റെ ശ്രമങ്ങളെ വിദേശകാര്യ മന്ത്രിമാർ അഭിനന്ദിക്കുകയും ചെയ്തു. നിലവിലെ സംഭവവികാസങ്ങൾ സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തൽ കൈവരിക്കാനും ഗസ്സയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനുഷിക സാഹചര്യത്തെ നേരിടാനുമുള്ള ശരിയായ അവസരമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ഫലസ്തീനികളായ സ്വതന്ത്ര സാങ്കേതിക വിദഗ്ദരുടെ സംഘത്തിന് ഗസ്സയുടെ ഭരണം കൈമാറാനുള്ളഹമാസിന്‍റെ സന്നദ്ധതയെയും വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. നിർദേശങ്ങളിലെ എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.
യുദ്ധം ഉടനടി അവസാനിപ്പിച്ച്, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും ബന്ദികളെ മോചിപ്പിക്കാനും അതുവഴി ഇസ്രായേൽ പൂർണമായി പിൻവാങ്ങുന്നതിലേക്കും ഗസ്സയുടെ പുനർനിർമ്മാണത്തിലേക്കും നയിക്കുന്ന വിധത്തിൽ, ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ നീതിയുക്തമായ സമാധാനത്തിലേക്കുള്ള പാത സൃഷ്ടിക്കുന്നതിലുള്ള എല്ലാ ശ്രമങ്ങൾക്കും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.