ദുബൈ: വേനൽച്ചൂടിലും നേരിട്ടുള്ള സൂര്യപ്രകാശത്തിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബൈ നടപ്പാക്കിയ ‘സമ്മർ വിത്തൗട്ട് റിസ്ക്സ്’ (അപകട രഹിത വേനൽ) പദ്ധതിയിലൂടെ 8,350 തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നടത്തി. വേനൽക്കാലത്ത് ഉയർന്ന താപനില മൂലമുണ്ടാകുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ച് തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കുകയും മുൻകരുതൽ നടപടികൾ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജൂൺ 16ന് ആരംഭിച്ച പദ്ധതി ആഴ്ചകളോളം നീണ്ടു. തൊഴിലാളികളുടെ സാന്നിധ്യം കൂടുതലുള്ള മുഹൈസ്ന, അൽ മങ്കൂൾ, അൽ ജദ്ദാഫ്, അൽ ഖുസൈസ്, അൽ മുറഖബാത്ത് എന്നിവിടങ്ങളിലാണ് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.
ചൂടിൽ ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ആരോഗ്യകരമായ തൊഴിൽശീലങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിവിധ ഭാഷകളിൽ ബോധവത്കരണം നൽകി. ഇതോടൊപ്പം ജോലി സ്ഥലങ്ങളിൽതന്നെ ആരോഗ്യ പരിശോധനക്കുള്ള സൗകര്യവും ഒരുക്കി. ഏകദേശം 28 ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തിലാണ് 8,350 പരിശോധനകൾ നടത്തിയത്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നത് സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ജി.ഡി.ആർ.എഫ്.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
ഡ്രൈഡോക്സ് വേൾഡ് ദുബൈ, ഗ്രാൻഡ് ഇൻഫിനിറ്റി ഹെൽത്ത്കെയർ ഗ്രൂപ്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.