ന്യൂഡൽഹിയിൽ നടക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ ലോക നേതാക്കൾക്കൊപ്പം ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ
ദുബൈ: ഇന്ത്യ ആതിഥ്യമരുളിയ ‘എ.ഐ ഇംപാക്ട് ഉച്ചകോടി’യിൽ വിവിധ ലോകനേതാക്കളോടൊപ്പം പങ്കെടുത്ത് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ. നിർമിതബുദ്ധി മേഖലയിലെ ആഗോള സഹകരണം സംബന്ധിച്ച് നടന്ന ചർച്ചകളിൽ പങ്കാളിയായ യു.എ.ഇ പ്രതിനിധികൾ എ.ഐ രംഗം ശക്തിപ്പെടുത്തുന്നതിന് പിന്തുണ അറിയിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും ശൈഖ് ഖാലിദ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
100ലധികം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാരും നയരൂപകരും സാങ്കേതിക വിദഗ്ധരും പങ്കെടുത്ത ഉച്ചകോടി ആഗോള തലത്തിൽ എ.ഐയുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിനെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ നടന്ന നേതാക്കളുടെ പ്ലീനറി സെഷനിൽ ശൈഖ് ഖാലിദ് പങ്കെടുത്തു. എ.ഐ ഉപയോഗിച്ച് സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കാനും ഗ്ലോബൽ നോർത്ത്-സൗത്ത് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും നേതാക്കൾ സെഷനിൽ ആഹ്വാനം ചെയ്തു.
എ.ഐ മേഖലയിൽ ആഗോള സഹകരണവും ഉത്തരവാദിത്തപൂർണമായ ഭരണരീതികളും ശക്തിപ്പെടുത്താനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഉച്ചകോടിയിലെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം വിപുലീകരിക്കാനും കൂടുതൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ശൈഖ് ഖാലിദ് ചർച്ച ചെയ്തു. മുൻനിര സാങ്കേതിക മേഖലകളിൽ സഹകരണം വർധിപ്പിക്കൽ, വിജ്ഞാന കൈമാറ്റം, ശേഷിവികസനം, ദേശീയ പ്രതിഭകളുടെ വളർച്ച എന്നിവയിൽ ഊന്നൽ നൽകിയാണ് ചർച്ച നടന്നത്.
എ.ഐ മേഖലയിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും വർധിപ്പിക്കാനുമാണ് യു.എ.ഇ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യു.എ.ഇ സന്ദർശനത്തിനിടെ, അബൂദബിയിൽ 5 ഗിഗാവാട്ട് ശേഷിയുള്ള യു.എ.ഇ–യു.എസ് എ.ഐ കാമ്പസ് സ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. 26 ചതുരശ്ര കി.മീറ്റർ വിസ്തൃതിയുള്ള ഈ പദ്ധതി ജി42 എന്ന യു.എ.ഇ കമ്പനിയാണ് നിർമിക്കുന്നത്. ഇതടക്കം വലിയ എ.ഐ പദ്ധതികൾ നടപ്പിലാക്കുന്ന യു.എ.ഇയുടെ എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ പങ്കാളിത്തം ഏറെ സുപ്രധാനമാണ്. ഉച്ചകോടി വെള്ളിയാഴ്ചയാണ് സമാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.