ഷാർജ: എമിറേറ്റിൽ സർക്കാർ മേൽനോട്ടത്തിലുള്ള ഏകീകൃത മീഡിയ ഹബ് സ്ഥാപിക്കും. ഷാർജ മീഡിയ സിറ്റിയിലാണ് പുതിയ കേന്ദ്രങ്ങൾ അവതരിപ്പിക്കുന്നത്. ഷാർജയിലെ മാധ്യമരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ഷാർജ മീഡിയ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ സംയോജിപ്പിക്കുന്നതിനുള്ള മികച്ച മാതൃകയായിരിക്കും മീഡിയ ഹബ്. ഇതുൾപ്പെടെ വിവിധ പദ്ധതികൾക്ക് ചൊവ്വാഴ്ച യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി.
ഷാർജ ഉപഭരണാധികാരിയും കിരീടാവകാശിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ താൽപര്യപ്രകാരമാണ് മീഡിയ ഹബ് രൂപവത്കരിക്കുന്നതിനുള്ള തീരുമാനം. ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ മേൽനോട്ടത്തിലായിരിക്കും മീഡിയ ഹബിന്റെ ഏകോപനവും പ്രവർത്തനവും. ഷാർജ സർക്കാറിന്റെ അംഗീകാരമുള്ള ഷാർജ മീഡിയ കൗൺസിൽ, ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ, ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി, ഷാർജ മീഡിയ സിറ്റി എന്നിവയെ ഒരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ‘ശംസ്’ ഇതിന്റെ ആസ്ഥാനമായി പ്രവർത്തിക്കും.
നവീകരണം, അന്താരാഷ്ട്ര പങ്കാളിത്തം, ആധുനിക സാങ്കേതിക വിദ്യകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നൂതനമായ മാധ്യമ മേഖല കെട്ടിപ്പടുക്കാനുള്ള വിവിധ പദ്ധതികൾ ഉൾപ്പെടുന്നതാണ് ‘ശംസ്’ പദ്ധതിയെന്ന് ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് പറഞ്ഞു. പ്രമുഖ നിർമാണ കമ്പനികളെയും ഉള്ളടക്ക നിർമാതാക്കളെയും ആകർഷിക്കാനുള്ള എമിറേറ്റിന്റെ കഴിവ് വർധിപ്പിക്കുന്നതിനായി ‘ശംസ് സ്റ്റുഡിയോ’യും സ്ഥാപിക്കും. ദേശീയ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മീഡിയ മേഖലകളിൽ അവരുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനുമുള്ള പ്രഫഷനൽ പ്ലാറ്റ്ഫോം ഒരുക്കും.
15,00നും 3,400 ഇടയിൽ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അഞ്ച് സ്റ്റുഡിയോകൾ ഉൾപ്പെടുന്ന കോംപ്ലക്സ് ആണ് നിർമിക്കുക. സിനിമ, നാടകം, ഉള്ളടക്ക നിർമാതാക്കൾ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിലായിരിക്കും ‘ശംസ് സ്റ്റുഡിയോ’. എഡിറ്റിങ് റൂമുകൾ, വിഷ്വൽ ഇഫക്ട് യൂനിറ്റുകൾ, സൗണ്ട് ഡിസൈൻ സ്റ്റുഡിയോകൾ എന്നിവ ഉൾപ്പെടെ പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.