അലൻ റൂമി
ദുബൈ: പാപമോചനത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും മാസമായ വിശുദ്ധ റമദാനിൽ മനസ്സിന് കുളിരേകുന്ന ഒരു വാർത്ത സമ്മാനിക്കുകയാണ് പ്രവാസികളായ മലയാളി ദമ്പതികൾ. ആറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പിഞ്ചോമനയെ കാറപകടത്തിൽ നഷ്ടപ്പെട്ട വേദനയിൽ ഉള്ളകം വേവുമ്പോഴും വിശുദ്ധ റമദാനിനെ സാക്ഷിയാക്കി കാർ ഡ്രൈവർക്ക് നിരുപാധികം മാപ്പുനൽകാൻ തയാറായിരിക്കുകയാണീ കുടുംബം. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്‌നയുമാണ് ലോക മനസ്സാക്ഷിയെ ആർദ്രമാക്കുന്ന ധീരമായ തീരുമാനം കൈകൊണ്ടത്.
അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവർക്ക് മാപ്പു നൽകാൻ തയാറാണെന്ന് കുടുംബം അറിയിച്ചതായി ‘ഖലീജ് ടൈംസാ’ണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം ഷാർജ പൊലീസിനെയും കുടുംബ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്ന പ്രവാസ ലോകത്തെ കണ്ണീരാഴ്ചത്തിയ ദാരുണമായ അപകടം. പ്രവാസിയായ ഉപ്പയെ കാണാനായി സന്ദർശക വിസയിൽ ഉമ്മയോടൊപ്പം എത്തിയതായിരുന്നു രണ്ട് വയസ്സുകാരൻ അലൻ റൂമി. വൈകീട്ട് ഉമ്മയോടൊപ്പം പുറത്തിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായ അപകടം സംഭവിച്ചത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശന കാലയളവിലാണ് ഉള്ളുലക്കുന്ന മഹാ ദുരന്തം കുടുംബത്തിന് വന്ന് ചേർന്നത്.
ഉമ്മയുടെ കൈയിൽനിന്ന് വഴുതിമാറിയ അലനെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി നോക്കുകയാണ് പിതാവ് ഷറഫുദ്ദീൻ. മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കിയ ശേഷം കുടുംബം നാട്ടിലേക്ക് തിരികെ പോവുകയായിരുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് കേസ് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. തുടർ നടപടികൾ ഇനി കോടതി തീരുമാനിക്കണം. അപകടത്തിൽപെട്ട കാർ ഡ്രൈവറും പ്രവാസിയാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.