യു.എ.ഇ പ്രോ ലീഗ് സീസണിന്​ ഇന്ന്​ പന്തുരുളും; മുന്നേറ്റം തുടരാൻ അൽ ഐൻ, മിന്നുന്ന മാറ്റങ്ങളുമായി ക്ലബുകളും

ദുബൈ: രാജ്യത്തെ ചാമ്പ്യൻ ടീമിനെ നിശ്ചയിക്കാനുള്ള 2026-2027 അഡ്നോക് പ്രൊഫഷനൽ ലീഗ് ഫുട്ബാൾ സീസണിന്​ ഇന്ന്​ പന്തുരുളും. വൈകീട്ട്​ 6.10ന്​ ദുബൈ അൽ നസർ ക്ലബും കൽബ എഫ്​.സിയും തമ്മിലാണ്​ സീസണിലെ ആദ്യ മത്സരം. രാത്രി 8.45ന്​ നടക്കുന്ന രണ്ടാം മത്സരത്തിൽ അൽ വഹ്​ദയും അജ്​മാനും ഏറ്റുമുട്ടും.

കഴിഞ്ഞ സീസണിൽ തോൽവിയറിയാതെ ലീഗ്, കപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ നിലവിലെ ചാമ്പ്യന്മാരായ അൽ ഐൻ, പുതിയ പ്രോ ലീഗ് സീസണിലും നിറഞ്ഞ കിരീട പ്രതീക്ഷകളോടെയാണ് പോരിനിറങ്ങുന്നത്. പരിശീലകൻ വ്ലാഡിമിർ ഇവിച്ചിന് കീഴിൽ ബൂട്ടുകെട്ടുന്ന അൽ ഐൻ, നിർണായക മാറ്റങ്ങളുമായാണ്​ പുതുസീസണിൽ കച്ചമുറുക്കുന്നത്​. ക്ലബ്ബിൽ ഏഴുവർഷം നിറഞ്ഞുകളിച്ച്​ 164 ഗോളുകൾ നേടിയ ടോഗോ താരം കോഡ്ജോ ലാബയെ ചെയ്ത അൽ ഐൻ, പകരം വൻതുക ചെലവിട്ട്​ ഗ്രീക്ക് സ്ട്രൈക്കർ ജിയോർഗോസ് ഗിയാകൂമാക്കിസിനെ അണിയിലെത്തിച്ചു. ഓസ്ട്രിയൻ താരം വാലന്‍റിനൊ ലസാരോയും ടീമിലെത്തിയിട്ടുണ്ട്​.

അൽ ഐനിൽനിന്ന് ലാബ ഇക്കുറി കൂടുമാറിയെത്തുന്നത്​ ഷാർജ എഫ്.സിയിൽ. ഈജിപ്ഷ്യൻ താരം അബ്ദുൽ കരീം മുസ്തഫ, ഡി.ആർ കോംഗോ താരം ചാൾസ് പിനാകെൽ, ബ്രസീലിയൻ വിംഗർ ജൂലിമാർ തുടങ്ങിയവർ കോച്ച് ജോസ് മൊറൈസിന്‍റെ കീഴിൽ ഷാർജക്കായി കളത്തിലിറങ്ങും. അതേസമയം, കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ഷബാബ് അൽ അഹ്‌ലി മുൻ ബ്രസീൽ അണ്ടർ-23 പരിശീലകൻ ആന്ദ്രേ ജാർഡിന്‍റെ കീഴിലാണ് ഇത്തവണ കിരീടത്തിന്​ കോപ്പുകൂട്ടുന്നത്. കോവൻട്രി സിറ്റിയുടെ ജാഹ്നോ മാർക്കലോയെ ടീമിലെത്തിച്ച അവർ ഇറാനിയൻ സ്ട്രൈക്കർ സർദാർ അസ്മൂന്‍റെ ഫോമിലാണ് വലിയ പ്രതീക്ഷ വെക്കുന്നത്.അബൂദബി ക്ലബുകളിലും ഇക്കുറിവലിയ മാറ്റങ്ങളാണ്. യു.എ.ഇ ദേശീയ ടീമിന്‍റെ പരിശീലകസ്ഥാനമൊഴിഞ്ഞ റൊമാനിയൻ കോച്ച് കോസ്മിൻ ഒലാറോയുവ്​ ലീഗിൽ അൽ ജസീറയുടെ പരിശീലകനാണ്​. അൽ ഐൻ, ഷബാബ് അൽ അഹ്‌ലി, ഷാർജ എന്നീ ക്ലബുകൾക്ക് കിരീടം നേടിക്കൊടുത്ത അദ്ദേഹത്തിന്‍റെ വരവ് അൽ ജസീറക്ക്​ ഏറെ ആവേശം പകരുന്നുണ്ട്​.

ഇറ്റാലിയൻ ഫുട്ബാൾ ഇതിഹാസം ആന്ദ്രെ പിർലോയാണ് ഇത്തവണ യു.എ.ഇ പ്രോ ലീഗിലെ ഏറ്റവും വലിയ ആകർഷണം. നവാഗതരായ ദുബൈ യുനൈറ്റഡ് എഫ്.സിയെ തങ്ങളുടെ കന്നി പ്രോ ലീഗ് യോഗ്യതയിലേക്ക് നയിച്ച പിർലോ, പുതിയ സീസണിലും പരിശീലകനായി കൂടെയുണ്ടാകും.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ പൊലീസ്​ സ്റ്റേഡിയങ്ങളിലും കായിക വേദികളിലും സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലീസ് ഓർമിപ്പിച്ചു. മത്സരങ്ങളോടനുബന്ധിച്ച്​ ദുബൈ പൊലീസ് നടപ്പാക്കുന്ന ‘നിങ്ങളുടെ സഹകരണം ഞങ്ങളുടെ സന്തോഷം’ എന്ന വാർഷിക ബോധവൽക്കരണ പ്രചാരണത്തിന്‍റെ പുതിയ പതിപ്പിനും തുടക്കമായി.

Tags:    
News Summary - The UAE Pro League season kicks off today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.