പ്രതിസന്ധിക്കിടയിലും ലാഭമുണ്ടാക്കി എയർ അറേബ്യ

ഷാർജ: ഗൾഫ് മേഖലയിലെ സംഘർഷമുണ്ടാക്കിയ പ്രതിസന്ധിക്കിടയിലും ലാഭമുണ്ടാക്കി ഷാർജയുടെ വിമാനകമ്പനിയായ എയർ അറേബ്യ. ഈവർഷം ആദ്യ പകുതിയിൽ 37. 4 കോടി ദിർഹം ലാഭമുണ്ടാക്കാൻ എയർ അറേബ്യക്ക് കഴിഞ്ഞു. എന്നാൽ, ലാഭത്തിൽ 51 ശതമാനം ഇടിവുണ്ടായെന്ന് കണക്കുകൾ പറയുന്നു.

കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുന്ന മിഡിലീസ്റ്റിലെ ആദ്യ ലോ കോസ്റ്റ് വിമാനകമ്പനിയാണ് ഷാർജയുടെ എയർ അറേബ്യ. ഈവർഷം ആദ്യ ആറുമാസത്തെ കണക്ക് പ്രകാരം 348 കോടി ദിർഹമാണ് കമ്പനിയുടെ വരുമാനം. ലാഭം 37. 4 കോടി ദിർഹം. എന്നാൽ, കഴിഞ്ഞവർഷം ഇതേ കാലയളവിലെ ലാഭവുമായി താരതമ്യം ചെയ്താൽ 51 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 87 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ ആറുമാസത്തിനിടെ എയർ അറേബ്യ വിമാനങ്ങളിൽ യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ 14 ശതമാനത്തിന്‍റെ കുറവുണ്ടായതായും കണക്കുകൾ പറയുന്നു. ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും, ഇന്ധനവില കുത്തനെ ഉയർന്നതും വരുമാനത്തെ ബാധിച്ചിട്ടുണ്ടെന്ന് എയർ അറേബ്യ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു. എങ്കിലും, പ്രതിസന്ധികാലത്തെ കമ്പനിയുടെ പ്രകടനം എയർ അറേബ്യ എന്ന ബിസിനസ് മോഡലിന്‍റെ വിജയമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Air Arabia makes a profit despite the crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.