സിവിലിയൻ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച്​ യു.എ.ഇ

ദുബൈ: മേഖലയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആക്രമണ ഭീഷണികളെയും ശക്തമായി അപലപിച്ച്​ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ. സ്കൂളുകൾ, സർവകലാശാലകൾ, ആശുപത്രികൾ, ജല ശുദ്ധീകരണ പ്ലാന്റുകൾ, ഊർജ കേന്ദ്രങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, താമസ മേഖലകൾ എന്നിവയെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളും വ്യവസ്ഥകളും ലംഘിക്കുന്ന ഗുരുതരമായ കുറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ല. ഇവ കാരണം സാധാരണ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ലക്ഷക്കണക്കിന് ആളുകൾ ഭീതിയിലാകുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഊർജ സ്ഥാപനങ്ങൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അന്താരാഷ്ട്ര കടൽപാതകൾ എന്നിവയെ സൈനിക ലക്ഷ്യങ്ങളാക്കുന്നത് രാജ്യങ്ങളുടെ സുരക്ഷ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെയും നിർണായക വിതരണ ശൃംഖലകളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധത്തിന്റെ ഭാഗമല്ല. അവയെ ലക്ഷ്യമിടുന്നത് അപകടകരമായ പ്രവൃത്തിയാണെന്നും ഒരിക്കലും അംഗീകരിക്കാനാകാത്ത ‘ചുവപ്പു രേഖ’യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുതാപരമായ നടപടികൾ ഉടൻ അവസാനിപ്പിക്കണം. സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കാൻ ഒരു വിട്ടുവീഴ്ചയും കൂടാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - UAE condemns attacks against civilian centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.