ദോഹ: നികുതിദായകർക്ക് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിന് ദരീബ പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ മീറ്റിങ് ബുക്കിങ് സേവനം ആരംഭിച്ച് ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ). നികുതിദായകരുമായി ആശയവിനിമയം കൂടുതൽ സുഗമമാക്കുന്നതിനും അതോറിറ്റിയുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
നികുതി സംബന്ധമായ സംശയങ്ങൾ, വിവരങ്ങൾ, മറ്റു കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥരുമായും അതത് വകുപ്പുകളിലെ വിദഗ്ധരുമായും കൂടിക്കാഴ്ചക്ക് അപേക്ഷിക്കാൻ ഈ സേവനത്തിലൂടെ സാധിക്കും. ഈ സേവനത്തിലൂടെ നികുതിദായകർക്ക് തങ്ങൾക്ക് അനുയോജ്യമായ സമയവും ചർച്ച ചെയ്യേണ്ട വിഷയവും മുൻകൂട്ടി അറിയിക്കാം.
കൂടിക്കാഴ്ചക്ക് ആവശ്യമായ വിവരങ്ങളും രേഖകളും അപേക്ഷയോടൊപ്പം മുൻകൂട്ടി അപ്ലോഡ് ചെയ്യാം. ഇത് ഉദ്യോഗസ്ഥർക്ക് വിഷയം പഠിക്കാനും കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും സഹായിക്കും.
ധരീബ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്ത്, നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം തൗതീഖ് വഴി രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടാതെ, അപേക്ഷയുടെ നിലവിലെ സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാനും സാധിക്കും. നികുതി നടപടിക്രമങ്ങൾ ലളിതമാക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് ജി.ടി.എ വ്യക്തമാക്കി. കൂടാതെ, നികുതിദായകർക്കിടയിൽ കൃത്യമായ അവബോധം വളർത്താനും നിയമങ്ങൾ കൂടുതൽ കാര്യക്ഷമമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഇത് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.