ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വൈദ്യസഹായങ്ങളും ആരോഗ്യ സാമഗ്രികളും എത്തിക്കുന്നതിനായി ‘ദുബൈ ഹ്യുമാനിറ്റേറിയൻ’ പുതിയ എയർബ്രിഡ്ജ് സൗകര്യം ആരംഭിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിർദേശപ്രകാരമാണിത്.
ഗസ്സയിൽ അനുഭവപ്പെടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധിക്കും മാനുഷിക ദുരിതങ്ങൾക്കും ആശ്വാസമേകാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വിമാനം 11 മെട്രിക് ടൺ അവശ്യമരുന്നുകളുമായി രണ്ടു ദിവസം മുമ്പ് പുറപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മരുന്നുകൾ, ടെന്‍റുകൾ, പോഷകഗുണമുള്ള ബിസ്കറ്റുകൾ എന്നിവ വഹിച്ച് മൂന്ന് വിമാനങ്ങൾ കൂടി ഗസ്സയിലേക്ക് തിരിച്ചു.
ഈ നാല് സർവീസുകളിലൂടെ അടിയന്തര വൈദ്യസഹായത്തോടൊപ്പം താൽക്കാലിക അഭയകേന്ദ്രങ്ങളും പോഷകാഹാരങ്ങളും ദുരിതബാധിതർക്ക് നൽകാൻ സാധിക്കും. വരും ആഴ്ചകളിൽ ലോകാരോഗ്യ സംഘടനയുടെ ആകെ 150 മെട്രിക് ടൺ വൈദ്യസഹായങ്ങളും ആരോഗ്യ സംരക്ഷണ സാമഗ്രികളും ഗസ്സയിൽ എത്തിക്കുന്നതിനുള്ള വിപുലമായ ദൗത്യത്തിന്റെ ഭാഗമായാണ് ഈ സർവിസുകൾ.
ദുബൈ ഹ്യുമാനിറ്റേറിയന്‍റെ ആസ്ഥാനത്തുള്ള ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ലോജിസ്റ്റിക്‌സ് സെന്‍ററിൽ മുൻകൂട്ടി സംഭരിച്ചുവെച്ചിരുന്ന വസ്തുക്കളാണ് വിമാനങ്ങളിൽ അയക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തര സഹായമെത്തിക്കാനുള്ള ദുബൈയുടെ ആഗോള ശൃംഖലയുടെ കാര്യക്ഷമത അടിവരയിടുന്നതാണ് ഈ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.